'പെണ്ണിന് പകരം കാറിനെ പ്രണയിച്ചവന്‍'! ഡിവോഴ്‌സിന് പിന്നാലെ കാറുകള്‍ വാങ്ങിക്കൂട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വാങ്ങുന്ന കാര്യത്തില്‍ സിനിമ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു സംഘം ക്രിക്കറ്റ് താരങ്ങളാണ്. സിനിമാ താരങ്ങളുടെ അത്ര തന്നെയോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെയോ ആരാധകര്‍ ഉണ്ട് ക്രിക്കറ്റര്‍മാര്‍ക്ക്. ബിസിസിഐ നല്‍കുന്ന വാര്‍ഷിക ശമ്പളം, ഐപിഎല്‍ വേതനം, പരസ്യചിത്രങ്ങളില്‍ നിന്നുള്ള പണം എന്നിവയെല്ലാം ചേര്‍ക്കുമ്പോള്‍ ക്രിക്കറ്റര്‍മാരും കോടീശ്വരന്‍മാരായി മാറുന്നു. കാറുകളോട് കമ്പമുള്ള കളിക്കാര്‍ തങ്ങളുടെ വാഹന നിര ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നു. നിലവില്‍ ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇന്ത്യന്‍ താരം അടുത്തിടെ ഒരു പുതിയ കാര്‍ കൂടി ഗരാജിലേക്ക് ചേര്‍ത്തു. അത് ആരാണെന്ന് നോക്കാം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വര്‍ഷം ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഏറെ പ്രശംസ നേടിയ കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പോലും കൂക്കുവിളിയേല്‍ക്കേണ്ടി വന്നിരുന്നു ഈ ബറോഡക്കാരന്. എന്നാല്‍ ദക്ഷിണാഫ്രക്കക്കെതിരായ ലോകകപ്പ് ഫൈനലില്‍ നിര്‍ണായാക ഓവര്‍ എറിഞ്ഞ് ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്ക്‌വഹിച്ച ഹര്‍ദിക് നാടിന്റെ അഭിമാനമായിരുന്നു.

വ്യക്തി ജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞ ഹര്‍ദിക്കിന് ഇപ്പോള്‍ ഏറ്റവും ഇഷ്ടം കാറുകളോടാണെന്നാണ് തോന്നുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലെക്‌സസ് LM 350h ആഡംബര എംപിവി വാങ്ങിയ ഹര്‍ദിക് ഇപ്പോള്‍ തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്. ഒരു പുത്തന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 1.6 കോടി രൂപയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ വില. സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റര്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാണ്.
കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കാറിന്റെ വളയം പിടിക്കുന്നതും പാണ്ഡ്യയാണ്. സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള SE ഡൈനാമിക് വേരിയന്റാണ് ഹര്‍ദിക് തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ മെര്‍സിഡീസ് ബെന്‍സ് G63 AMG-യുടെ അതേ മാതൃഷയില്‍ '1234' എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റും കാറിന് നല്‍കി.

അഗ്രസീവ് സ്‌റ്റൈലിംഗ് ലഭിക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ പുതിയ തലമുറ പതിപ്പാണ് ഹര്‍ദിക് വാങ്ങിയിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍ തുടങ്ങിയവയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. 22 ഇഞ്ച് അലോയ് വീലുകളിലാണ് ഈ കാര്‍ ഓടുന്നത്.
റേഞ്ച് റോവര്‍ മോഡലിന്റെ അകത്തളവും സമ്പന്നമാണ്. ഹീറ്റിംഗും വെന്റിലേഷനുമുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ ക്രമീകരിക്കാവുന്ന റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 11.4 ഇഞ്ച് റിയര്‍-സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ടോടുകൂടിയ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ക്വാഡ്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, 360-ഡിഗ്രി ക്യാമറ,
എന്നിവയാണ് ഈ കാറില്‍ വരുന്ന ചില സുപ്രധാന ഫീച്ചറുകള്‍.
അഡാപ്റ്റീവ് ഹൈറ്റ് കണ്‍ട്രോളോടുകൂടിയ എയര്‍ സസ്‌പെന്‍ഷന്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), രണ്ട് ഓഫ്-റോഡ് മോഡുകളുള്ള ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിനായുള്ള ടെറൈന്‍ റെസ്പോണ്‍സ് എന്നിവയും റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 പെട്രോള്‍ എഞ്ചിനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് കരുത്ത് പകരുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഔഡി A6, ലംബോര്‍ഗിനി ഹുറാകാന്‍ EVO, റേഞ്ച് റോവര്‍ വോഗ്, എലൈറ്റ് റോള്‍സ് റോയ്സ്, പോര്‍ഷ കയെന്‍ എന്നിവയാണ് ഹാര്‍ദിക്കിന്റെ മറ്റ് കാറുകൾ. 2024-ലെ കണക്കുകള്‍ പ്രകാരം ഹര്‍ദിക് പാണ്ഡ്യയുടെ ആസ്തി 91 കോടി രൂപയാണ്. ബിസിസിഐയുടെ എ ഗ്രേഡ് കളിക്കാരനായ പാണ്ഡ്യക്ക് വാര്‍ഷിക ശമ്പളമായി 5 കോടി കിട്ടും. 15 കോടി രൂപയാണ് ഐപിഎല്ലില്‍ ഹര്‍ദിക്കിന് മുംബൈ ഇന്ത്യന്‍സ് നല്‍കുന്ന വേതനം.


Click it and Unblock the Notifications








