ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍ തുറന്നു! ഇന്ത്യയുടെ അഭിമാനമായ ആ ഗാനം ഊഹിക്കാമോ?
ഇന്ത്യന്‍ റോഡ് അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റവുമായി മുംബൈ നഗരം. ഇന്ത്യയിലെ ആദ്യത്തെ 'മ്യൂസിക്കല്‍ റോഡ്' മുംബൈയില്‍ യാഥാര്‍ത്ഥ്യമായി. നരിമാന്‍ പോയിന്റിനും വര്‍ളിക്കുമിടയിലുള്ള പാതയിലാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വേറിട്ട അനുഭവം നല്‍കുന്ന ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ ഒരു പ്രത്യേക വേഗതയില്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഗീതം ആസ്വദിക്കാന്‍ സാധിക്കുക. റോഡിന്റെ ഉപരിതലത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത റംബിള്‍ സ്ട്രിപ്പുകളാണ് (Rumble Strips) ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വാഹനത്തിന്റെ ടയറുകള്‍ ഈ സ്ട്രിപ്പുകളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴുണ്ടാകുന്ന ഫ്രിക്ഷനും വൈബ്രേഷനും സംഗീത തരംഗങ്ങളായി മാറുന്ന സാങ്കേതിക വിദ്യയാണിത്. ഏകദേശം 500 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗത്ത് ഹംഗേറിയന്‍ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങള്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഈ സംഗീതം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡ്രൈവര്‍മാരുടെ ശ്രദ്ധയും ജാഗ്രതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (BMC) ഈ പദ്ധതി നടപ്പിലാക്കിയത്. ഏകദേശം 6.21 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുംബൈയ്ക്ക് പുറമെ ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും സമാനമായ പദ്ധതികള്‍ കൊണ്ടുവരാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മ്യൂസിക്കല്‍ റോഡ് മേഖല തിരിച്ചറിയുന്നതിനായി ബിഎംസി പ്രത്യേക സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന് 500 മീറ്റര്‍, 100 മീറ്റര്‍, 60 മീറ്റര്‍ മുന്നിലായി ഡ്രൈവര്‍മാര്‍ക്ക് സൂചനകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ കാണാം. ഇത് ഡ്രൈവര്‍മാര്‍ക്ക് വേഗത ക്രമീകരിക്കാനും സംഗീതം ആസ്വദിക്കാനും സൗകര്യമൊരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ ഈണമിട്ട 'ജയ് ഹോ' എന്ന ഗാനമാണ് ഇവിടെ പ്ലേ ചെയ്യുക.

ഓസ്‌കാർ അവാർഡ് ഇന്ത്യയിലെത്തിച്ച സ്ലംഡോഗ് മില്യണയറിലെ ഈ ഗാനം ഓരോ ഭാരതീയന്റെയും അഭിമാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഈ പാതയുടെ വീഡിയോകള്‍ തരംഗമായി കഴിഞ്ഞു. റോഡില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ഈ മ്യൂസിക് ഡ്രൈവിംഗിലെ വിരസത മാറ്റാനും ഉന്‍മേഷം നിലനിര്‍ത്താനും സഹായിക്കും. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് തടയാനും ഇത്തരം മ്യൂസിക്കല്‍ റോഡുകള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഈ നൂതന പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ദേശീയ പാതകളിലേക്കും ഈ ആശയം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജപ്പാന്‍, ഹംഗറി, ദക്ഷിണ കൊറിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഇത്തരം മ്യൂസിക്കല്‍ റോഡ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നത്.
റോഡ് സുരക്ഷയും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ഈ പദ്ധതി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ടയറുകളുടെ വലിപ്പമോ വാഹനത്തിന്റെ ഭാരമോ സംഗീതത്തിന്റെ വ്യക്തതയെ ബാധിക്കാത്ത തരത്തിലാണ് റംബിള്‍ സ്ട്രിപ്പുകള്‍ വിന്യസിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സിനിമാ ഗാനങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റോഡുകളില്‍ മുഴങ്ങാന്‍ ഈ പദ്ധതി വഴിയൊരുക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








