ജെയിംസ് ബോണ്ട് ആരാധകനാണോ? സ്റ്റണ്ട് കാറും ബൈക്കും സ്വന്തമാക്കാന്‍ ഇതാ സുവര്‍ണാവസരം
വെള്ളിത്തിരയിലെ വിഖ്യാത കഥാപാത്രങ്ങളില്‍ ഒന്നായ ജെയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?. എങ്കില്‍ അടുത്ത മാസം നടക്കാന്‍ പോകുന്ന ലേലത്തില്‍ കാര്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണാവസരം കൈവന്നിരിക്കുകയാണിപ്പോള്‍.

ലണ്ടനിലെ അന്താരാഷ്ട്ര ലേലക്കാരായ ക്രിസ്റ്റീസാണ് ഇഒഎന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ജെയിംസ് ബോണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ അടുത്ത മാസം ലേലം നടത്താന്‍ പോകുന്നത്.

സര്‍ സീന്‍ കോണറി, ജോര്‍ജ്ജ് ലാസെന്‍ബി, സര്‍ റോജര്‍ മൂര്‍, തിമോത്തി ഡാള്‍ട്ടണ്‍, പിയേഴ്‌സ് ബ്രോസ്‌നന്‍, ഡാനിയല്‍ ക്രെയ്ഗ് എന്നിങ്ങനെ ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച ആറ് അഭിനേതാക്കളും ഉപയോഗിച്ച വ്യത്യസ്തങ്ങളായ വസ്തുക്കളും ലേലത്തിനുണ്ടാകും.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 സ്റ്റണ്ട് കാര്‍ 2022 സെപ്റ്റംബര്‍ 28 ന് ലണ്ടനില്‍ നടക്കുന്ന തത്സമയ ലേലത്തില്‍ ലേലം ചെയ്യും. ജെയിംസ് ബോണ്ടിനായി പ്രത്യേകം നിര്‍മ്മിച്ച എട്ട് കാറുകളില്‍ ഒന്നാണിത്. ആസ്റ്റണ്‍ മാര്‍ട്ടിനും ഇഒഎന്‍ പ്രൊഡക്ഷന്‍സും പൊതുവില്‍പ്പനയ്ക്കായി പുറത്തിറക്കിയ ഏക DB5 സ്റ്റണ്ട് കാറാണിത്.

ബ്രിട്ടീഷ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനും ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയും തമ്മില്‍ അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ അഭ്യേദ്യമായ ബന്ധമാണുള്ളത്. ഇതുവരെ പതിമൂന്ന് സിനിമകളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പ്രത്യക്ഷപ്പെട്ടു

നോ ടൈം ടു ഡൈ (2021) ന് വേണ്ടി മാത്രമായി നിര്‍മ്മിച്ചതാണ് DB5 സ്റ്റണ്ട് കാര്‍. എല്ലാ DB5 സ്റ്റണ്ട് കാറുകളും ഉപയോഗത്തിനായി വ്യത്യസ്ത രീതികളില്‍ പരിഷ്‌ക്കരിച്ചിരിക്കുന്നു.

സിനിമയുടെ ആവേശകരമായ ഓപ്പണിംഗ് ചേസ് സീക്വന്‍സില്‍ മഡലീന്‍ സ്വാനിനെ (ലിയ സെയ്ഡൗക്‌സ്) അരികിലിരുത്തി ജെയിംസ് ബോണ്ട് (ഡാനിയല്‍ ക്രെയ്ഗ്) ഇറ്റലിയിലെ മറ്റേരയിലൂടെ കാര്‍ പറത്തിയത് മനോഹര കാഴ്ചയായിരുന്നു. ചേസിനിടെ DB5 സ്റ്റണ്ട് കാര്‍ അവിശ്വസനീയമായ ചലനാത്മക കഴിവുകള്‍ പ്രകടമാക്കുന്നുണ്ട്. ഇതിനിടെ ഇരുതാരങ്ങളും തങ്ങളെ പിന്തുടരുന്നവരെ കബളിപ്പിച്ച് നഗരത്തിലൂടെ അതിവേഗത്തില്‍ ഓടിച്ച് പോകുന്നു. ഈ ജെയിംസ് ബോണ്ട് കാറില്‍ യന്ത്രത്തോക്കുകളടക്കം വിന്യസിക്കുന്നുണ്ട്.

സ്റ്റണ്ട് കാറിന്റെ ഡൈനാമിക് കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ആധുനിക 3.2 ലിറ്റര്‍ സ്ട്രെയിറ്റ് 6 പെട്രോള്‍ എഞ്ചിന്‍ കൂടി ഘടിപ്പിച്ചാണ് രൂപകല്‍പന ചെയ്തത്. ബോഡി പാനലുകള്‍ മുഴുവന്‍ കാര്‍ബണ്‍ ഫൈബറാണ്. ഇന്റീരിയര്‍ കരവിരുതാല്‍ ഡിസൈന്‍ ചെയ്യുന്നതിനും കാര്‍ബണ്‍ ഫൈബറാണ് ഉപയോഗപ്പെടുത്തിയത്.

സ്‌പെഷ്യല്‍ ഇഫക്ട് സൂപ്പര്‍വൈസര്‍ ക്രിസ് കോര്‍ബൗള്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ടീം പൂര്‍ണ്ണമായും പുതിയൊരു സസ്‌പെന്‍ഷനും ബ്രേക്കിംഗ് സംവിധാനവും വികസിപ്പിച്ചെടുത്തു.

വാഹനം കാണുന്ന കണ്ടീഷനിലാകും വില്‍ക്കപ്പെടുക. ഇത് യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് ലേലക്കാര്‍ വ്യക്തമാക്കി (കാറിന് രജിസ്‌ട്രേഷനോ ലൈസന്‍സോ അംഗീകാരമോ ഇല്ല). ഒപ്പം അതിന്റെ ഗതാഗതയോഗ്യത, ഗുണനിലവാരം, സുരക്ഷാ ആവശ്യകതകള്‍ എന്നിവയ്ക്ക് യാതൊരു ഗ്യാരണ്ടിയും നല്‍കുന്നില്ല.

ഈ വാഹനത്തെ ഗതാഗതയോഗ്യമായ വാഹനമാക്കി മാറ്റുന്നതിന് സാങ്കേതികവും നിയമപരവുമായ ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നേക്കാം. വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ദി പ്രിന്‍സ് ട്രസ്റ്റിലേക്കും ദി പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ടിലേക്കും നല്‍കും. ക്രിസ്റ്റീസ് അതിന്റെ മുഴുവന്‍ ബയോഴ്‌സ് പ്രീമിയവും സംഭാവന ചെയ്യും.

ഓണ്‍ലൈന്‍ ലേലത്തില്‍ (സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5 ജെയിംസ് ബോണ്ട് ദിനം വരെ) വാഹനങ്ങള്‍, വാച്ചുകള്‍, പോസ്റ്ററുകള്‍, വസ്തുവകകള്‍, വസ്ത്രങ്ങള്‍, ബിട്ടീഷ് ചാരനുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട മറ്റ് സ്മരണികകള്‍ എന്നിവയുള്‍പ്പെടെ 25 ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നിന്നുള്ള ഇനങ്ങള്‍ വില്‍ക്കപ്പെടും. വിഖ്യാതനായ ഇയാന്‍ ഫ്‌ലെമിംഗ് ആണ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ സൃഷ്ടി കര്‍ത്താവ്.

വെള്ളിത്തിരയില്‍ ജെയിംസ് ബോണ്ടിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് 'സിക്സ്റ്റി ഇയേഴ്സ് ഓഫ് ജെയിംസ് ബോണ്ട്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി ചാരിറ്റി വില്‍പ്പന നടത്തുന്നത്. ജെയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ന് GBP 1,5000,000 - 200,000, (1.5 മുതല്‍ 2.0 ദശലക്ഷം പൗണ്ട് വരെ) കണക്കാക്കുന്നു. ബോണ്ടിന്റെ DNA യുടെ ഭാഗമാണിതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് മൈക്കല്‍ ജി. വില്‍സന്റെ അഭിപ്രായം. 1,100 ഡിബി 5 കള്‍ മാത്രമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇതുവരെ നിര്‍മ്മിച്ചത്.

ട്രയംഫ് സ്‌ക്രാംബ്ലർ 1200 XE സ്റ്റണ്ട് ബൈക്കാണ് അത്തരത്തിലുള്ള മറ്റൊരു വിലയേറിയ ഇനം. നോ ടൈം ടു ഡൈ (2021) എന്ന സിനിമയില്‍ ജെയിംസ് ബോണ്ട് (ഡാനിയല്‍ ക്രെയ്ഗ്) ബൈക്കുമായി തെരുവുകളിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു. പിയാസയിലേക്ക് ബൈക്കില്‍ നിന്ന് നടത്തിയ സ്റ്റണ്ടിങ് ശ്രദ്ധേയമായിരുന്നു.

20,000-30,000 പൗണ്ടിനാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ ലേലത്തിന് വയ്ക്കുന്നത്. ഇറ്റാലിയന്‍ ആക്ഷന്‍ സീക്വന്‍സിനായി സ്‌ക്രാംബ്ലര്‍ 1200 XE പ്രത്യേകം പരിഷ്‌ക്കരിച്ചിരുന്നു. ഈ മോട്ടോര്‍സൈക്കിളും 'നോണ്‍-റണ്ണര്‍' വിഭാഗത്തിലാണ് വില്‍ക്കപ്പെടുന്നത്. കാണുന്ന കാഴ്ചയിലാകും വാഹനം വില്‍പ്പന നടത്തുക.

ഈ ബൈക്കും റോഡിലിറക്കാന്‍ സാധിച്ചേക്കണമെന്നില്ല. വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ തുകയും യുകെയിലെ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയായ സെവേണ്‍ ഹോസ്പിസിലേക്ക് സംഭാവന ചെയ്യും. കൂടാതെ ക്രിസ്റ്റീസ് അതിന്റെ മുഴുവന്‍ പ്രീമിയവും സംഭാവന ചെയ്യും.

1983-ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ 'ഒക്ടോപ്പസി' എന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ഇനമാണ് ഇംപീരിയല്‍ ഈസ്റ്റര്‍ എഗ്ഗും വില്‍പ്പനയ്ക്കെത്തുന്നുണ്ട്്.

വിഖ്യാത നടന്‍ ഷോണ്‍ കോണറിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാര്‍ 24 ലക്ഷം ഡോളറിന് കഴിഞ്ഞ ദിവസം ലേലത്തില്‍ പോയിരുന്നു. കോണറിയുടെ പക്കലുണ്ടായിരുന്ന ഏക ആസ്റ്റണ്‍ മാര്‍ട്ടിനായിരുന്നു ഇത്. കാലിഫോര്‍ണിയയിലെ മോണ്ടറെയിലായിരുന്നു ലേലം. ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നോയില്‍ (1962) കഥാപാത്രമായി എത്തിയത് സ്‌കോട്ടിഷ് നടനായ ഷോണ്‍ കോണറിയായിരുന്നു.

14 ലക്ഷം മുതല്‍ 18 ലക്ഷം ഡോളര്‍ വരെ ലഭിക്കുമെന്നായിരുന്നു കാറിന് ലേല നടത്തിപ്പുകാരായ ബ്രോഡ് ആരോ പ്രതീക്ഷിച്ചിരുന്നത്. ആരാണ് കാര്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ലേലത്തില്‍ ലഭിച്ച തുകയുടെ ഒരു ഭാഗം നടന്റെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 1964ല്‍ ഷോണ്‍ കോണറി ബോണ്ടായെത്തിയ 'ഗോള്‍ഡ് ഫിംഗറി'ലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ആദ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. 2018ല്‍ ബോണ്ട് ചിത്രങ്ങളില്‍ ഉപയോഗിച്ചത് പോലെയുള്ള സ്‌നോ ഷാഡോ ഗ്രേ നിറത്തിലെ ഒരു 1964 മോഡല്‍ DB5 പതിപ്പ് കോണറി സ്വന്തമാക്കുകയായിരുന്നു. 2020 ഒക്ടോബറില്‍ കോണറി മരിക്കുന്നത് വരെ കാര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു.


Click it and Unblock the Notifications








