സാധാരണക്കാരന്റെ വന്ദേ ഭാരതുമായി റെയില്‍വേ; കുറഞ്ഞ ചിലവില്‍ രാജകീയ യാത്ര
ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായി വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. നമ്മുടെ കേരളത്തിനും ലഭിച്ചു ഒരു വന്ദേഭാരത്. കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അതിവേഗം എത്തിച്ചേരാമെന്നതാണ് ഇതിന്റെ മെച്ചം. 501 കിലേമീറ്റര്‍ വെറും 7.5 മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ ഓടിയെത്തുന്നത്.
എന്നാല്‍ ഉയര്‍ന്ന നിരക്ക് കാരണം വന്ദേ ഭാരതില്‍ കയറാനുള്ള ആഗ്രഹം സാധാരണക്കാരായവര്‍ പലരും ഉപേക്ഷിക്കുകയാണ്. എന്നാല്‍ വന്ദേ ഭാരതിന്റെ സവിശേഷതകളുമായി സാധാരണക്കാര്‍ക്കായി ഒരു ട്രെയിന്‍ കൊണ്ടുവരാന്‍ പോകുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാകും ഈ നോണ്‍-എസി ട്രെയിന്‍ പുറത്തിറക്കുക.

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ വിജയത്തിന് ശേഷം നവീകരിച്ച സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ്, സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ട്രെയിന്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ട്രെയിനിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുകയാണ് ഈ ട്രെയിന്‍ കൊണ്ട് റെയില്‍വേ പ്രാഥമികമായി ലക്ഷ്യമിടുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടേതിന് സമാനമായ നിരവധി ഫീച്ചറുകള്‍ പുതിയ ട്രെയിനില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വന്ദേ ഭാരത് എക്‌സ്പ്രസിലെ സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിന്‍ സെറ്റില്‍ നിന്ന് വ്യത്യസ്തമായി പുതിയ ട്രെയിന്‍ ലോക്കോ ഹാള്‍ഡ് ആയിരിക്കുമെന്നതാണ് പ്രത്യേകത. രണ്ടറ്റത്തും ലോക്കോമോട്ടീവുകളുടെ സാന്നിധ്യം കൂടിയാണ് ഈ ട്രെയിനിനെ വ്യത്യസ്തമാക്കുക.

ഇന്ത്യന്‍ റെയില്‍വേയുടെ മിക്ക ട്രെയിനുകളിലും ഒരു ലോക്കോമോട്ടീവ് മാത്രമാണുള്ളത്. വേഗത്തിലുള്ള ആക്സിലറേഷനായി പുഷ് പുള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഇരുവശങ്ങളിലുമുള്ള ലോക്കോമോട്ടീവുകളുടെ സാന്നിധ്യം കൊണ്ട് സാധിക്കും. അവസാനത്തെ സ്റ്റേഷനിലെ ലോക്കോമോട്ടീവ് റിവേഴ്സല്‍ പ്രക്രിയ ഒഴിവാക്കാമെന്നതും മറ്റൊരു മെച്ചമാണ്. ഇതുവഴി സമയം ഒത്തിരി ലാഭിക്കാം.
2 സെക്കന്‍ഡ് ലഗേജ്, ഗാര്‍ഡ് ഭിന്നശേഷി സൗഹൃദ കോച്ചുകള്‍, 8 സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രെയിന്‍. സാധാരണക്കാരുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്ന തരത്തില്‍ എല്ലാ കോച്ചുകളും നോണ്‍ എസി ആയിട്ടായിരിക്കും വരിക.
ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ (CLW) വെച്ചാണ് പുതിയ ട്രെയിനിന്റെ ലോക്കോമോട്ടീവ് നിര്‍മ്മിക്കുക. അതേസമയം ട്രെയിന്‍ കോച്ചുകള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ICF) നിര്‍മ്മിക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ നിര്‍മ്മാണ ചുമതലയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഏക കോച്ച് ഫാക്ടറിയാണ് ICF. പുതിയ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.
ഒക്ടോബറിലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.റിസര്‍വ് ചെയ്യാത്ത യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ 2017-ല്‍ അന്ത്യോദയ എക്‌സ്പ്രസ് അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വന്ദേഭാരതിന്റെ സവിശേഷതകളുമായി വരുന്ന പുതിയ ട്രെയിന്‍ അന്ത്യോദയ എക്സ്പ്രസിനെ കടത്തിവെട്ടിയേക്കും. വന്ദേ ഭാരത് ട്രെയിനിനിലുള്ള സൗകര്യങ്ങളുമായാണ് പുതിയ ട്രെയിന്‍ വരുന്നതെന്ന് നമ്മള്‍ പറഞ്ഞു. അതിനാല്‍ വന്ദേഭാരതില്‍ എന്തെല്ലാം ഉള്‍ക്കൊള്ളുന്നുവെന്ന് നമുക്ക് ചെറുതായി നോക്കാം.
2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറങ്ങിയത്. ട്രെയിന്‍ 18 എന്നായിരുന്നു ആദ്യം ഇതിന് പേരിട്ടിരുന്നത്. 16 കോച്ചുകളാണ് വന്ദേഭാരതിലുള്ളത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയായ വന്ദേ ഭാരതിന്റെ അകത്ത് ലോകോത്തര സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കില്‍ പറയാം.
വന്ദേ ഭാരതില്‍ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ് ലഭിക്കുക. യാത്രക്കാര്‍ക്ക് ഓഡിയോ വിഷ്വല്‍ പാസഞ്ചര്‍ വിവരങ്ങളും ഇന്‍ഫോടെയ്ന്‍മെന്റും നല്‍കുന്ന 32 ഇഞ്ച് സ്‌ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനില്‍ അംഗപരിമിതര്‍ക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്.
ടോയ്ലറ്റുകള്‍ ബയോ വാക്വം തരത്തിലുള്ളതാണ്. വിന്‍ഡോള്‍ക്ക് വീതി കൂടുതലാണെന്നതിനാല്‍ ട്രെയിനില്‍ നിന്ന് പുറത്തെ കാഴ്ചകള്‍ മനോഹരമായി ആസ്വദിക്കാം. ഹോട്ട്സ്പോട്ട് വൈഫൈയും ലഭ്യമാകും. കോച്ചുകളില്‍ ബാഗേജുകള്‍ക്ക് കൂടുതല്‍ ഇടമുണ്ടെന്നതും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപകാരമാകും. ഏതായാലും ഇത്രത്തോളമില്ലെങ്കിലും വന്ദേഭാരതിന്റെ പല സവിശേഷതകളും പുതിയ ട്രെയിനില്‍ കാണാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








