അംബാനിയും അദാനിയുമല്ല, ടെസ്‌ല മോഡല്‍ Y സ്വന്തമാക്കിയ ആദ്യ ബിസിനസുകാരനെ സിനിമ കാണുന്നവരെല്ലാം അറിയും
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇക്കഴിഞ്ഞ ജൂലൈയിലാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. മുംബൈയില്‍ ആയിരുന്നു ആദ്യത്തെ ഷോറൂം തുറന്നത്. കുറഞ്ഞ വിലയുള്ള മോഡല്‍ 3 ഇവിയുമായിട്ടായിരിക്കും ടെസ്‌ലയുടെ ഇന്തയന്‍ എന്‍ട്രി എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മോഡല്‍ Y ആണ് ടെസ്‌ല പുറത്തിറക്കിയത്. സെപ്റ്റംബര്‍ നാലിന് ഡെലിവറിയും ആരംഭിച്ചു. മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക്കാണ് ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ Y ഏറ്റുവാങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ ഒരു പ്രമുഖ ബിസിനസ് ടൈക്കൂണ്‍ പുത്തന്‍ ടെസ്‌ല മോഡല്‍ Y സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നോക്കാം.
രാജ്യത്ത് വിവിധ മേഖലകളിലാണയി വളര്‍ന്ന് പന്തലിച്ച് കിടക്കുന്ന വ്യവസായിക ഗ്രൂപ്പാണ് ഐനോക്‌സ് ഗ്രൂപ്പ്. ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്, ഫ്‌ലൂറോ കെമിക്കല്‍, റിന്യൂവബിള്‍ എനര്‍ജി, വിനോദം എന്നീ മേഖലകളില്‍ ഐനോക്‌സ് സജീവ സാന്നിധ്യമാണ്. സിനിമാപ്രേമികള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ഒന്നായ പിവിആര്‍ ഐനേക്‌സ് സുപരിചിതമായിരിക്കും.

പിവിആര്‍ സിനിമാസും ഐനോക്‌സ് ലെഷറും ലയിച്ചാണ്് പിവിആര്‍ ഐനോക്‌സ് രൂപംകൊണ്ടത്. ഇന്ത്യയില്‍ ടെസ്‌ല മോഡല്‍ Y സ്വന്തമാക്കുന്ന ആദ്യ ബിസിനസ് ടൈക്കൂണായി മാറിയിരിക്കുകയാണ് ഐനോക്‌സ് മാനേജിംഗ് ഡയരക്ടറായ സിദ്ധാര്‍ത്ഥ് ജെയിന്‍. ടെസ്ല മോഡല്‍ Y ഡെലിവറിയെടുത്ത ശേഷം അതിന്റെ ചിത്രം സിദ്ധാര്‍ത്ഥ് ജെയിന്‍ തന്റെ X പ്രൊഫൈലില്‍ പങ്കുവെച്ചു.
ഇലക്ട്രിക് എസ്യുവിയുടെ ബോണറ്റില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രത്തില്‍ ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തിരുന്നു. മസ്‌ക് കാരണമാണ് താന്‍ ടെസ്‌ല ഒരെണ്ണം വാങ്ങിയതെന്ന് ജെയിന്‍ പോസ്റ്റില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്ല ഫാക്ടറി സന്ദര്‍ശിച്ച അന്നുമുതല്‍ ഒന്ന് കൈയ്യില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നുവെന്നും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്നും ജെയിന്‍ പോസ്റ്റില്‍ എഴുതി.

ടെസ്‌ല മോഡല്‍ Y ഇലക്ട്രിക് എസ്‌യുവി രണ്ട് വേരിയന്റുകളിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം രൂപയാണ് വില. മുംബൈയിലെ ഓണ്‍-റോഡ് വില 61.07 ലക്ഷം രൂപയാണ്. ഇതിലും വിലകൂടിയ ലോംഗ് റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. മുംബൈയിലെ ഇത് നിരത്തിലെത്തിക്കാനായി 69.15 ലക്ഷം രൂപ മുടക്കണം.
മോഡല്‍ Y ആറ് നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റെല്‍ത്ത് ഗ്രേ നിറത്തിന് അധികമായി പണം നല്‍കേണ്ടതില്ല. എന്നാല്‍ മറ്റ് നിറങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കണം. പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട്, ഡയമണ്ട് ബ്ലാക്ക് ഷെയ്ഡുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ 95,000 രൂപ അധികമായി നല്‍കണം. ഗ്ലേസിയര്‍ ബ്ലൂ ഷെയ്ഡിന് 1.25 ലക്ഷം രൂപയാണ് അധികമായി നല്‍കേണ്ടത്.
ടെസ്‌ല മോഡല്‍ Y ഇവിയുടെ ഏറ്റവും ചെലവേറിയ നിറങ്ങള്‍ ക്വിക്ക് സില്‍വറും, അള്‍ട്രാ റെഡുമാണ്. ഈ രണ്ട് നിറങ്ങള്‍ക്കും 1.85 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ലളിതമായ ഇന്റീരിയറാണ് ടെസ്‌ല മോഡല്‍ Y-ക്കുള്ളത്. ബ്ലാക്ക്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നിങ്ങനെ രണ്ട് ഇന്റീരിയര്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ബ്ലാക്ക് ഇന്റീരിയറിന് അധികം പണം ഈടാക്കുന്നില്ല. അതേസമയം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്റീരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ 95,000 രൂപ അധികമായി കൈയ്യില്‍ കരുതണം.
ടെസ്‌ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവരുടെ സെല്‍ഫ് ഡ്രൈവിംഗ് പായ്ക്ക് ആയിരിക്കും. ടെസ്‌ലയുടെ ഓട്ടോണോമസ് ഡ്രൈവിംഗ് ഫീച്ചറുകള്‍ക്ക് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ടെസ്‌ല മോഡല്‍ Y-യില്‍ 'ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് പായ്ക്ക്' ചേര്‍ക്കാനായി 6 ലക്ഷം രൂപ അധികമായി നല്‍കണം. അതായത് ഈ ഒരു ഫീച്ചറിനായി മുടക്കുന്ന പൈസ കൊണ്ട് ഒരു പുത്തന്‍ മാരുതി സുസുക്കി വാഗണ്‍ ആര്‍ വാങ്ങാം.

ടെസ്‌ല മോഡല്‍ Y രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. ആദ്യത്തെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റില്‍ 299 PS പവറും 420 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണുള്ളത്. 60.5 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന ഈ വേരിയന്റിന് ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് കിട്ടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5.9 സെക്കന്‍ഡില്‍ ഇവി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 201 കിലോമീറ്റര്‍ ആണ്. ലോംഗ് റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിലും സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ തന്നെയാണുള്ളതെങ്കിലും 340 PS പവറും 450 Nm ടോര്‍ക്കും ലഭിക്കുന്നു.
75 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 622 കിലോമീറ്റര്‍ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കിയ EV6, ഹ്യുണ്ടായി അയോണിക് 5, വോള്‍വോ XC40 റീചാര്‍ജ് എന്നിവയുമായിട്ടാണ് ടെസ്ല മോഡല്‍ Y മത്സരിക്കുന്നത്.


Click it and Unblock the Notifications








