ഇനി ആര്‍ക്ക് വേണം ഹോട്ടല്‍! റൂഫ്‌ടോപ്പ് വ്യൂ അടക്കം ആഡംബര സൗകര്യങ്ങളുമായി ഒരു ടാറ്റ യോദ്ധ
സ്വന്തം വാഹനം തന്നെ വീടാക്കി ഉലകം ചുറ്റുന്ന ധാരാളം പേരെ നാം കണ്ടിട്ടുണ്ട്. അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യത്ത് ഇത് സര്‍വസാധാരണമായ ജീവിതരീതിയാണെങ്കിലും മോട്ടോര്‍ഹോമുകള്‍ അല്ലെങ്കില്‍ ഓവര്‍ലാന്‍ഡിംഗ് വാഹനങ്ങള്‍ പോലുള്ള സംഗതി ഇന്ത്യയില്‍ പ്രചാരം നേടാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇത്തരം ജീവിതരീതി പിന്തുടരുന്നവര്‍ക്ക് സ്വന്തമായി വീടുകള്‍ ഉണ്ടാകാം, അല്ലെങ്കില്‍ സ്ഥിരമായ ഒരു വാസസ്ഥലം ഇല്ലാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കാം. ചിലര്‍ക്ക് ഭൂഖണ്ഡങ്ങള്‍ താണ്ടി യാത്ര ചെയ്യാനുള്ള താല്‍പര്യവും ഇതിലൂടെ നിറവേറ്റാനാകും. ചിലര്‍ ഇത്തരം മോട്ടോര്‍ഹോമുകള്‍ ഉപയോഗിക്കുന്നത് വിനോദയാത്രകള്‍ക്കും, മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനുമാണ്.
മുമ്പ് ഇന്ത്യയില്‍ വളരെ കുറഞ്ഞ വാഹനങ്ങളില്‍ മാത്രമായിരുന്നു ഇത്തരം സൗകര്യങ്ങള്‍ ലഭ്യമായിരുന്നത്. സമീപകാലത്തായി ഇത്തരം വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ടാറ്റ യോദ്ധയെ അടിസ്ഥാനമാക്കി ഒരാള്‍ക്ക് താമസിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ഒരു വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. സ്‌മോള്‍ ടൗണ്‍ റൈഡര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയെ അടിസ്ഥാനപ്പെടുത്തി കാര്‍ടോക് ഈ വാഹനത്തെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017-ല്‍ ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയ ഒരു പിക്കപ്പ് ട്രക്കാണ് യോദ്ധ. 'സൂഫിസ്വാമി' എന്ന യൂട്യൂബ് ചാനല്‍ ഉടമയാണ് ടാറ്റ യോദ്ധ ഓവര്‍ലാന്‍ഡിംഗ് വെഹിക്കിള്‍ ആക്കി മാറ്റിയത്. ടാറ്റ യോദ്ധയുടെ പിന്‍ഭാഗത്തുള്ള ലോഡ് കാരിയറിലാണ് 'വീട്' സെറ്റപ്പാക്കി വെച്ചിരിക്കുന്നത്. 2023 മോഡല്‍ ടാറ്റ യോദ്ധയെയാണ് ഈ നിലയിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഈ വാഹനത്തിന്റെ പ്രധാന സവിശേഷത 4x4 ഡ്രൈവ് സംവിധാനമാണ്.
ഈ സംവിധാനം വഴി, ദുര്‍ഘടമായ പാതകളിലൂടെ മോഡിഫൈഡ് യോദ്ധ ഓടിച്ചുപോകാന്‍ സാധിക്കും. സാഹസിക യാത്രകള്‍ക്കും, പ്രകൃതിയോട് ഇണങ്ങി കുറച്ച് ദിവസങ്ങള്‍ വനത്തില്‍ ചെലവഴിക്കാനും ഈ വാഹനം വളരെ അനുയോജ്യമാണ്. വാഹനത്തിന്റെ പിന്‍വശത്ത് ഘടിപ്പിച്ചിട്ടുള്ള വലിയ വാതിലുകള്‍ വഴിയാണ് ഇതിന് മുകളിലായി നിര്‍മ്മിച്ച വീട്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നത്. ഈ വാതിലുകള്‍ പുറത്തേക്ക് തുറക്കുന്ന രീതിയില്‍ ആയതിനാല്‍, വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലം ലഭിക്കുന്നു.

വീടിനുള്ളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി പ്രത്യേകമായി ഒരു മുറി ഈ വാഹനത്തിനകത്ത് തയാറാക്കിയിട്ടുണ്ട്. പാചക വാതക സിലിണ്ടര്‍ വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ നിന്ന് സുരക്ഷിതമായി അകലെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ കൂടാതെ, ചെറിയ ഈ വീടിനുള്ളില്‍ ഫാന്‍ അടക്കം സജ്ജീകരിച്ച കിടപ്പുമുറി, ശുചിമുറി, വൈദ്യുതിക്കായി ഒരു ചെറിയ ജനറേറ്റര്‍, എയര്‍ കണ്ടീഷണര്‍ (AC) തുടങ്ങി നിരവധി സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വെള്ളത്തിന് ആവശ്യമായ പൈപ്പ് ലൈനുകള്‍, ക്യാമ്പിംഗ് ചെയറുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാഹനത്തിന് മുകളില്‍ പരുവപ്പെടുത്തിവെച്ച വീടിന്റെ റൂഫ് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മൂന്നടി വരെ ഉയര്‍ത്താന്‍ സാധിക്കും. വീടിനുള്ളിലെ സൗകര്യങ്ങള്‍ക്കൊപ്പം വാഹനത്തിന്റെ ബമ്പറുകള്‍ ബലപ്പെടുത്തുകയും ആഫ്റ്റര്‍-മാര്‍ക്കറ്റ് അലോയ് വീലുകള്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂഫി സ്വാമി തന്റെ യൂട്യൂബ് ചാനലിനെയും ആദര്‍ശങ്ങളെയും പ്രതിനിധീകരിക്കുന്ന സ്റ്റിക്കറുകള്‍ വാഹനത്തില്‍ പതിച്ചിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ ടാറ്റ യോദ്ധയുടെ ഡീസല്‍ എഞ്ചിന്‍ 85 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഏതായാലും മോഡിഫൈഡ് ടാറ്റ യോദ്ധയുമായി യൂട്യൂബര്‍ ജീവിതം ആസ്വദിച്ച് തീര്‍ക്കുകയാണ്. ഈ വാഹനത്തിന്റെ വീഡിയോ സൂഫിസ്വാമിയുടെ യൂട്യൂബ് ചാനലില്‍ കാണാം.
ടാറ്റ യോദ്ധ മികച്ചൊരു വാഹനമാണ്. സാധനങ്ങള്‍ കയറ്റിവെക്കാന്‍ പിറകില്‍ ധാരാളം ഇടമുള്ളതോടൊപ്പം, വാഹനത്തിന്റെ ക്യാബിനകത്ത് അഞ്ചുപേര്‍ക്ക് വരെ സുഖമായി ഇരിക്കാനുള്ള സൗകര്യമുണ്ട്. ഈ അഞ്ചുപേര്‍ക്ക് പുറമെ, വാഹനത്തിന് മുകളില്‍ നിര്‍മ്മിച്ച വീട്ടിലിരുന്ന് യാത്ര ചെയ്യുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഗ്രൂപ്പായി യാത്ര ചെയ്യാന്‍ അനുയോജ്യമായ വാഹനമാണ് ഈ മോഡിഫൈഡ് യോദ്ധ. ഈ ഒരു വാഹനത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ അറിയിക്കുമല്ലോ.


Click it and Unblock the Notifications








