പ്ലാസ്റ്റിക് വിറ്റ് 8.89 കോടിയുടെ കാര്‍ വാങ്ങിയ ബിസിനസുകാരന്‍! കാത്തിരുന്നത് 1.5 വര്‍ഷം
സാധാരണക്കാരായ ആളുകള്‍ക്ക് ഒരു കാര്‍ വാങ്ങുകയെന്നത് വര്‍ഷങ്ങളുടെ സ്വപ്‌നമായിരിക്കും. ഡ്രീം കാര്‍ വാങ്ങുന്നതിനായുള്ള പണം സ്വരുക്കൂട്ടാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ അവര്‍ ക്ഷമ കാണിക്കും. ഇന്ത്യയിലെ സമ്പന്നരായ ബിസിനസുകാര്‍ വിലകൂടിയ കാറുകള്‍ വാങ്ങുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ലോകത്ത് തന്നെ സമ്പന്നരായ ആളുകള്‍ക്ക് മാത്രം താങ്ങുന്ന കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ലംബോര്‍ഗിനി. ബിസിനസുകാരനാണെങ്കിലും ഒരു ലംബോര്‍ഗിനി വാങ്ങാന്‍ ആഗ്രഹിച്ചാല്‍ കുറച്ച് കാലം അത് സ്വപ്‌നം കാണേണ്ടി വരും. ലംബോര്‍ഗിനി കാറുകള്‍ക്ക് വില വളരെ കൂടുതല്‍ ആയതിനാലും ചുരുങ്ങിയ അളവില്‍ നിര്‍മിക്കുന്ന മോഡലുകളില്‍ പലതിനും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുകള്‍ ഉള്ളതിനാലുമാണ് അത്.
ഇപ്പോള്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ 1.5 വര്‍ഷം കാത്തിരുന്ന് തന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ്. കര്‍ണാടകയിലെ മൈസൂര്‍ സ്വദേശിയായ വേദനായകം ബ്രൈറ്റാണ് പിറന്നാളിന് തനിക്ക് തന്നെ ഒരു ലംബോര്‍ഗിനി റെവല്‍റ്റോ സമ്മാനിച്ചിരിക്കുന്നത്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രേം ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ അമരക്കാരനാണ് വേദനായകം. പാക്കേജിംഗ് മെറ്റീരിയല്‍ നിര്‍മ്മാതാക്കളാണ് പ്രേം ഇന്‍ഡസ്ട്രീസ്.

ഈ കമ്പനി പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പാക്കേജിംഗ് വസ്തുക്കള്‍ നിര്‍മ്മിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, വിവോ, വിപ്രോ, മിന്ത്ര, എല്‍ജി, ഐടിസി, അദാനി, ഹിന്‍ഡ്‌വേര്‍ തുടങ്ങിയ കമ്പനികള്‍ ഇവരുടെ ക്ലയന്റ്‌സ് ആണ്. 2023 ഡിസംബറില്‍ ലംബോര്‍ഗിനി റെവല്‍റ്റോ വിപണിയില്‍ എത്തിയ അന്ന് മുതല്‍ യുവ ബിസിനസുകാരന് അത് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. കാറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വില അദ്ദേഹത്തിന്റെ ബജറ്റിനേക്കാള്‍ കൂടുതലായതിനാല്‍ ആഗ്രഹം അപ്പോള്‍ മാറ്റിവെക്കുകയായിരുന്നു.
ഇപ്പോള്‍ ഏകദേശം 1.5 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹം ലംബോര്‍ഗിനി റെവല്‍റ്റോ സ്വന്തമാക്കിയിരിക്കുകയാണ്. ഈ കാര്‍ മോഡല്‍ സ്വന്തമാക്കുന്ന ആദ്യത്തെ കര്‍ണാടകക്കാരനും ഇദ്ദേഹമാണ്. ഓറഞ്ച് ഷെയ്ഡിലുള്ള കാര്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഐതിഹാസിക മോഡലായ അവന്റഡോറിന്റെ പകരമായാണ് ലംബോര്‍ഗിനി ഈ കാര്‍ വിപണിയിലെത്തിച്ചത്. ലംബോര്‍ഗിനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ കാര്‍ ആണ് റെവല്‍റ്റോ.

ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന കാറിന്റെ വില 8.89 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വില മാത്രമാണ് ഇത്. കാര്‍ നിരത്തിലെത്തിക്കാന്‍ പണം പിന്നെയും കുറേ പൊടിക്കണം. ലംബോര്‍ഗിനിയുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പര്‍ കാറിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് Y- ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ ലൈറ്റുകളും ലഭിക്കുന്നു.
ഹൈ മൗണ്ടഡ് ഹെക്‌സഗണല്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടുകള്‍, മുന്നില്‍ 20 ഇഞ്ച് വീലുകള്‍, പിന്നില്‍ 21 ഇഞ്ച് വീലുകള്‍, സിസര്‍ ഡോറുകള്‍ എന്നിവ ഉപയോഗിച്ച് ഇത് വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത മോണോ-ഫ്യൂസലേജ് ഷാസിയാണ് ഈ ലംബോര്‍ഗിനി കാറിന്റെ അടിത്തറ.

കാറിലെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 6.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് V12 പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. കമ്പനിയുടെ ഏറ്റവും ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ എഞ്ചിന്‍ 825 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
കാറിലെ ഹൈബ്രിഡ് സിസ്റ്റം 3.8 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മുന്നില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളും പിന്നില്‍ ഒരു ഇലക്ട്രിക് മോട്ടോറുമുണ്ട്. മൊത്തത്തില്‍ കാര്‍ 1015 PS പവറും 807 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 2.5 സെക്കന്‍ഡിനുള്ളില്‍ ഈ കാറിന് 0-100 kmph വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പരമാവധി വേഗത. വേദനായകം ബ്രൈറ്റ് സ്വന്തമാക്കുന്ന ആദ്യത്തെ വിലകൂടിയ കാര്‍ അല്ല ലംബോര്‍ഗിനി റെവല്‍റ്റോ. മെര്‍സിഡീസ് ബെന്‍സ് G63 AMG, റോള്‍സ് റോയ്സ് കലിനന്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര കാറുകള്‍ ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്.
ബ്രാബസ് കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത കറുത്ത നിറത്തിലുള്ള മെര്‍സിഡീസ് ജി-വാഗണാണ് വേദനായകത്തിന്റെ പക്കലുള്ളത്. ചെന്നൈയില്‍ നിന്ന് ഡെലിവറിയെടുത്ത കലിനന്‍ ആണെങ്കില്‍ ബ്ലൂ-സില്‍വര്‍ ഡ്യുവല്‍ ടോണ്‍ ഫിനിഷിലാണ് വരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് 110 പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








