ഗരാജിലെത്തിച്ചത് രണ്ടാമത്തെ ലാന്‍ഡ് റോവര്‍; ഈ 'ബ്ലഡി റിച്ച്' ക്രിക്കറ്ററെ മനസ്സിലായോ?
നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് എന്ന കായിക വിനോദം എത്രത്തോളം വേരൂന്നിയിട്ടുണ്ടെന്ന കാര്യം ഓരോ ലോകകപ്പും വരുമ്പോള്‍ നമുക്ക് മനസ്സിലാകാറുണ്ട്. സിനിമ താരങ്ങള്‍ക്കും മറ്റ് പ്രശസ്ത വ്യക്തികള്‍ക്കും കിട്ടുന്ന അതേ അംഗീകാരവും പരിഗണനയുമെല്ലാം ക്രിക്കറ്റര്‍മാര്‍ക്കും കിട്ടുന്നുണ്ട്. കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ താരങ്ങളും കോടീശ്വരന്‍മാരായി. മാച്ച്ഫീസുകള്‍ക്കൊപ്പം പരസ്യവരുമാനത്തിലൂടെയും അവര്‍ കോടികള്‍ സമ്പാദിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യമായ ഘടകമാണ് കെഎല്‍ രാഹുല്‍. ഓപണിംഗോ മധ്യനിരയിലോ ഏത് നമ്പറിലും ഇന്ത്യന്‍ ടീമിന് ഇറക്കാന്‍ ധൈര്യമുള്ള ബാറ്ററായ രാഹുല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റ് കീപ്പറുടെ റോളും ഏറ്റെടുക്കും. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 2023 പുരുഷന്‍മാരുടെ ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇന്ത്യയുടെ പ്രകടനത്തില്‍ രാഹുല്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

ഐപിഎല്ലിലെ മിന്നും താരങ്ങളില്‍ ഒരാള്‍ കൂടിയായ രാഹുല്‍ ലഖ്‌നോ ടീമിന്റെ നായകന്‍ കൂടിയാണ്. മികച്ച ഒരു വാഹന പ്രേമി കൂടിയാണ് രാഹുല്‍. ഇപ്പോള്‍ ഒരു പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കാര്‍ സ്വന്തമാക്കി തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് രാഹുല്‍. കറുത്ത നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ആണ് രാഹുല്‍ സ്വന്തമാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവിയായ ഡിഫെന്‍ഡറിന് 1.5 കോടി രൂപയാണ് എക്സ്ഷോറൂം വില.
കെഎല്‍ രാഹുലിന്റെ പുതിയ ഡിഫെന്‍ഡര്‍ 110 കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കാര്‍സ് ഫോര്‍യൂ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുലിനെ കൂടാതെ നിരവധി ഇന്ത്യന്‍ വ്യവസായികളും അടുത്തകാലത്തായി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 കാര്‍ വാങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്ന് കൂടിയാണ് ഡിഫെന്‍ഡര്‍.

ആരെയും ആകര്‍ഷിക്കുന്ന ലുക്ക് തന്നെയാണ് ലക്ഷ്വറി എസ്‌യുവിയിലേക്ക് സെലിബ്രിറ്റികളെ അടുപ്പിക്കുന്നത്. സമയാസമയത്ത് ഡിഫെന്‍ഡറിന് ലാന്‍ഡ് റോവര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ ഇത് എന്നും പുതുമയോടെ നില്‍ക്കുന്നു. 3 ഡോര്‍ ഷോര്‍ട് വീല്‍ബേസ് (SWB), 5 ഡോര്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പുകളിലാണ് ഡിഫെന്‍ഡര്‍ വില്‍ക്കുന്നത്. ചെറിയ 3-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 90 എന്നും 5-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 110 എന്നും വിളിക്കുന്നു.
ഡിഫെന്‍ഡര്‍ 110 മോഡലാണ് കെഎല്‍ രാഹുല്‍ സ്വന്തമാക്കിയത്. മൂന്നുവരി സീറ്റിംഗ് ഓപ്ഷനിലും എസ്‌യുവി ചില വിദേശ വിപണികളില്‍ ലഭ്യമാണ്. ഡിഫെന്‍ഡര്‍ 130 എന്നാണ് അതിന്റെ പേര്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും. ഇതില്‍ ഡീസല്‍ എഞ്ചിനാണ് രാഹുല്‍ തെരഞ്ഞെടുത്തതെന്നാണ് സൂചന.

3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 296 bhp പവറില്‍ 650 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് . 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. ലുക്കിനോടൊപ്പം തന്നെ ഡിഫെന്‍ഡറിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ഓഫ്‌റോഡിംഗ് ശേഷിയാണ്. പരുക്കന്‍ ട്രാക്കുകളില്‍ പോലും മികച്ച നിയന്ത്രണത്തോടെ ഓടിക്കാന്‍ കഴിയുമെന്നതിനാല്‍ ഡിഫെന്‍ഡറിനെ വിശ്വസിച്ച് ഓഫ്‌റോഡിംഗിന് കൊണ്ടുപോകാം. ഇക്കാരണം കൊണ്ട് തന്നെ ഡിഫെന്‍ഡര്‍ തെരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ഈ കാറിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ഡിഫെന്‍ഡര്‍ മികച്ചതാണ്.

6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ വിവിധ സുരക്ഷാ ഫീച്ചറുകള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിൽ ഒരുക്കിയിട്ടുണ്ട്. ജീപ്പ് റാംഗ്ലര്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പ്രധാന എതിരാളി.
ഡിഫെന്‍ഡര്‍ കൂടാതെ ഒരുപിടി ആഡംബര കാറുകള്‍ രാഹുലിന്റെ ഗരാജിലുണ്ട്. ക്രിക്കറ്ററുടെ കാര്‍ ശേഖരത്തിലുള്ള ആദ്യ ലാന്‍ഡ് റോവര്‍ അല്ല ഈ ഡിഫെന്‍ഡര്‍. റേഞ്ച് റോവര്‍ വെലാര്‍ 4X4 രാഹുലിന്റെ പക്കലുണ്ട്. ഇത് കൂടാതെ ബിഎംഡബ്ല്യു X5, ലംബോര്‍ഗിനി ഹുറകാന്‍ സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, മെര്‍സിഡീസ് C43 AMG എന്നീ കാറുകളും രാഹുലിന്റെ സ്വന്തമാണ്. ആദ്യം സ്വന്തമാക്കിയ കാറെന്ന നിലയില്‍ മെര്‍സിഡീസ് സലൂണിനോട് രാഹുലിന് ഒരു പ്രത്യേക മമതയുണ്ട്.


Click it and Unblock the Notifications








