ഋഷഭ് പന്തിന്റെ Mercedes ഡിവൈഡറിലിടിച്ച് തീപിടിച്ചു; താരത്തിന് പരിക്ക്; കാര്‍ കത്തിനശിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ പന്ത് സഞ്ചരിച്ച മെര്‍സിഡീസ് ബെന്‍സ് കാറിന് ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപം നര്‍സാന്‍ ബോര്‍ഡറിലായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച് കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് പന്തിന് പൊള്ളലേറ്റു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
അപകടത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വണ്ടിയോടിക്കുമ്പോള്‍ തനിക്ക് ചെറിയ രീതിയില്‍ ഉറക്കം വന്നുവെന്ന് പന്ത് സമ്മതിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഋഷഭ് പന്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന സമയത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ വ്യക്തമാക്കി. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് 25-കാരനെ പുറത്തെത്തിച്ചത്.

തലക്കും കാല്‍മുട്ടിനും കണങ്കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ചികിത്സക്കായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി താരത്തെ ഉടന്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി ഡല്‍ഹിയില്‍ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഋഷഭ് സഞ്ചരിച്ച മെര്‍സിഡീസ് കാര്‍ റെയിലിംഗില്‍ ഇടിച്ച ശേഷം കാറില്‍ തീപിടരുകയായിരുന്നുവെന്നാണ് സൂചന. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് വിവരം.
അതേ സമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിനെ ഡല്‍ഹി റോഡിലെ സക്ഷം ആശുപത്രിയില്‍ ആണ് ആദ്യം പ്രവേശിപ്പിച്ചത്.ക്രിക്കറ്റ് താരം ഋഷഭ് പന്ത് വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയിലേക്കായിരുന്നു കാറില്‍ പുറപ്പെട്ടത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയാണ് പന്തിന്റെ ജന്മനാട്. ന്യൂഡല്‍ഹിയില്‍ നിന്ന് നര്‍സന്‍ ടൗണില്‍ എത്തിയപ്പോള്‍ അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രാദേശത്തെ സിസിടിവി ക്യാമറകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അപകടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ഡിവൈഡറില്‍ ഇടിച്ച കാര്‍ ഉടന്‍ തീപിടിച്ചു. അപ്പോഴേക്കും നാട്ടുകാരും പോലീസും സ്ഥലത്തെത്തി. അപകടം നടന്നയുടന്‍ നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. അഗ്‌നിശമന സേനയുടെ വാഹനം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഉടന്‍ ഡല്‍ഹി റോഡിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി.
ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വേണ്ട എല്ലാവിധ ചികിത്സ സൗകര്യങ്ങളും മുന്‍ഗണന അടിസ്ഥാനത്തില്‍ ചെയ്ത് കൊടുക്കണമെന്ന് നിര്‍ദേശം നല്‍കി. അടുത്തിടെ ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നു.
കെഎല്‍ രാഹുലിന്റെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം 2-0 മാര്‍ജിനില്‍ പരമ്പര വിജയിച്ചിരുന്നു. ധോണി വിരമിച്ചതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റിലെയും സ്ഥിരം വിക്കറ്റ് കീപ്പറാണ് പന്ത്.

അടുത്തതായി നടക്കാന്‍ പോകുന്ന ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ആന്‍ഡ്രു ഫ്‌ലിന്‍േറാഫിനും കാറപകടത്തില്‍ പരിക്കേറ്റിരുന്നു. ബിബിസി ടെലിവിഷന്‍ ഷോയായ ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെയുണ്ടായ കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഫ്‌ലിന്റോഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിബിസി ടോപ്പ് ഗിയര്‍ ഷോയുടെ അവതാരകനാണ് 45കാരനായ ഫ്‌ലിന്‍േറാഫ്. ടോപ്പ് ഗിയറിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ആന്‍ഡ്രൂ ഫ്‌ലിന്റോഫിനെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ ചികിത്സക്കെത്തിക്കേണ്ടി വന്നത്.
സറേയിലെ ഡണ്‍സ്ഫോള്‍ഡ് എയറോഡ്രോമിലെ ടെസ്റ്റ് ട്രാക്കിലാണ് സംഭവം. നിലവില്‍ മുന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവന് ഭീഷണിയില്ലെന്ന് ബിബിസി വ്യക്തമാക്കിയിരുന്നു. അമിത വേഗതയല്ല അപകട കാരണമെന്നാണ് അറിയാന്‍ സാധിക്കുന്നത്. മുമ്പ് 2019-ലും ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെ ഫ്‌ലിന്റോഫ് സമാനമായ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് പരിക്കുകളൊന്നും കൂടാതെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അന്ന് രക്ഷപ്പെട്ടിരുന്നു. 'ഫ്രെഡി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫ്‌ലിന്റോഫ് ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2009-ല്‍ 32ാം വയസ്സില്‍ വിരമിക്കുന്നതിന് മുമ്പ് 141 ഏകദിനങ്ങളിലും ഇംഗ്ലീഷ് ജഴ്സിയണിഞ്ഞു.


Click it and Unblock the Notifications








