25 കിലോമീറ്റർ മൈലേജുമായി മഹീന്ദ്ര ഥാർ 4x4! തള്ളല്ല, ട്രിക്ക് ഇങ്ങനെ
എന്തൊക്കെ ആയാലും നമ്മുടെ ആളുകൾക്ക് മൈലേജ് എന്നത് വളരെ മുഖ്യമാണ്, അതിപ്പോ മാനത്തൂടെ പറക്കുന്ന റോക്കറ്റിനായാലും എത്ര കിട്ടും എന്ന് നമ്മുടെ നാട്ടുകാർ ചോദിക്കും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയിരിക്കുമ്പോൾ മഹീന്ദ്ര ഥാർ 4x4 -ന്റെ മൈലേജിൽ ഒരു വ്യക്തി അസംപ്തൃപത്തനാവുന്നത് അതിശിക്കാൻ ഒന്നുമില്ല. മഹീന്ദ്ര ഥാർ 4X4, പ്രത്യേകിച്ച് പെട്രോൾ എഞ്ചിൻ, ഇന്ധനക്ഷമതയുടെ കാര്യത്തിൽ അല്പം പിന്നോക്കമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ, ഇതിനു പരിഹാരമായി അടുത്തിടെ ഒരു ഥാർ പെട്രോൾ 4X4 പതിപ്പിൻ്റെ ഉടമ തൻ്റെ ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിയിൽ CNG കിറ്റ് ഘടിപ്പിച്ചിരിക്കുകയാണ്.
CNG കിറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ഥാർ ആണിത് എന്നതും ശ്രദ്ധേയമാണ്. CNG കിറ്റോടുകൂടിയ ഈ മഹീന്ദ്ര ഥാർ ഓട്ടോമാറ്റിക്കിൻ്റെ ഉടമയെ പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, ഈ എസ്‌യുവിക്ക് ഒരു CNG കിറ്റ് ഘടിപ്പിച്ച് ഡ്രൈവ് ചെയ്തതിൻ്റെ അനുഭവത്തെക്കുറിച്ച് വ്ലോഗർ അദ്ദേഹത്തോട് വിവിധ ചോദ്യങ്ങൾ ചോദിച്ചു മനസിലാക്കുകയാണ്.

ഈ എസ്‌യുവി വാങ്ങുമ്പോൾ, തന്നെ മറ്റേതെങ്കിലും വാഹനം മനസ്സിൽ ഉണ്ടായിരുന്നോ എന്ന് ഉടമയോട് ഹോസ്റ്റ് ചോദിക്കുന്നത് കാണാം. എന്നാൽ തന്റെ മനസിൽ ഇത് മാത്രമാണ് ഉണ്ടായിരുന്നത്, അതിനാൽ വേറെ വാഹനം വാങ്ങാൻ നോക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഹൈ ആൾട്ടിറ്റ്യൂഡ് ഇഷ്ടമാണെന്നും ഈ എസ്‌യുവിയിൽ നാല് തവണ ലഡാക്കിൽ പോയിട്ടുണ്ടെന്നും അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു.
എസ്‌യുവിയിൽ മറ്റ് ഒട്ടനവധി യാത്രകളും നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ഈ വാഹനത്തിന് ഓഡോമീറ്ററിൽ 50,000 കിലോമീറ്ററിന് മേൽ കവർ ചെയ്തിട്ടുണ്ട്, വാഹനത്തിന് ഒരു വർഷം മാത്രമേ പഴക്കമുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഈ എസ്‌യുവിയിൽ ഒരു CNG കിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്ന് ഹോസ്റ്റ് വ്ലോഗറിനോട് ചോദിക്കുന്നു.

താൻ പ്രതിവർഷം 70,000 - 80,000 കിലോമീറ്റർ വരെ ശരാശരി ഓടുന്നു/ യാത്ര ചെയ്യുന്നു എന്ന് ഉടമ വിശദീകരിക്കുന്നു. അതിനാൽ, ഫ്യുവലിന്റെ ചെലവിന്റെ കാര്യത്തിൽ കുറച്ച് പണം ലാഭിക്കാനാണ്, അദ്ദേഹം ഈ 8.0 കിലോ CNG ടാങ്കും ഡയറക്ട് ഇഞ്ചക്ഷൻ കിറ്റും തൻ്റെ എസ്‌യുവിയിൽ ചേർത്തത് എന്ന് വ്യക്തമാക്കി.
ഈ ഥാർ പെട്രോൾ ഓട്ടോമാറ്റിക് 4X4 സ്വന്തമാക്കുന്നതിന് മുമ്പ്, താൻ ഹോണ്ട അക്കോർഡാണ് ഉപയോഗിച്ചിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആ വാഹനത്തിലും ഒരു സിഎൻജി കിറ്റ് ചേർത്തിട്ടുണ്ടായിരുന്നു എന്നും ഉടമ എടുത്തുപറഞ്ഞു, അതും ഓട്ടോമാറ്റിക് മോഡൽ ആയിരുന്നു. മൊത്തത്തിൽ, ഓഡോമീറ്ററിൽ 5.75 ലക്ഷം കിലോമീറ്റർ ക്ലോക്ക് ചെയ്യുവോളം അദ്ദേഹം ആ ഹോണ്ട അക്കോർഡ് ഓടിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഥാർ പെട്രോൾ ഓട്ടോമാറ്റിക് 4X4 വാഗ്ദാനം ചെയ്യുന്ന മൈലേജിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ എസ്‌യുവിയുടെ കൃത്യമായ മൈലേജ് താൻ ഒരിക്കൽ പോലും കണക്കാക്കിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഹൈവേയിൽ മണിക്കൂറിൽ 80-90 കിലോമീറ്റർ സ്പീഡിൽ പോവുമ്പോൾ, 8.0 കിലോ CNG ടാങ്ക് കപ്പാസിറ്റിയുള്ള വാഹനം 200 കിലോമീറ്റർ വരെ അനായാസം ഓടും എന്ന് അദ്ദേഹം പറയുന്നു.
അതേസമയം, സിറ്റിയും ഹൈവേയും ഇടകലർന്ന ഡ്രൈവിംഗ് സാഹചര്യങ്ങളിൽ മൈലേജ് 150 കിലോമീറ്ററായി കുറയുന്നു എന്നതും ചൂണ്ടിക്കാട്ടുന്നു. പൂർണമായും നഗരത്തിൽ മാത്രമാണ് യാത്രകൾ എങ്കിൽ ഫുൾ ടാങ്ക് CNG -ൽ 80-100 കിലോമീറ്റർ മാത്രമേ ഓടിക്കാൻ കഴിയൂ. ഇതൊക്കെ അത്ര വലിയ ലാഭമാണോ എന്ന് ചോദിച്ചാൽ, സ്റ്റാൻഡേർഡ് പെട്രോൾ വേരിയൻ്റ് ലിറ്ററിന് പരമാവധി 7-10 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനാൽ ഇതുവരെ ഇന്ധനച്ചെലവിന്റെ കാര്യത്തിൽ ലക്ഷങ്ങൾ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CNG കിറ്റിൻ്റെ ഫിറ്റ്മെൻ്റും വീഡിയോ കാണിക്കുന്നു. കൂടാതെ വാഹനത്തിൻ്റെ ബോണറ്റ് തുറന്ന് സിഎൻജി റിഡ്യൂസർ, ECU എന്നിവ എല്ലാം വളരെ വൃത്തിയായി ഘടിപ്പിച്ചിട്ടുണ്ടെന്നും അധിക വയറുകളും പൈപ്പുകളും ഇല്ലെന്നും നമുക്ക് വീഡിയോയിൽ നിന്ന് കാണാം. CNG ഓപ്ഷനിലും പവറിൽ കാര്യമായ ഡ്രോപ്പ് ഒന്നും ഇല്ലെന്നും ഉടമ അവകാശപ്പെടുന്നു. അങ്ങനെ എങ്കിൽ ഇതൊരു മികച്ച ഓപ്ഷൻ അല്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് കമന്റ്സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








