സൂപ്പർകാർ വാങ്ങാൻ വരെ ആസ്തിയുളള എഴുപതുകാരൻ; പക്ഷേ വാങ്ങിയത് മഹീന്ദ്രയുടെ ഈ വണ്ടി, എന്തുകൊണ്ട്?
മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് സെഗ്മെൻ്റ് ഒന്നുകൂടി അപ്ഡേറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി രണ്ട് പുലികുട്ടൻമാരെ ഇറക്കിവിട്ടിരുന്നു. BE 6, XEV 9E എന്നീ രണ്ട് മോഡലുകളാണ് അത്. രാജ്യത്ത് അവതരിപ്പിച്ചപ്പോൾ മുതൽ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയാണ്. സെലിബ്രിറ്റികൾ വരെ മഹീന്ദ്രയുടെ ഇ മോഡലുകൾ സ്വന്തമാക്കുന്നുണ്ട്. മഹീന്ദ്രയുടെ മുൻ സിഇഒയും ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ ഇപ്പോഴത്തെ ചെയർമാനുമായ പവൻ കുമാർ ഗോയങ്ക XEV 9e വാങ്ങിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ തങ്ങൾ മഹീന്ദ്ര XEV 9e-യുടെ ഉടമസ്ഥരായിരിക്കുകയാണ് എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്ന. വലിയ ക്യാബിൻ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് INGLO പ്ലാറ്റ്‌ഫോം. കൂടാതെ അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനം നിർമിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

ഡിസൈനിലേക്ക് നോക്കിയാൽ മഹീന്ദ്ര XEV 9e ഒരു കൂപ്പെ എസ്‌യുവി ശൈലിയാണ് അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മുൻവശത്തെ ആകർഷണം വർധിപ്പിക്കാനായി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂപ്പെ പോലുള്ള രൂപഘടനയിലേക്ക് ഇൻവേർട്ടഡ് L-ആകൃതിയിലുള്ള കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് എൽഇഡി ടെയിൽലൈറ്റുകളും ഇഴുകിച്ചേരുന്നുമുണ്ട്.
ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ്. പ്രീമിയം അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ട്രിപ്പിൾ-സ്‌ക്രീൻ ക്രമീകരണമാണ് മഹീന്ദ്ര പിന്തുടർന്നിരിക്കുന്നത്. മഹീന്ദ്രയുടെ അഡ്രിനോക്‌സ് സോഫ്റ്റ്‌വെയർ നൽകുന്ന മൂന്ന് 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നുണ്ട്.

ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇലുമിനേറ്റഡ് ലോഗോ ഉൾക്കൊള്ളുന്ന ഡ്യുവൽ-സ്‌പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് മഹീന്ദ്ര XEV 9e ഇവിയിലെ മറ്റൊരു ഹൈലൈറ്റ്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് പാർക്കിംഗ് സവിശേഷതകൾ, അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ സൗകര്യങ്ങളും എസ്‌യുവിയിൽ ലഭ്യമാണ്.
മഹീന്ദ്ര INGLO പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന XEV 9e ഇവി 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വിപണിയിൽ എത്തുന്നത്. മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും.

21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








