വൈറലാകാന്‍ എന്തുമാകാമെന്നോ! ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ പൊലീസിന്റെ 'വലയിലായി'
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ കാണാം. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ നേടുകയും എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ ചില ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ കാണിച്ചുകൂട്ടുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ശല്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഫലുവന്‍സര്‍ കപ്പിള്‍സിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.
റോഡ് സേഫ്റ്റിക്കായി ഭരണകര്‍ത്താക്കള്‍ ഓരോ ദിവസവും ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും. പലപ്പോഴും ഡ്രൈവിംഗിനിടെ കാണിക്കുന്ന അശ്രദ്ധയാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. അതുകൊണ്ട് തന്നെ വാഹന ഉപയോക്താക്കളുടെ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളെല്ലാം അധികൃതര്‍ നിയമം വഴി വിലക്കുന്നു. നല്ല കളര്‍ഫുളായി നിരത്തിലെത്തിയിരുന്ന ടൂറിസ്റ്റ് ബസുകളുടെ നിറങ്ങള്‍ വെള്ളയാക്കിയത് അത്തരത്തില്‍ ഒരു നീക്കമാണ്.

കഴിഞ്ഞ ദിവസം വൈറ്റ് കളറിലുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിടികൂടാനുള്ള യജ്ഞങ്ങള്‍ക്ക് ഗുജറാത്തില്‍ തുടക്കമായിരുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് എല്‍ഇഡി ലൈറ്റുകളുടെ ശക്തിയേറിയ പ്രകാശം ശല്യമാകുന്നതിനാലായിരുന്നു ഇങ്ങനെ ചെയ്തത്. ഇതുപോലെ തന്നെ ഇരുചക്ര വാഹനങ്ങളിലും മറ്റും 'വറൈറ്റി' വേഷങ്ങള്‍ ധരിച്ച് അഭ്യാസങ്ങള്‍ കാണിക്കുന്നയാളുകള്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കാറുണ്ട്.
അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌പൈഡര്‍മാന്‍ വേഷം ധരിച്ച് ബൈക്കില്‍ ചുറ്റിയ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളെയാണ് പൊലീസ് പൊക്കിയത്. സൗത്ത് ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഗതാഗത നിയമലംഘനത്തെ തുടര്‍ന്നാണ് ആദിത്യയെയും സുഹൃത്ത് അഞ്ജലിയെയും പൊലീസ് പിടികൂടിയത്. ഇരുചക്രവാഹനത്തില്‍ സ്റ്റണ്ടിംഗ് നടത്തിയ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 'സ്‌പൈഡര്‍മാന്‍ നജഫ്ഗഡ് പാര്‍ട്ട് 5' എന്ന പേരിലാണ് ഇവര്‍ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്നാണ് യുവാവ് സ്വയം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സ്‌പൈഡി ഒഫീഷ്യല്‍ എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജും. ഈ പേജില്‍ സ്ഥിരമായി തന്റെ സ്റ്റന്റിംഗ് വീഡിയോസ് പങ്കുവെക്കാറുണ്ട്. മോട്ടോര്‍വാഹന നിയമപ്രകാരമാണ് 'സ്‌പൈഡര്‍മാനും' 'സ്‌പൈഡര്‍വുമണിനും' എതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ ചുറ്റിയടിച്ച ബൈക്കിന് റിയര്‍വ്യൂ മിററും നമ്പര്‍പ്ലേറ്റും ഉണ്ടായിരുന്നില്ല. ഇന്‍ഫ്‌ലുവന്‍സര്‍ കപ്പിള്‍സ് സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബജാജിന്റെ പള്‍സര്‍ N250 എന്ന മോഡലിലായിരുന്നു ഇവരുടെ വൈറല്‍ റൈഡ്. ബൈക്കിന്റെ പഴയ തലമുറ മോഡലിലായിരുന്നു ഇവരുടെ സഞ്ചാരം. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനും ലൈക്കും ഷെയറും വാരിക്കൂട്ടാനുമായിട്ടാണ് ഇവര്‍ ഇത്തരം ഒരു സാഹസിക പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അവരുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരുപാട് പേരെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ എന്തുചെയ്യുമ്പോഴും അതില്‍ സമൂഹത്തിന് ഒരു മാതൃക ഉണ്ടായിരിക്കണം.

എന്നാല്‍ ഇവിടെ ഗതാഗത നിയമം ലംഘിച്ച് യുവാവും സുഹൃത്തും സമൂഹത്തിലേക്ക് മോശമായ സന്ദേശമാണ് എത്തിക്കുന്നത്. പൊതുനിരത്തുകളില്‍ ഇത്തരത്തിലുള്ള സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നത് തങ്ങള്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാണെന്ന് മാത്രമല്ല മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഇത്തരം വീഡിയോസും റീല്‍സും തപ്പിപ്പിടിച്ച് നടപടിയെടുക്കുന്നത്. അല്ലാത്തപക്ഷം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.
വാഹനത്തിന്റെ എല്ലാ രേഖകളും ശരിയാണെങ്കില്‍ മാത്രമേ അവ ഗതാഗതയോഗ്യമാകൂ. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങള്‍ പൊലീസിന് പിടികൂടാം. അതുപോലെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മാത്രമല്ല പൊതുനിരത്തുകളില്‍ സ്റ്റണ്ടിംഗ് നടത്തുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യ സ്ഥലങ്ങളില്‍ കൃത്യമായ സുരക്ഷ നടപടികളോടെയും പരിശീലനം സിദ്ധിച്ച ശേഷവും മാത്രമാണ് സ്റ്റണ്ടിംഗ് ചെയ്യേണ്ടത്.

ഇവിടെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലാത്തതിനാലാണ് കടുത്ത നടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പൊലീസും എംവിഡിയും എത്ര കര്‍ശന നടപടികള്‍ സ്വീകരിച്ചാലും ഇത്തരം പ്രവര്‍ത്തികള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം. ഏതായാലും നമ്മുടെയും മറ്റ് പൗരന്‍മാരുടെയും സുരക്ഷ മുന്‍നിര്‍ത്തി താന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കുന്നതാണ് ഉത്തമം.


Click it and Unblock the Notifications








