കോഹ്‌ലിക്ക് പോലുമില്ല, രാജകീയ എസ്‌യുവി വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ രാജകുമാരന്‍! വില 3.35 കോടി രൂപ
മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഡംബര കാറുകള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡ് ആണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിന് ജര്‍മനിയില്‍ നിന്നുള്ള മറുപടിയെന്ന നിലയിലാണ് മെയ്ബാക്ക് മെര്‍സിഡീസ് കൊണ്ടുവന്നത്. മെയ്ബാക്കില്‍ നിന്നുള്ള കാറുകള്‍ ലോകത്തെ സമ്പന്നരുടെയും സെലിബ്രിറ്റകളുടെയും ഗുഡ്ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഹൈടെക് എസ്യുവികളില്‍ ഒന്നാണ് മെര്‍സിഡസ് മെയ്ബാക്ക് GLS600 (Mercedes Maybach GLS600). യാത്രക്കാര്‍ക്ക് മികച്ച സുഖസൗകര്യങ്ങളും സ്‌റ്റൈലും പ്രദാനം ചെയ്യുന്ന നൂതന സവിശേഷതകളാല്‍ സമ്പന്നമാണ് ഈ എസ്‌യുവി. അതുകൊണ്ടാണ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഇത് ഒരു ജനപ്രിയ ചോയ്‌സായി മാറുന്നത്.
48-വോള്‍ട്ട് ഇലക്ട്രിക്കല്‍ സിസ്റ്റമുള്ള ശക്തമായ 4.0-ലിറ്റര്‍ ബൈടര്‍ബോ V8 എഞ്ചിന്‍ ആണ് കാറിന് കരുത്ത് പകരുന്നത്. EQ സജ്ജീകരണത്തിന്റെ പിന്തുണയോടെ ഈ പവര്‍പ്ലാന്റ് 557 hp പവറും 730 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മെര്‍സിഡീസിന്റെ 4MATIC സിസ്റ്റം ഉപയോഗിച്ച് നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് എസ്യുവിയെ വെറും 4.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു.

MBUX കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായി ലയിപ്പിക്കുന്ന ഒരു വലിയ ട്വിന്‍-ഡിസ്പ്ലേ സജ്ജീകരണം ശ്രദ്ധേയമായ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക്, കാറിനുള്ളിലെ സജ്ജീകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രണ്ട് ടച്ച്സ്‌ക്രീനുകളും സെന്‍ട്രല്‍ കണ്‍സോളില്‍ ഒരു അധിക ടച്ച്പാഡും ഉണ്ട്.
ബര്‍മെസ്റ്റര്‍ 3D സൗണ്ട് സിസ്റ്റം, പ്രീമിയം അപ്‌ഹോള്‍സ്റ്ററി, മികച്ച മെറ്റീരിയലുകള്‍, ഒരു വലിയ പനോരമിക് സണ്‍റൂഫ് എന്നിവയടക്കം നിരവധിആധുനിക സവിശേഷതകള്‍ മെയ്ബാക്ക് GLS 600 എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു. നിലവില്‍ നമ്മുടെ രാജ്യത്ത് ഈ അത്യാഡംബര എസ്‌യുവിയുടെ വില തുടങ്ങുന്നത് 3.35 കോടി മുതലാണ്. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 3.71 കോടി രൂപ വരെ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് പുതിയ മെര്‍സിഡീസ് മെയബാക്ക് GLS 600 സ്വന്തമാക്കിയത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് രണ്ട് മെര്‍സിഡീസ് കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത സഞ്ജു ബാബ മെയ്ബാക്ക് GLS600 മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമാ താരങ്ങള്‍ക്കിടയില്‍ മാത്രമല്ല ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും ഈ കാറിന് ആവശ്യക്കാരുണ്ടെന്ന് തെളിയിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍ (Shubman Gill) ഇതിന്റെ പുത്തന്‍ ഉടമയായിരിക്കുകയാണ്.
ജൂനിയര്‍ ടീമിലൂടെ വരവറിയിച്ച് 2019-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് പഞ്ചാബുകാരനായ ഗില്‍. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി വിലയിരുത്തപ്പെടുന്ന ഗില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സാങ്കേതികത്തികവുറ്റ ബാറ്റിംഗിനൊപ്പം മൂര്‍ച്ചയുള്ള ഫീല്‍ഡിംഗിനും മുന്‍നിര ബാറ്റ്സ്മാന്‍ പ്രശംസിക്കപ്പെടുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച് കഴിവ് തെളിയിച്ച ഗില്‍ അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി അവരോധിക്കപ്പെട്ടിരുന്നു.

കോഹ്‌ലി, രോഹിത് ശര്‍മ എന്നീ മഹാമേരുക്കള്‍ പടിയിറങ്ങിയ ശേഷം താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമിനെ വെച്ച് ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ 2-2ന്് സമനിലയില്‍ തളച്ചതോടെ ഗില്‍ താന്‍ തന്നെയാണ് ടീം ഇന്ത്യയുടെ അടുത്ത കപ്പിത്താന്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഏഷ്യാ കപ്പിനുള്ള ടീമിന്റെ ഉപനായകന്‍ കൂടിയായ ഗില്ലിനെ സമീപ ഭാവിയില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലെയും നായകനായി കണ്ടേക്കാം.
ഐപിഎല്ലില്‍ 16.5 കോടി രൂപ ശമ്പളം പറ്റുന്ന യുവ ക്രിക്കറ്റ് കളിക്കാരന്റെ ആസ്തി 30 മുതല്‍ 40 കോടി രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ എ ഗ്രേഡിലുള്ള ഗില്ലിന് 5 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. സിയറ്റ് ടയേഴ്‌സ്, മൈ11 സര്‍ക്കിള്‍, ഗില്ലറ്റ്, ടാറ്റ ക്യാപിറ്റല്‍, ഭാരത്‌പേ, എംആര്‍എഫ് എന്നീ പ്രശസ്ത ബ്രാന്‍ഡുകളുമായി സഹകരിക്കുന്ന ഗില്‍ ഇതുവഴി 1 മുതല്‍ 2 കോടി രൂപ വരെ സമ്പാദിക്കുന്നു.
ഓരോ വര്‍ഷവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ 'രാജകുമാരന്‍' ഇപ്പോള്‍ ഒരു രാജകീയ വാഹനം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. സെലിബ്രിറ്റികളുടെ പുതിയ വാഹനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ തന്റെ പുതിയ മെര്‍സിഡീസ് മെയ്ബാക്ക് GLS600 ആഡംബര എസ്‌യുവിയില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ക്രിക്കറ്റര്‍ കാറിന്റെ ബൂട്ടില്‍ നിന്ന് തന്റെ ലഗേജ് പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ ഒരു ദൃശ്യം മാമ്രാണ് വീഡിയോയിലുള്ളത്. ഏതായാലും താരം തന്റെ പുത്തന്‍ കാറില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നത് യഥാര്‍ത്ഥ്യമാണ്. പുത്തന്‍ കാറില്‍ ഗില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








