Indian Oil Corporation ൻ്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ; സബാഷ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ 18 പുതിയ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് നെറ്റ്‌വർക്കായ സ്റ്റാറ്റിക്കിൽ നിന്നാണ് ചാർജറുകൾ വാങ്ങുക. 30kW, 60kW എന്നീ ഫാസ്റ്റ് ചാർജറുകളുടെ സംയോജനമായിരിക്കും കമ്പനി വാങ്ങുക.
ഏത് ബ്രാൻഡ് ഫോർ വീലറുകൾക്കും ഉപയോഗിക്കാൻ കഴിയും. യാത്രയ്ക്കിടെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന രാജ്യത്തെ ഇവി ഉടമകൾക്ക് സൗകര്യമൊരുക്കുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് കമ്പനി 2046-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്, അതിനായി ₹2 ട്രില്യൺ നീക്കിവച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗം തുടങ്ങിയ നിരവധി എമിഷൻ ലഘൂകരണ ചാനലുകളിൽ പ്രവർത്തിച്ച് രാജ്യത്തിന്റെ ഹരിത അജണ്ട ത്വരിതപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു.

കമ്പനിയുടെ കാർബൺ ന്യൂട്രാലിറ്റി പ്ലാനുകൾക്ക് അത്യന്താപേക്ഷിതമായ ഒരു ടെൻഡർ മുഖേനയാണ് സ്റ്റാറ്റിക് ചാർജറുകൾ വാങ്ങുക, കൂടാതെ അവരുടെ ശക്തമായ സ്ഥാപിത ഇന്ധന സ്റ്റേഷൻ ശൃംഖലയെ പ്രയോജനപ്പെടുത്തുകയും ചെയ്യും. സ്റ്റാറ്റിക്ക് ഈ ടെൻഡർ നേടിയതോടെ, ഗുണനിലവാരമുള്ള മെയ്ഡ്-ഇൻ-ഇന്ത്യ ഇവി ചാർജറുകൾ തങ്ങൾക്ക് നൽകുന്ന ഒരു പങ്കാളിയെ കണ്ടെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ഐഒസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞത്
കഴിഞ്ഞ വർഷം, സ്റ്റാറ്റിക്ക് വിവിധ പങ്കാളികളുമായി സഹകരിച്ച് ചാർജിംഗ് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനായി നിരവധി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ, ഏകദേശം 20,000-ത്തോളം ചാർജിംഗ് നെറ്റ്‌വർക്ക് ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓരോ ലൊക്കേഷനും ഒരു പ്രത്യേക കാരണത്താലാണ് തിരഞ്ഞെടുത്തിരിക്കുന്നത് - അത് വളരെ വിപുലമായ കാൽനടയാത്രയുള്ള തിരക്കേറിയ റൂട്ടുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും ഇത്തരം നിരവധി പ്രഖ്യാപനങ്ങൾ നടത്താൻ കാത്തിരിക്കുകയാണെന്നും സ്റ്റാറ്റിക് പറഞ്ഞു.
മികച്ച റേഞ്ച് വാഗ്ദാനവുമായി നിരവധി മോഡലുകള്‍ അടുത്ത കാലത്തായി വിപണിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ആളുകളുടെ ചാര്‍ജിംഗ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറും പിന്തുണയുമായി ഒപ്പമുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇവി-യാത്ര പോര്‍ട്ടല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ആണ് പുതിയ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനോ ചാര്‍ജറോ കണ്ടെത്താന്‍ ഈ ആപ്പ് സഹായിക്കും.
പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ദേശീയ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (സിപിഒ) ഇവി യാത്ര ആപ്പ് അനുവദിക്കുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. സ്റ്റേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചാര്‍ജറുകളുടെ തരങ്ങള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത, ഇവി ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ്, സര്‍വീസ് എന്നിവയും അതില്‍ കൂടുതല്‍ വിവരങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും.
ഉപയോക്താക്കള്‍ക്ക് ഇവി യാത്ര ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. ഇവി യാത്ര ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറിലും നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ മിക്ക സ്മാര്‍ട്ട്ഫോണുകളിലും ഇത് പിന്തുണക്കും. ആപ്പ് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവികളിലേക്ക് ചുവടുമാറുന്നതിനെ സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രേത്സാഹിപ്പിക്കുന്നുണ്ട്. ശക്തമായ പബ്ലിക് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് വളരാന്‍ സാധിക്കൂ.
രാജ്യത്ത് ഇവികള്‍ക്കായി ഏകദേശം 5,151 ഓപ്പറേഷന്‍ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ഏകദേശം 698 ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്. മഹാരാഷ്ട്രയില്‍ 660 ചാര്‍ജിംഗ് സ്റ്റേഷനുകളും ഡല്‍ഹിയില്‍ 539 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമുണ്ട്. ഇവി ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്നതിന് പുറമേ, ഇവികള്‍, ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








