ഇങ്ങേര്‍ക്ക് മുന്നില്‍ അംബാനി ഒന്നുമല്ല! ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഗരാജിലെ ആയുധപൂജ വീഡിയോ
ഇന്ത്യയില്‍ ഇപ്പോള്‍ ഉത്സവകാലമാണ്. രാജം മൊത്തം നവരാത്രിയും ദസറയും ആഘോഷിച്ചു. മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആളുകള്‍ നവരാത്രി ആഘോഷിക്കുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് ആയുധ പൂജ. ഒരാള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും പൂജിക്കുന്ന ചടങ്ങ് ധാരാളം പേര്‍ പിന്തുടര്‍ന്ന് വരുന്നു. കാലക്രമേണ ആയുധങ്ങളുടെ നിര്‍വചനം മാറി ആളുകള്‍ തങ്ങളുടെ വാഹനങ്ങളും ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കളുടെ കൂടെ പൂജയ്ക്ക് വെക്കാറുണ്ട്. സാധാരണക്കാര്‍ മാത്രമല്ല, സെലിബ്രിറ്റികളും ഈ ആചാരം പിന്തുടരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഗരാജിലെ ആയുധ പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളായ ബ്രെന്‍ കോര്‍പ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭൂപേഷ് റെഡ്ഡിയാണ് ഇന്ത്യയിലെ വണ്ടിപ്രാന്തന്‍മാര്‍ കൊതിക്കുന്ന 'ബ്രൊന്‍ ഗരാജിന്റെ' ഉടമ. ബ്രെന്‍ ഗരാജിലെ സൂപ്പര്‍ കാറുകളുടെ നിരവധി വീഡിയോകള്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടിരിക്കാം. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ വീട്ടില്‍ തന്റെ സൂപ്പര്‍കാറുകളില്‍ ആയുധപൂജ നടത്തുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും ചെലവേറിയ സൂപ്പര്‍കാര്‍ ശേഖരങ്ങളിലൊന്നാണ് ഭൂപേഷിനുള്ളത്. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ചില കാറുകള്‍ വീഡിയോയില്‍ കാണാം. ഭൂപേഷ് തന്റെ ശേഖരത്തില്‍ ചേര്‍ത്ത ആദ്യ കാറുകളിലൊന്നാണ് ഫെറാറി 458 സ്‌പെച്ചാലേ. ലംബോര്‍ഗിനി ഹുറകാന്‍ STO, ലംബോര്‍ഗിനി ഉറൂസ്, ലംബോര്‍ഗിനി അവന്റഡോര്‍ SVJ, ലംബോര്‍ഗിനി മുര്‍സിലാഗോ എന്നിവ ഭൂപേഷ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചില കാറുകളാണ്. ഇത് ട്രെയിലര്‍ മാത്രമാണ് പടം കാണാന്‍ പോകുന്നേയുള്ളൂ.
SF90 സ്ട്രാഡേല്‍, 488 പിസ്ത, 296 GTB, 812 സൂപ്പര്‍ ഫാസ്റ്റ് എന്നീ ഫെറാറി മോഡലുകളും ഭൂപേഷ് റെഡ്ഡിയുടെ ഉടമസ്ഥതയിലുണ്ട്. പോര്‍ഷ 911 R, പോര്‍ഷ 911 GT2 RS, പോര്‍ഷ കേമാന്‍ GT4, പോര്‍ഷ 911 കരേര S, പോര്‍ഷ 911 GT3 RS, പോര്‍ഷ 911 ടര്‍ബോ S എന്നിവയാണ് ബ്രെന്‍ ഗരാജിന് അലങ്കാരമാകുന്ന പോര്‍ഷ കാറുകള്‍.

ഇത് കൂടാതെ മെര്‍സിഡീസ് AMG G63, മെര്‍സിഡീസ് ബെന്‍സ് SLS AMG, മെര്‍സിഡീസ് AMG GT ബ്ലാക്ക് സീരീസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBS കാര്‍ബണ്‍ ബ്ലാക്ക് എന്നീ കാറുകളും ഭൂപേഷ് റെഡ്ഡിക്കുണ്ട്. ലംബോര്‍ഗിനി ഹുറകാന്‍ STO-യും മെര്‍സിഡീസ് AMG GT ബ്ലാക്ക് സീരീസും വാങ്ങിയ ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഫെറാറി പുരോസാങ്‌ഗ്വേ എത്തിയതും മറ്റെവിടെയുമായിരുന്നില്ല ബ്രെന്‍ ഗരാജിലായിരുന്നു.
ഫെറാറിയുടെ ആദ്യ എസ്‌യുവിയായ ഈ മോഡല്‍ 2022-ലാണ് ആഗോള വിപണിയിലെത്തിയത്. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കള്‍ ആദ്യമായി നിര്‍മിക്കുന്ന ഫോര്‍ ഡോര്‍, 4 സീറ്റര്‍ മോഡലാണിത്. ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പേ തന്നെ ഭൂപേഷ് റെഡ്ഡി ഒരെണ്ണം സ്വന്തമാക്കി. സൂപ്പര്‍ എക്‌സോട്ടിക് പെര്‍ഫോമന്‍സ് എസ്‌യുവി വിഭാഗത്തില്‍ ബെന്റ്ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയുമായാണ് പുരോസാങ്‌ഗ്വേ മത്സരിക്കുന്നത്.

715 bhp പവറും 716 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കാന്‍ ശേഷിയുള്ള 6.5 ലിറ്റര്‍ V12 എഞ്ചിനാണ് കാറിന്റെ കരുത്ത്. മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പുരോസാങ്‌ഗ്വേ വെറും 3.3 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. 0-200 kmph വേഗത തൊടാന്‍ വെറും 10.6 സെക്കന്‍ഡ് മതി.
മണിക്കൂറില്‍ 310 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ആക്റ്റീവ് സസ്‌പെന്‍ഷന്‍, സെറാമിക് ബ്രേക്കുകള്‍, ഫ്രണ്ട് വീലുകളില്‍ ടോര്‍ക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവ കാറിന് ലഭിക്കുന്നു. ഇന്ത്യയില്‍ 10.5 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കാര്‍ പുറത്തിറങ്ങിയത്. ഭൂപേഷ് റെഡ്ഡിക്ക് ശേഷമാണ് അംബാനി വരെ ഈ കാര്‍ സ്വന്തമാക്കിയത്. അപ്പോള്‍ മനസ്സിലാകും ഈ മനുഷ്യന്റെ കാര്‍ പ്രേമം.


Click it and Unblock the Notifications








