APRC 2023-ല്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ ആധിപത്യം; ജഹാന്‍ ഗില്ലിന് കന്നി FIA ജൂനിയര്‍ APRC കിരീടം
ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പിന്റെ (APRC) 2023-ന്റെ അവസാന റൗണ്ടില്‍ ഇന്ത്യന്‍ റാലി ഡ്രൈവര്‍മാരുടെ തേരോട്ടം. വാംസി മെര്‍ല സ്പോര്‍ട്സ് ഫൗണ്ടേഷന്റെ പിന്തുണയോടെ ജെകെ ടയര്‍ മോട്ടോര്‍സ്പോര്‍ട്ട് ( JK Tyre Motorsport ) ഡ്രൈവര്‍മാര്‍ അന്താരാഷ്ട്ര റാലി സര്‍ക്യൂട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
തന്റെ ആദ്യ ശ്രമത്തില്‍ തന്നെ അഭിമാനകരമായ എഫ്ഐഎ ജൂനിയര്‍ ഏഷ്യ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പ് കിരീടം 2023 നേടി ജഹാന്‍ സിംഗ് ഗില്‍ (Jahaan Gill) അഭിമാനതാരമായി മാറി. 21-കാരനായ ജഹാന്‍ സിംഗ് ചണ്ഡിഗഡ് സ്വദേശിയാണ്. അടുത്തിടെ കൂര്‍ഗില്‍ നടന്ന ജൂനിയര്‍ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ജഹാന്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ മിന്നുന്ന ഫോമിലായിരുന്നു.

ഫോം അന്താരാഷ്ട്ര റാലിയിലും തുടര്‍ന്ന 21-കാരന്‍ APRC R2 ക്ലാസില്‍ ഓവറോള്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും നിശ്ചയഢ്യത്തോടെ പൊരുതിയ ജഹാന്‍ തന്റെ കന്നി അന്താരാഷ്ട്ര കിരീടം കൈപ്പിടിയിലൊതുക്കി. മറ്റ്ഫലങ്ങളിലേക്ക് നീങ്ങിയാല്‍ മൈസൂരു സ്വദേശിയായ സുഹേം കബീറാണ് ജഹാനൊപ്പം ഇന്താനേഷ്യയില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ ഡ്രൈവര്‍.
ഒരു അന്താരാഷ്ട്ര റാലിയില്‍ ആദ്യമായി ഡ്രൈവ് ചെയ്ത സുഹേം തന്റെ നാവിഗേറ്റര്‍ പിവിഎസ് മൂര്‍ത്തിയ്ക്കൊപ്പം NVA വിഭാഗത്തില്‍ വിജയിക്കുകയും ഓവറോള്‍ 4-ാം സ്ഥാനം നേടുകയും ചെയ്തു. പരിചിതമല്ലാത്ത വഴുവഴുപ്പാര്‍ന്ന ഭൂപ്രകൃതിയുടെ വെല്ലുവിളികളെ വകഞ്ഞുമാറ്റിയ സുഹേമിന് ഇന്തോനേഷ്യ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ M2 ക്ലാസില്‍ രണ്ടാം സ്ഥാനം നേടാനും സാധിച്ചു.
റാലിയില്‍ തിരിച്ചുവരവിന്റെ പാതയിലുള്ള ബെംഗളൂരു സ്വദേശിയായ ലോകേഷ് ഗൗഡയും അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു. ജെകെ ടയര്‍ മോട്ടോര്‍സ്പോര്‍ട്സിനായി ഇറങ്ങിയ ലോകേഷ് NVA വിഭാഗത്തില്‍ രണ്ടാം സ്ഥാനവും M2 വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനം നേടിയെടുക്കാനും അദ്ദേഹത്തിനായി. ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ടിന് മറ്റൊരു തൂവല്‍ കൂടി സമ്മാനിച്ച ടീം ജെകെ ടയര്‍ മോട്ടോര്‍സ്പോര്‍ട്ടിന് മികച്ച ടീം പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചു.
ചരല്‍ നിറഞ്ഞ റോഡുകള്‍, വിശാലമായ തോട്ടങ്ങള്‍, വളഞ്ഞുപുളഞ്ഞ മലനിരകള്‍ എന്നിവയടക്കമുള്ള വിവിധ സാഹചര്യങ്ങളില്‍ നടന്ന ദനാവു തോബ റാലി റൈഡര്‍മാരുടെ കഴിവും നൈപുണ്യവുമെല്ലാം പരീക്ഷിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള പേരെടുത്ത ഡ്രൈവര്‍മാര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. സ്‌കോഡ ഫാബിയ റാലി2 ഇവോ ഓടിച്ച റിഫാത് സുങ്കര്‍ റാലിയില്‍ വിജയിയായി. എപിആര്‍സി 2023 ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്ടിന് ഒരു നാഴികക്കല്ലായിരുന്നു.
ജഹാന്‍, സുഹേം, ലോകേഷ് എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ഇന്ത്യന്‍ റാലി ഡ്രൈവര്‍മാരുടെ ഉദയത്തിനുള്ള തെളിവാണ്. വളര്‍ന്ന് വരുന്ന ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക വലിയ പ്രതീക്ഷ കൂടി നല്‍കുന്നുണ്ട് ഇവരുടെ വിജയം. ഇതിനായി പ്രവര്‍ത്തിക്കുന്ന ജെകെ ടയര്‍ മോട്ടോര്‍സ്പോര്‍ട്ടിന്റെയും വാംസി മെര്‍ല സ്പോര്‍ട്സ് ഫൗണ്ടേഷന്റെയും പരിശ്രമത്തിനും പിന്തുണക്കും കൈയ്യടി അര്‍ഹിക്കുന്നു. അന്താരാഷ്ട്ര റാലിയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ സ്വന്തമാക്കിയ ഈ അഭിമാനാര്‍ഹമായ നേട്ടത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








