വന്ദേ ഭാരതിന് ശേഷം ഇന്ത്യൻ റെയിൽവേയുടെ അടുത്ത തുറുപ്പുചീട്ട്, വന്ദേ മെട്രോയുടെ വിശേഷങ്ങളറിയാം
2027 ആകുമ്പോഴേക്കും രാജ്യത്ത് നിരവധി ട്രെയിനുകൾ അവതരിപ്പിക്കുമെന്ന കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചതിന് ശേഷം, ഇന്ത്യൻ റെയിൽവേ തങ്ങളുടെ പുതിയ ട്രെയിൻ വന്ദേ മെട്രോ ഹ്രസ്വ-ദൂര ഇൻ്റർസിറ്റി യാത്രയ്ക്കായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാധാരണക്കാർക്ക് ചെറിയ ദൂരത്തിലുള്ള ട്രെയിൻ യാത്രയിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് റെയിൽവേ. വന്ദേ മെട്രോ എന്ന് ആരംഭിക്കും, വന്ദേ ഭാരതിൽ നിന്ന് പുതിയ ട്രെയിനിൽ എന്തൊക്കെ മാറ്റങ്ങളുണ്ട്, തുക്കത്തിലെ റൂട്ടുകൾ ഏതൊക്കെ ആയിരിക്കുമെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ ആദ്യമായി പ്രഖ്യാപിച്ചത്. വന്ദേ മെട്രോയുടെ രണ്ട് പ്രോട്ടോടൈപ്പുകൾ നിലവിൽ RCF കപൂർത്തലയിലും ICF ചെന്നൈയിലും നിർമ്മിക്കുന്നുണ്ട്. ഇവ വരും മാസങ്ങളിൽ പൂർത്തിയാകുമെന്നും വിപുലമായി പരീക്ഷിക്കുമെന്നും ആണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പോലെ, വന്ദേ മെട്രോയും സ്വയം ഓടിക്കുന്ന ഒരു ട്രെയിൻ സെറ്റാണ്, അതിനായി ലോക്കോമോട്ടീവ് ആവശ്യമില്ല. വന്ദേ മെട്രോയുടെ വികസനത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം മെയിൻലൈൻ ഇഎംയു ട്രെയിനുകൾ മാറ്റിസ്ഥാപിക്കുക എന്നതാണ്, യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് റെയിൽവെ ലക്ഷ്യമിടുന്നത്
വന്ദേ മെട്രോ ട്രെയിനുകൾ പെട്ടെന്നുളള ആക്സിലറേഷനും ഡിസെലറേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും, ഇത് നിലവിലെ മെയിൻലൈൻ EMU-കളുടെ വേഗതയെക്കാൾ വളരെ മുന്നിലാണ് എന്നതാണ് പ്രത്യേകത. വന്ദേ മെട്രോയുടെ ഫുളളി എയർ കണ്ടീഷനിംഗ് കോച്ചുകളിൽ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ആസ്വദിക്കാൻ സാധിക്കും.

വന്ദേ ഭാരത് എക്‌സ്‌പ്രസിന് സമാനമായി കോച്ചുകൾക്കിടയിലുള്ള സുഗമമായ സഞ്ചാരത്തിനും പൊടി രഹിതമായ അന്തരീക്ഷത്തിനുമായി പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ ട്രെയിനുകളിൽ ഉണ്ടാകും. വന്ദേ മെട്രോ ട്രെയിനുകളിൽ ഭാരം കുറഞ്ഞ അലുമിനിയം ലഗേജ് റാക്ക്, എൽസിഡി ഡിസ്പ്ലേകൾ ഘടിപ്പിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവയും പ്രീമിയം ഹ്രസ്വദൂര യാത്രാനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര ഉറപ്പാക്കും.
വന്ദേ മെട്രോ ട്രെയിനുകളിൽ യാത്രക്കാർക്ക് ഓട്ടോമാറ്റിക് എൻട്രി, എക്സിറ്റ് വാതിലുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, കവാച്ച് ട്രെയിൻ ആൻ്റി കൊളിഷൻ സിസ്റ്റം, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേകൾ, റോളർ ബ്ലൈൻഡുകളോട് കൂടിയ വിശാലമായ പനോരമിക് സീൽ ചെയ്ത വിൻഡോകൾ, മറ്റ് സൗകര്യപ്രദമായ സവിശേഷതകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യും.

വന്ദേ മെട്രോയിൽ സമകാലിക രൂപകൽപ്പന ചെയ്ത കനംകുറഞ്ഞ കുഷ്യൻ സീറ്റുകൾ ആണ് യാത്രക്കാർക്ക് ലഭിക്കുക, അതിൽ ഭാരം കുറഞ്ഞ കാർ ബോഡിയും ഉണ്ടാകും. ഓരോ കോച്ചിലും 100 പേർക്ക് ഇരിക്കാവുന്ന സൗകര്യവും 200 പേർക്ക് കൂടി നിൽക്കാനുളള സൗകര്യവും ഉണ്ടായിരിക്കും.വന്ദേ മെട്രോ കോച്ചുകളിൽ സിസിടിവി ക്യാമറകൾ, എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ, വാക്വം ഇവാക്വേഷൻ സംവിധാനമുള്ള മോഡുലാർ ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ, അലാറം സംവിധാനങ്ങൾ എന്നിവ ഉണ്ട്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആഗ്ര-മഥുര, ഡൽഹി-രേവാരി, ലഖ്‌നൗ-കാൺപൂർ, തിരുപ്പതി-ചെന്നൈ, ഭുവനേശ്വർ-ബാലസോർ തുടങ്ങിയ റൂട്ടുകളിൽ വന്ദേ മെട്രോ ട്രെയിനുകൾ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. റൂട്ടിൻ്റെ ആവശ്യകത അനുസരിച്ച് പുതിയ വന്ദേ മെട്രോ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 12 അല്ലെങ്കിൽ 16 ആക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.


Click it and Unblock the Notifications








