'ലേഡി സേവാഗ്' ആയിപ്പോയില്ലേ, മിനിമം സ്‌പോര്‍ട്‌സ് കാറെങ്കിലും വേണ്ടേ! സൈബര്‍സ്റ്റര്‍ ഇവി വാങ്ങി ഷഫാലി
ക്രിക്കറ്റ് എന്ന കളിയെ ഒരു മതം കണക്കെ കൊണ്ടുനടക്കുന്ന രാജ്യമാണ് ഇന്ത്യ. ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്തത് ഇന്ത്യയാണ്. ക്ലാസിക് ശൈലിയില്‍ ബാറ്റുവീശുന്ന ബാറ്റര്‍മാര്‍ക്കിടയില്‍ നിന്ന് വ്യത്യസ്തനായി നേരിടുന്ന ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തുന്ന സ്വഭാവക്കാരനായ വീരേന്ദര്‍ സേവാഗ് തന്റെ ഫിയര്‍ലെസ് ആറ്റിറ്റിയൂഡ് കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടി. സേവാഗിന്റെ അതേ ശൈലിയില്‍ ബാറ്റ്‌ചെയ്യുന്ന ഒരു പെണ്‍പുലി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലുമുണ്ട്. പറഞ്ഞുവരുന്നത് ഷഫാലി വര്‍മയെ കുറിച്ചാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷഫാലി.
തുടക്കകാലത്ത് വീരു ശൈലി ഷഫാലിക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചതിന് ഏറെ പഴികേട്ടു. സമീപകാലത്തായി ദേശീയ ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തു. എന്നാല്‍ വനിത ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിലൊന്നിനാണ് 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ കണ്ടത്. ഒറിജിനല്‍ സ്‌ക്വാഡില്‍ ഇടംകണ്ടെത്താന്‍ പറ്റാതിരുന്ന ഷഫാലി പ്രതിക റാവലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരിയായി ടീമിലെത്തിയത്.

ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം ചൂടിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഷഫാലി കളിയിലെ താരമായി. തന്റെ കഴിവിനെ പുച്ഛിച്ചവര്‍ക്ക് കളിക്കളത്തില്‍ വെച്ചായിരുന്നു 21-കാരിയുടെ മറുപടി. ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് വിവിധ കോണുകളില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ സിയറയുടെ ആദ്യ ഉടമകള്‍ വനിത ടീം അംഗങ്ങള്‍ ആയിരിക്കുമെന്നായിരുന്നു ടാറ്റ മോട്ടോര്‍സിന്റെ പ്രഖ്യാപനം.
ഇപ്പോള്‍ ടാറ്റയില്‍ നിന്നുള്ള ഗിഫ്റ്റ് ലഭിക്കുന്നതിന് മുമ്പേ തന്റെ സ്‌റ്റൈലിനും സ്വഭാവത്തിനും ചേരുന്ന തരത്തിലുള്ള ഒരു പുത്തന്‍ കാര്‍ വാങ്ങി ലോകകപ്പ് വിജയം ആഘോഷിക്കുകയാണ് ഷഫാലി. യുവതാരം പുതിയ എംജി സൈബര്‍സ്റ്റര്‍ സ്വന്തമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയും എംജി ഇന്ത്യ പുറത്തുവിട്ടു. ഒരു ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചുവന്ന പരവതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിനരികില്‍ ഷഫാലി വര്‍മ്മ നില്‍ക്കുന്ന ചിത്രങ്ങളാണ് കമ്പനി പങ്കുവെച്ചത്.

കാറിന്റെ നിറത്തിന് ചേരുന്ന വസ്ത്രം ധരിച്ചാണ് താരം ഡെലിവറി ചടങ്ങില്‍ പങ്കെടുത്തത്. 'ആന്‍ഡസ് ഗ്രേ' നിറത്തിലാണ് ഷഫാലിയുടെ എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സോഫ്റ്റ് ടോപ്പോടുകൂടിയാണ് ഈ കളര്‍ ഓപ്ഷന്‍ വരുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എംജി സൈബര്‍സ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രീമിയം കാറുകള്‍ക്കായുള്ള എംജിയുടെ സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന സൈബര്‍സ്റ്ററിന്റെ 256 യൂണിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഒരൊറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഈ കാറിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില 75 ലക്ഷം രൂപയാണ്. 77kWh ബാറ്ററി പായ്ക്കും, 509bhp പവറും 725Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുമാണ് ഈ മോഡലിന് കരുത്ത് പകരുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 580 കിലോമീറ്റര്‍ (സിഎല്‍ടിസി സൈക്കിള്‍) ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വെറും 3.2 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. വിസ്, കംഫര്‍ട്ട്, സ്പോര്‍ട്, കസ്റ്റം, സൂപ്പര്‍ സ്പോര്‍ട് എന്നീ ഡ്രൈവ് മോഡുകളും സൈബര്‍സ്റ്ററിന് ലഭിക്കുന്നു. 50 കിലോമീറ്റര്‍ വേഗതയില്‍ പോലും മടക്കാന്‍ കഴിയുന്ന റൂഫുമായി വരുന്ന സൈബര്‍സ്റ്ററിന്റെ കണ്‍വെര്‍ട്ടബിള്‍ രൂപം ആകര്‍ഷകമാണ്.
സിസര്‍ ഡോറുകള്‍ തുറന്നാല്‍ മികച്ച ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തുന്ന ഇന്റീരിയറാണ് കാണാനാകുക. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 4 എയര്‍ബാഗുകള്‍, ടിപിഎംഎസ്, ലെവല്‍ 2 ADAS എന്നിവയടക്കമുള്ള ആധുനിക സവിശേഷതകള്‍ കാറില്‍ എംജി ഓഫര്‍ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ് എംജി സൈബര്‍സ്റ്റര്‍ ഇവി. ഹിന്ദി നടന്‍മാരായ ഇബ്രാഹീം അലി ഖാന്‍ ലക്ഷ്യ ലാല്‍വാനി എന്നിവര്‍ സൈബര്‍സ്റ്റര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താരങ്ങള്‍ കാര്‍ ടെസ്റ്റ്‌ഡ്രൈവ് നടത്തിയതാണെന്നാണ് തോന്നുന്നത്. ഈ വില നിലവാരത്തില്‍ സ്‌പോര്‍ട്‌സ് കാറുകളുമായി കട്ടക്ക് നില്‍ക്കുന്ന സൈബര്‍സ്റ്റര്‍ ഭാവിയില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








