വാടകയ്ക്കൊരു ട്രെയിൻ കിട്ടുമെന്ന് അറിഞ്ഞു; 60 ലക്ഷം മുടക്കി മുസ്ലീം ലീഗ്
കാറും വിമാനവും എല്ലാം വാടകയ്ക്ക് എടുക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്ക് എടുക്കുന്നത് കേട്ടിട്ടുണ്ടോ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ചെന്നെയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വേണ്ടിയാണ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് മുസ്ലീം ലീഗ് ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്.
ട്രെയിൻ വാടകയ്ക്കെടുത്ത് പാർട്ടി പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് ഇത് അത്യപൂർവമായ കാര്യം തന്നെയാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്. 17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ അടങ്ങുന്നതാണ് ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്.വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് ആണ് ടെയ്രിൻ പുറപ്പെട്ടത്. വെളളിയാഴ്ച്ച രാവിലെ തന്നെ ചെന്നൈയിൽ എത്തും.

തമിഴ്നാട്ടിൽ എത്തുന്ന പ്രവർത്തകരെ സർക്കാർ ബസിൽ സമ്മേളളന നഗരിയിലെത്തിക്കാനുളള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജാജി ഹാളാണ് പ്ലാറ്റിനം ജൂബിലിയുടെ സമ്മേളളനനഗരിയായി നിശ്ചയിച്ചിരിക്കുന്നത്. 75 വർഷം മുൻപ് ഖ്വായിദ്-ഇ-മില്ലത്ത് ഈ പാർട്ടിക്ക് രൂപം നൽകിയത് ഇവിടെ വച്ചായിരുന്നു, അത് കൊണ്ടാണ് സമ്മേളളന നഗരിയായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തത്. തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകളാണ് ഇതിനു വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.
പൊതുസമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് തന്നെ ഇതേ ചാര്‍ട്ടേഡ് ട്രെയിനിൽ തന്നെയാണ് പ്രവർത്തകർ തിരിച്ച് മംഗളൂരുവിലേക്ക് പുറപ്പെടുക. ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗിൻ്റെ പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുക്കാനായി 700 പ്രതിനിധികളാണ് കേരളത്തിൽ നിന്ന് പുറപ്പെടുന്നത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ട്രെയിനുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യത്തിലേക്ക് വരുകയാണെങ്കിൽ 'ഭാരത് ഗൗരവ്' എന്ന സംവിധാനത്തിലൂടെ സ്വകാര്യ കമ്പനികൾക്ക് ട്രെയിനുകൾ വാടകയ്ക്ക് എടുക്കാം.
വിനോദസഞ്ചാരത്തിനായി റെയിൽവെ മന്ത്രാലയം ഒരു റെൻ്റൽ ഡ്രൈവ് അവതരിപ്പിക്കുകയും ചെയ്യ്തിട്ടുണ്ട്. വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ടൂർ ഓപ്പറേറ്റർമാർ, സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് അപേക്ഷിക്കാനും ഈ ട്രെയിനുകൾ എടുക്കാനും പ്രത്യേക ടൂറിസം സർക്യൂട്ടുകളിൽ പ്രവർത്തിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ പദ്ധതി. രജിസ്ട്രേഷൻ ഫീസിന് മുന്നോടിയായി, ഈ ട്രെയിനുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ചാർജായ ഒരു ലക്ഷം രൂപയും ഒരു കോടി രൂപ ബോണ്ടും നൽകിയതിന് ശേഷമേ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി തരുകയുളളു.
രാജ്യത്തെ തിരഞ്ഞെടുത്ത റെയില്‍പ്പാതകളില്‍ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററായി വര്‍ദ്ധിപ്പിക്കാൻ പദ്ധതിയിടുകയാണ് റെയിൽവേ മന്ത്രാലയം. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണറെയിൽവേ അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യാനാണ് നീക്കം. 2024-2025 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്‌മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും.
തിരുവനന്തപുരം-മംഗളൂരു പാതയിൽ വേഗം കൂട്ടാനായി അന്തിമ ലൊക്കേഷൻ സർവേ നടത്താൻ ഓഗസ്റ്റിൽ 12.88 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാതകളുടെ ഗ്രൂപ്പ് മാറ്റം. വേഗതയുടെയും പ്രാധാന്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ അഞ്ചായിട്ടാണു തരംതിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക റെയില്‍പ്പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.
ട്രെയിനുകളുടെ വേഗത കൂട്ടുമ്പോള്‍ ഒട്ടേറെ സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. വിശദമായ പഠനം നടത്തിയാലേ എവിടെയൊക്കെ ബൈപ്പാസ് ലൈനുകളും വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകളും വ്യക്തമാകു എന്ന് അധികൃതർ പറയുന്നു. കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ വളവുകൾ നിവർത്താനായി ബൈപ്പാസ് ലൈനുകൾ നിർമിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴ വഴിയുള്ള പാതയിൽ താരതമ്യേന വളവുകൾ കുറവാണെന്നതും സമതലങ്ങളിലൂടെയാണെന്നതും വേഗം കൂട്ടാൻ സഹായമാണ്. ഡിവിഷനുകളില്‍ നിന്ന് ലഭിച്ച പ്രാരംഭ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാതകള്‍ തിരിഞ്ഞെടുത്തത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ നൽകിയ പ്രാരംഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു റെയിൽവേ വേഗം കൂട്ടൽ നടപടികളുമായി മുന്നോട്ടു പോകുന്നത്. വിശദമായ പഠന റിപ്പോർട്ട് ഇനിയും തയാറായിട്ടില്ല. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 100 കിമി വേഗതയില്‍ മാത്രമാണ് സംസ്ഥാനത്തെ റെയില്‍പ്പാതകളിലൂടെ ട്രെയിന്‍ ഓടുന്നത്.


Click it and Unblock the Notifications








