സെക്കൻഡ്ഹാൻഡ് വിപണിയ്ക്ക് തലവേദനയായി എംവിഡിയിലെ പ്രശ്നങ്ങൾ; RC മുതൽ ഇൻഷുറൻസ് വളരെ വഴിമുട്ടിയ സ്ഥിതിയിൽ
അടുത്തിടെയായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ സർക്കാർ സംവിധാനങ്ങളിൽ പലതും കടക്കെണിയിൽ വലയുകയാണ്. മോട്ടോർ വാഹന വകുപ്പിലും ഈ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. നാട് എങ്ങും കൊട്ടിഘോഷിച്ച് നടത്തിയ AI ക്യാമറകളുടെ പ്രവർത്തനങ്ങൾ പോലും താമസിയാതെ പൂർണ്ണമായി നിലയ്ക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കെൽട്രോണിനു നൽകാനുള്ള കുടിശികയുടെ കാര്യത്തിൽ ഒരു തീരുമാനമായില്ലെങ്കിൽ ഈ AI ക്യാമറകൾ പക്ഷികൾക്ക് ഒരു സങ്കേതമാവും എന്നല്ലാതെ മറ്റൊന്നും പറയാനില്ല. അതു പോലെ തന്നെ രൂക്ഷമായ മറ്റൊരു പ്രതിസന്ധിയാണ് തപാൽ വകുപ്പിന് നൽകാനുള്ള കുടിശികയും. മോട്ടോര്‍ വാഹനവകുപ്പിലെ ഈ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകരും പെട്ടിരിക്കുന്ന അവസ്ഥയിലാണ്.

RC ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ പ്രിന്റിംഗ് മുടങ്ങിയതാണ് ഈ മേഖലയെയും തളര്‍ത്തിയിരിക്കുന്നത്. കൊവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി നമ്മുടെ നാട്ടിൽ ഏറെ സജീവമായത്. അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ (K.S.U.V.D.B.A) എന്ന സംഘത്തിൽ 15,000 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊവിഡിനു ശേഷം അംഗസംഖ്യ 40,000 ആയി ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്ത് ജോലി നഷ്ടപ്പെട്ടവരും നാട്ടിലെ പല ജോലികളും ഉപേക്ഷിക്കേണ്ടി വന്നവരും ഈ രംഗത്ത് ഇറങ്ങിയതാണ് കാരണം. എന്നാല്‍, ഇപ്പോൾ രണ്ടുമാസത്തിനിടെ 1200 പേര്‍ ഈ സംരംഭം ഉപേക്ഷിച്ചു എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

മോട്ടോർ വാഹന വകുപ്പിലെ നിലവിലെ സ്ഥിതി കാരണമുള്ള പ്രശ്‌നങ്ങള്‍: 1. വാഹനവകുപ്പിലെ പ്രതിസന്ധിയാണ് ഇതിലെ വലിയപ്രശ്‌നം. വിറ്റഴിച്ച വാഹനങ്ങളുടെ RC ബുക്ക് മാറ്റിക്കൊടുക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് രേഖകളില്‍ മാറ്റം വരുത്താനും കഴിയുന്നുമില്ല. ഫിനാന്‍സ് സൗകര്യം നൽകി വാഹനങ്ങള്‍ വില്ക്കാനും ഇതിനാൽ സാധിക്കില്ല.
2. വാഹനം ഡീലര്‍വഴി വിറ്റാലും RC ബുക്ക് മാറാത്തതിനാല്‍ AI ക്യാമറകളിൽ മറ്റും പെടുന്ന നിയമലംഘനങ്ങളും അതിന്റെ പിഴ സംബന്ധിച്ച വിവരങ്ങളും പഴയ RC ഉടമസ്ഥന്റെ വിലാസത്തിലേക്കാണ് പോകുന്നത്. ഇത് വിറ്റയാളും ഡീലര്‍മാരും തമ്മില്‍ പല സന്ദർഭങ്ങളിലും വഴക്കിനും വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു.

3. ചെറുകിട ചരക്കുവാഹനങ്ങൾ/ കൊമേർഷ്യൽ വാഹനങ്ങളുടെ കച്ചവടം സാരമായി ബാധിക്കപ്പെട്ടു. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണം എങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അതിന് ഒര്‍ജിനല്‍ RC ബുക്കും മറ്റു രേഖകളും ഹാജരാക്കണം. ഈ സാഹചര്യത്തിൽ പുത്തൻ ഓണർമാർ വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
4. ഇ -ചെല്ലാന്‍ വിവരങ്ങള്‍ ലഭിക്കണം എങ്കില്‍ RC ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. (OTP) നമ്പര്‍ ആവശ്യമാണ് എന്നതാണ് പുത്തൻ നിയമം. പഴയ ഉടമകളുടെ ഫോണ്‍ നമ്പരുകളിലെത്തുന്ന OTP കൈമാറിക്കിട്ടുന്നില്ല എന്നതാണ് പുതിയ പ്രശ്നം. അതിലുപരി മുൻ ഉടമകൾ പലരുടേയും പല നമ്പരുകളും ഇപ്പോൾ നിലവിൽ ഇല്ലാത്തതാണ് എന്നത് ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നു.
5. നിലവിലുള്ള പിഴകൾ എല്ലാം അടച്ച് ക്ലിയർ ചെയ്തിട്ടു വേണം വാഹനം വിൽക്കാന്‍. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടിട്ടുള്ള പിഴ അടയ്ക്കാന്‍ ഏകജാലക/ ഓൺലൈൻ സംവിധാനങ്ങൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതും ഡീലർമാരെ വളരെ അധികം നട്ടം തിരിക്കുന്ന ഒരു പ്രശ്നമാണ് എന്ന് നിസംശയം പറയാം.
നിലവിൽ സെക്കൻഡ് ഹാൻഡ് വിപണി ഏറെ കുറെ നിശ്ചലമായ സ്ഥിതിയിലാണ്. K.S.U.V.D.B.A ഭാരവാഹിക്കൾ ഈ കാരണം കാണിച്ചുകൊണ്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു നീക്കുപോക്ക് ഉണ്ടാക്കിയില്ല എങ്കിൽ സംസ്ഥാനത്തെ യൂസ്ഡ് കാർ/ ബൈക്ക് വിപണി കൂപ്പുകുത്തും.


Click it and Unblock the Notifications








