ധോണി കാരണം 'സൈഡായി', ബാല്യകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായത് 39-ാം വയസ്സില്‍! വാങ്ങിയത് 1.50 കോടിയുടെ കാര്‍
ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കുകയെന്നത്. ചിലര്‍ക്ക് അത് ചെറുപ്രായത്തില്‍ തന്നെ സാധിക്കും. ഇന്ത്യയില്‍ സിനിമ താരങ്ങളെ പോലെ തന്നെ സ്റ്റാര്‍ വാല്യൂ ഉള്ളവരാണ് ക്രിക്കറ്റ് താരങ്ങള്‍. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളില്‍ പലര്‍ക്കും ഇന്ത്യയിലെ എണ്ണം പറഞ്ഞ ഗരാജുകള്‍ സ്വന്തമാണ്. എന്നാല്‍ 12-ാം വയസ്സ് മുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ ക്രിക്കറ്ററുണ്ട്. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ ക്രിക്കറ്റ് പ്രേമികള്‍ അറിയും.
ഒരുകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കാത്ത വൃദ്ധിമാന്‍ സാഹയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. വലംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാഹ ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവി വാങ്ങിയാണ് തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചത്. 39-ാം വയസ്സിലാണ് താരം തന്റെ സ്വപ്‌ന വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം സാഹ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

'12-ാം വയസ് മുതല്‍ കണ്ട സ്വപ്നം എന്റെ കരിയറിന്റെ അവസാനത്തില്‍ സാക്ഷാത്കരിച്ചു. കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ ബിഎംഡബ്ല്യു. ഇത് എനിക്കും എന്റെ കുടുംബത്തിനും വൈകാരികമായ നിമിഷമാണ്' പുതുപുത്തന്‍ കാറിന്റെ സമീപത്ത് പോസ് ചെയ്ത ചിത്രത്തിന് ക്രിക്കറ്റര്‍ നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നീ സഹതാരങ്ങള്‍ സാഹയെ അഭിനന്ദിച്ചു.
എന്നാല്‍ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ആഡംബര കാറാണോ അതോ ആദ്യത്തെ ബിഎംഡബ്ല്യു ആണോ എന്നത് വ്യക്തമല്ല.സാഹയെ കുറിച്ച് പറയുമ്പോള്‍ എംഎസ് ധോണിയെന്ന മഹാമേരുവിന്റെ കാലത്ത് ജനിച്ചത് കൊണ്ട് മാത്രം കാര്യമായ അവസരം കിട്ടാതെ പോയ കളിക്കാരനെന്ന് പറയാം. ധോണി വിരമിച്ച ശേഷം മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ സ്ഥിരമായി അവസരം ലഭിച്ച് തുടങ്ങിയത്.
എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളുടെ ഭാഗമായി ഇന്ത്യന്‍ ടീം ഋഷഭ് പന്തിനെ ആ റോളില്‍ പ്രതിഷ്ഠിച്ചതോടെ സാഹ ടീമിന് വെളിയിലായി. 2021-ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 2014-ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു അവസാന ഏകദിന മത്സരം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ജന്മനാടായ ബംഗാളിന് വേണ്ടിയും ത്രിപുരക്കായും കളിച്ചു. ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായാണ് പാഡുകെട്ടുന്നത്.
ജര്‍മന്‍ ആഡംബര ബ്രാന്‍ഡ് പുറത്തിറക്കുന്ന ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് ബിഎംഡബ്ല്യു X7. 1.27 കോടി രൂപ വിലവരുന്ന xdrie40i M സ്‌പോര്‍ട്, 1.29 കോടി രൂപയുടെ xDrive40d ഡിസൈന്‍ പ്യുവര്‍ എക്സലന്‍സ്, 1.30 കോടി രൂപയുടെ xDrive40d M സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നു. 1.29 കോടി രൂപ വിലവരുന്ന എസ്‌യുവിയുടെ ഡീസല്‍ വേരിയന്റാണ് സാഹ സ്വന്തമാക്കിയതെന്നാണ് രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ എസ്യുവി ലഭ്യമാണ്. രണ്ടും 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ എഞ്ചിനുകളാണ്. 48v മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍ക്കൊള്ളുന്ന ഡീസല്‍ വേരിയന്റ് 340 PS പവറും 700 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. വൃദ്ധിമാന്‍ സാഹയുടെ കാര്‍ സഫയര്‍ ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
വലിയ കിഡ്നി ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോം ഗാര്‍ണിഷ്ഡ് എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഈ എസ്‌യുവിയുടെ ഡിസൈന്‍ ഹൈലൈറ്റുകളില്‍ പെടുന്നത്. എന്നാല്‍ കാറിന്റെ കിഡ്‌നി ഗ്രില്‍ ഡിസൈനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ അകത്തളം ഫീച്ചര്‍ സമ്പന്നമാണ്. ഡാഷ്ബോര്‍ഡില്‍ ഡ്യുവല്‍ സ്‌ക്രീനുകള്‍ ഇതിന് ലഭിക്കുന്നു.
12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിലുണ്ട്. പനോരമിക് സണ്‍റൂഫ്, 14 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഒരു ഡിജിറ്റല്‍ കീ, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്സി), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി) എന്നിവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റെക്ഷന്‍ എന്നിവയടക്കമുള്ള ADAS ഫീച്ചറുകളും ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ സേഫ്റ്റി സ്യൂട്ടിൽ ജർമൻ കമ്പനി ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications








