ഇന്ത്യയില്‍ ഈ കാര്‍ ഒരെണ്ണം മാത്രം! കാര്‍ വാങ്ങി സെലിബ്രിറ്റിയായ കോടീശ്വരനെ അറിയാത്ത വണ്ടിപ്രാന്തന്‍മാരില്ല
പ്രശസ്തരായ സെലിബ്രിറ്റികള്‍ ഫോറിന്‍ കാറുകള്‍ സ്വന്തമാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ വില കൂടിയ കാറുകള്‍ സ്വന്തമാക്കി സെലിബ്രിറ്റിയായി മാറിയ ബെംഗളൂരു സ്വദേശിയായ ഭൂപേഷ് റെഡ്ഡിയെ കുറിച്ച് അറിയാത്ത വാഹനപ്രേമികള്‍ വളരെ ചുരുക്കമായിരിക്കും. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒരാളായ ബ്രെന്‍ കോര്‍പ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭൂപേഷ് റെഡ്ഡിയാണ് ഇന്ത്യയിലെ വണ്ടിപ്രാന്തന്‍മാര്‍ കൊതിക്കുന്ന 'ബ്രൊന്‍ ഗരാജിന്റെ' ഉടമ. ആഡംബരപൂര്‍ണമായ ബ്രെന്‍ ഗരാജിലെ ആയുധ പൂജയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയ ഇളക്കി മറിക്കാറുണ്ട്.
ഒന്നിലധികം ലിമിറ്റഡ് എഡിഷന്‍ ഫെറാറികള്‍, ലംബോര്‍ഗിനികള്‍, പോര്‍ഷകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിദേശ, ആഡംബര കാറുകള്‍ ബ്രെന്‍ ഗരാജില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ഭൂപേഷ് റെഡ്ഡി ഒരു പുത്തന്‍ കാര്‍ കൂടി ഗരാജില്‍ ചേര്‍ത്തിരിക്കുകയാണ്. ലെക്‌സസ് RC-F കാർബൺ എഡിഷൻ ആണ് ബ്രെന്‍ ഗരാജില്‍ അതിഥിയായി എത്തിയ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് കാര്‍. കമ്പനി പറയുന്നതനുസരിച്ച് ഇന്ത്യയില്‍ ഈ ഒരു മോഡല്‍ ഒറ്റയൊരെണ്ണം മാത്രമേയുള്ളൂ. അതിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

2017-ല്‍ 2 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു M8 കോംപറ്റീഷനും മെര്‍സിഡീസ് ബെന്‍സ് CLE കാബ്രിയോലെറ്റിന്റെയും എതിരാളിയായ 2 ഡോര്‍ സ്‌പോര്‍ട്‌സ് കാര്‍ ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. തിളക്കമുള്ളതും സ്‌പോര്‍ട്ടിയറുമായ സോളാര്‍ ഫ്‌ലെയര്‍ കളര്‍ ഓപ്ഷനിലുള്ള ലെക്‌സസ് RC-F ആണ് ഭൂപേഷ് വാങ്ങിയത്.
കാര്‍ബണ്‍ ഫൈബര്‍ ബോണറ്റും ഗ്രേ നിറത്തിലുള്ള 19 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകളും ഈ പ്രത്യേക മോഡലിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ക്ലാസിക് ഷേഡിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ നിലവില്‍ ഇന്ത്യയിലെ ഒരേയൊരു ലെക്‌സസ് RC-F ആണിത്.

471 bhp പവറും 530 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ V8 എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 4 വീലുകളിലേക്കും പവര്‍ അയക്കുന്നു. വെറും 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. പരമാവധി വേഗത മണിക്കൂറില്‍ 270 കിലോമീറ്ററാണ്. ഈ ലെക്‌സസ് മോഡലിന് ക്വാഡ്-എക്‌സിറ്റ് എക്സ്ഹോസ്റ്റ് സിസ്റ്റം ലഭിക്കുന്നുണ്ട്.
ഭൂപേഷ് റെഡ്ഡിയുടെ ബാംഗ്ലൂരിലെ വീട്ടിലെത്തിയാണ് ലെക്‌സസ് ഡീലര്‍ഷിപ്പ് അധികൃതര്‍ കാര്‍ കൈമാറിയത്. ഭൂപേഷ് റെഡ്ഡിയുടെ പുത്തന്‍ കാറിന്റെ ഡെലിവറി വീഡിയോ ലെക്‌സസ് ബാംഗ്ലൂര്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിലറില്‍ കൊണ്ടുവന്ന കാര്‍ ബ്രെന്‍ ഗരാജില്‍ എത്തിച്ച ശേഷം ഡ്രൈവ്വേയില്‍ പാര്‍ക്ക് ചെയ്ത് ഒരു ചുവന്ന കവര്‍ കൊണ്ട് മൂടി.

അല്‍പ്പ സമയത്തിന് ശേഷം കവര്‍ എടുത്ത് മാറ്റി ഭൂപേഷ് കാറിന്റെ താക്കോല്‍ സ്വീകരിക്കുകയും ശേഷം വണ്ടിയുടെ സ്റ്റിയറിംഗ് വീലിന് പിന്നിലമര്‍ന്നു. കാറിന്റെ അകവും പുറവും വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.ഏതൊരു വണ്ടിപ്രാന്തനും കൊതിക്കുന്ന ഒരു ലോകമാണ് ബ്രെന്‍ ഗരാജ്. ഭൂപേഷ് തന്റെ ശേഖരത്തില്‍ ചേര്‍ത്ത ആദ്യ കാറുകളിലൊന്നാണ് ഫെറാറി 458 സ്പെച്ചാലേ.
ലംബോര്‍ഗിനി ഹുറകാന്‍ STO, ലംബോര്‍ഗിനി ഉറൂസ്, ലംബോര്‍ഗിനി അവന്റഡോര്‍ SVJ, ലംബോര്‍ഗിനി മുര്‍സിലാഗോ എന്നിവ ഭൂപേഷ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചില കാറുകളാണ്. SF90 സ്ട്രാഡേല്‍, 488 പിസ്ത, 296 GTB, 812 സൂപ്പര്‍ ഫാസ്റ്റ് എന്നീ ഫെറാറി മോഡലുകളും ഭൂപേഷ് റെഡ്ഡിയുടെ ഉടമസ്ഥതയിലുണ്ട്.
പോര്‍ഷ 911 R, പോര്‍ഷ 911 GT2 RS, പോര്‍ഷ കേമാന്‍ GT4, പോര്‍ഷ 911 കരേര S, പോര്‍ഷ 911 GT3 RS, പോര്‍ഷ 911 ടര്‍ബോ S എന്നിവയാണ് ബ്രെന്‍ ഗരാജിന് അലങ്കാരമാകുന്ന പോര്‍ഷ കാറുകള്‍. ഇത് കൂടാതെ മെര്‍സിഡീസ് AMG G63, മെര്‍സിഡീസ് ബെന്‍സ് SLS AMG, മെര്‍സിഡീസ് AMG GT ബ്ലാക്ക് സീരീസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBS കാര്‍ബണ്‍ ബ്ലാക്ക് കാറുകളും ഭൂപേഷ് റെഡ്ഡിക്കുണ്ട്.
ലംബോര്‍ഗിനി ഹുറകാന്‍ STO-യും മെര്‍സിഡീസ് AMG GT ബ്ലാക്ക് സീരീസും വാങ്ങിയ ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഫെറാറി പുരോസാങ്ഗ്വേ സ്വന്തമാക്കിയതും ഇദ്ദേഹമായിരുന്നു. ഫെറാറിയുടെ ആദ്യത്തെ ഫാമിലി കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പേ തന്നെ ഭൂപേഷ് തന്റെ വീട്ടുമുറ്റത്തെത്തിച്ചിരുന്നു. ശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് പോലും സ്വന്തമാക്കാനായത്.


Click it and Unblock the Notifications








