ഇത്തരം കേസുകളിലും റോഡപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും; സുപ്രധാന വിധിയുമായി കോടതി
ഇന്ത്യന്‍ റോഡുകളില്‍ വാഹനമോടിക്കാന്‍ ഒരാളെ യോഗ്യരാക്കുന്ന രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ അധികാരികള്‍ പിഴ ഈടാക്കും. ലെസന്‍സില്ലാത്ത ഡ്രൈവറാണ് വാഹനം ഓടിച്ച് അപകടമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായിരിക്കും. ലൈസന്‍സുള്ള ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ റോഡപകട സമയത്ത് ഉണ്ടായേക്കാവുന്ന റിസ്‌കിന്റെ സാധ്യത അത് കുറക്കുന്നു.
അപകട സമയത്ത് ഇന്‍ഷൂറന്‍സ് ക്ലെയിം സാധുതയുള്ളതാകാന്‍ അത് സഹായിക്കും. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരാള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാല്‍ ഇരയായ വ്യക്തിയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ട പരിഹാരം കൊടുക്കുമോ എന്ന കാര്യത്തില്‍ ചിലര്‍ക്ക് സംശയം ഉണ്ടാകും. അത്തരം കേസുകളുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി.

വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് അസാധുവായാലും കാലഹരണപ്പെട്ടാലും അപകടത്തില്‍പ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് കാലഹരണപ്പെട്ടാലും പുതുക്കിയില്ലെങ്കിലും അത് അവനെ വിദഗ്ധനല്ലാത്ത ഡ്രൈവര്‍ ആക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 2011-ല്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിധി.
അപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അപകടം വരുത്തിവെച്ച വാഹന ഉടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടപരിഹാര തുക പിന്നീട് ഈടാക്കാമെന്ന് കോടതി പറഞ്ഞു. നിയമലംഘനം നടത്തിയ വാഹനം ഓടിച്ച ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലഹരണപ്പെട്ടതിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. അപകടസമയത്ത് വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 'അപകട സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയിട്ടില്ല. ആ കാരണം കൊണ്ട് അയാള്‍ വിദഗ്ധനായ ഡ്രൈവര്‍ ആയിരുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല' ഹൈക്കോടതി വിധിയില്‍ പറയുന്നു.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ പക്കല്‍ അത്യാഹിതം നടന്ന സമയത്ത് സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി ആദ്യം നഷ്ടപരിഹാരം നല്‍കണം എന്നത് നിയമത്തിന്റെ സുസ്ഥിരമായ തത്വമാണെന്നും ബോംബെ ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ഇരയായ വ്യക്തിയുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷം അപകടമുണ്ടാക്കിയ ആളില്‍ നിന്ന് ഇന്‍ഷൂറന്‍സ് കമ്പനി അത് ഈടാക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
ട്രൈബ്യൂണല്‍ ഈ ഘടകം പരിഗണിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നിരസിച്ചുകൊണ്ടുള്ള ഉത്തരവ് യാന്ത്രികമായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. ബോംബെ ഹൈക്കോടതിയുടെ ഈ ഉത്തരവ് ഏതായാലും ഒരുപാട് പേര്‍ക്ക് ആശ്വാസകരമാകും. നിയമത്തിന്റെ നൂലാമാലകളും മറ്റും പറഞ്ഞ അപകടത്തില്‍ ജീവന്‍ പൊലിയുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക തടഞ്ഞ് വെക്കപ്പെടുന്ന പ്രവണതക്ക് ഒരു പരിഹാരമാകുമെന്ന് വിശ്വസിക്കാം. ഈ വിധിയിലൂടെ നമ്മള്‍ മറ്റൊന്ന് കൂടി മനസ്സിലാക്കണം.
ഇവിടെ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക ഇരയുടെ കുടുംബത്തിന് നല്‍കിയാലും അവര്‍ അപകടമുണ്ടാക്കിയ വ്യക്തിയില്‍ നിന്ന് അത് തിരിച്ചുപിടിക്കും. അതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ലൈസന്‍സ് എടുത്താല്‍ മാത്രം പോര അത് സാധുതയുള്ളതാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. കാലഹരണപ്പെട്ട ലൈസന്‍സ് എടുത്ത് അപകടത്തില്‍ പെട്ടാല്‍ അതുകൊണ്ട് ഉണ്ടാവുന്ന പൊല്ലാപ്പുകള്‍ ചില്ലറയാകില്ല. അതിനാല്‍ വാഹനം കൈയ്യില്‍ എടുക്കുമ്പോള്‍ അത് ഓടിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പക്കയാണെന്ന് ഉറപ്പാക്കണം.


Click it and Unblock the Notifications








