പുത്തന്‍ തട്ടിപ്പ്.. ബൈക്ക് വാങ്ങുന്നവര്‍ ജാഗ്രതൈ; ഷോറൂമിന് ഷട്ടറിട്ട് ബുക്കിംഗ് തുകയുമായി മുങ്ങി ഡീലര്‍ഷിപ്പ്
നമ്മുടെ നാട്ടില്‍ അടുത്ത കാലത്തായി തട്ടിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇന്ന് എല്ലാം ഓണ്‍ലൈന്‍ ആയതോടെ തട്ടിപ്പുകളും സൈബര്‍ ലോകത്തേക്ക് മാറി. ഇത്തരം ഒരു ചുറ്റുപാടില്‍ ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു തട്ടിപ്പിന്റെ കഥയാണ് പുറത്ത് വരുന്നത്. എല്ലാ ബൈക്ക് പ്രേമികളും തന്റെ ഇഷ്ട ബൈക്ക് സ്വന്തമാക്കാന്‍ അത്രയേറെ സ്വപ്‌നം കണ്ടിരിക്കും.
അത് ഒരു കള്‍ട്ട് ക്ലാസിക് ബ്രാന്‍ഡില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും. ബൈക്ക് ബുക്ക് ചെയ്ത ഒരു ഡസനിനടുത്ത് വരുന്ന ഉപഭോക്താക്കളില്‍ നിന്നും പണംവാങ്ങി മുങ്ങിയ ഒരു ഡീലര്‍ഷിപ്പിന്റെ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഏവരെയും ഞെട്ടിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. പ്രശസ്ത വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെയും ക്ലാസിക് ലെജന്‍ഡ്സിന്റെയും ഉടമസ്ഥതയിലുള്ള ഒരു ബ്രാന്‍ഡാണിത്.

ഈ ബ്രാന്‍ഡിന്റെ മുംബൈയിലെ ഒരു ഔദ്യോഗിക ഡീലറാണ് വന്‍ തട്ടിപ്പ് നടത്തി ഷോറൂമിന് ഷട്ടറിട്ട് ഒളിവില്‍ പോയത്. ജാവ, യെസ്ഡിയുടെ മുംബൈയിലെ ബൈക്ക് ഡീലര്‍ഷിപ്പായ കെകെ മോട്ടോര്‍സിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബൈക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കളില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം കെകെ മോട്ടോര്‍സ് വാഹനം നല്‍കാതെ ഷോറൂമുകള്‍ക്ക് ഷട്ടറിട്ടതായാണ് വിവരം.
പത്തിലധികം ഉപഭോക്താക്കളില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം ഉടമകള്‍ ഒളിവില്‍ പോയതായാണ് പരാതിയില്‍ പറയുന്നത്. ഷോറൂം തുറന്നിട്ട് ഏറെ നാളായില്ല എന്ന കാരണത്താല്‍ ഉപഭോക്താക്കള്‍ മാനേജ്മെന്റിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് ബന്ദ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെകെ മോട്ടോര്‍സ് ഉടമകള്‍ ഉപഭോക്താക്കളില്‍ നിന്നായി 20 ലക്ഷത്തിലധികം രൂപ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്ക് ഡെലിവറി സംബന്ധിച്ച് നിരവധി തവണ ഉപഭോക്താക്കള്‍ ഷോറൂമുമായി ബന്ധപ്പെട്ടപ്പോള്‍ പല ഒഴിവുകഴിവുകളും പറയുകയായിരുന്നു ഡീലര്‍ഷിപ്പ്. ഷോറൂം അടച്ചുപൂട്ടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തങ്ങളുടെ ഉടമ ആശുപത്രിയിലാണെന്ന് വരെ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടവര്‍ കാരണം പറഞ്ഞു. ഈ കാരണങ്ങള്‍ എല്ലാം വിശ്വസിച്ച് ചില ഉപഭോക്താക്കള്‍ ക്ഷമയോടെ വാഹനം കൈയ്യില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ജൂലൈയില്‍ ഷോറൂം പൂര്‍ണമായും അടക്കുകയായിരുന്നു. മാത്രമല്ല എപ്പോള്‍ തുറക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഡീലര്‍ഷിപ്പ് മാനേജ്‌മെന്റിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഘട്ടത്തില്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി പത്തിലധികം ഉപഭോക്താക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പോലും കെകെ മോട്ടോര്‍സ് ഡെലിവറി വൈകിപ്പിച്ചുവെന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം.
ജാവയുടെ അഡ്വഞ്ചര്‍ ബൈക്ക് ബുക്ക് ചെയ്ത് മാര്‍ച്ച് മുതല്‍ കാത്തിരുന്നയാളുകള്‍ വരെയുണ്ട്. 15 ദിവസം കൊണ്ട് ഡെലിവറി നല്‍കാമെന്ന് പറഞ്ഞ ബൈക്ക് ഇതുവരെയും കിട്ടിയിട്ടില്ല. ഡെലിവറി വൈകുന്നതുമായി ബന്ധപ്പെട്ട് ഡീലര്‍ഷിപ്പില്‍ വിളിച്ചപ്പോള്‍ ചരക്കുനീക്ക സമയത്ത് ബൈക്കിന് തകരാര്‍ സംഭവിച്ചുവെന്നതടക്കമുള്ള ന്യായങ്ങളാണ് പലരോടും പറഞ്ഞത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം കോളുകള്‍ പോലും എടുക്കാതെയായെന്നാണ് വഞ്ചിക്കപ്പെട്ടവര്‍ പരാതി പറയുന്നത്.
ജൂലൈയില്‍ ഡീലര്‍ഷിപ്പ് അടച്ചതിന് പിന്നാലെ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തിയതോടെ സെപ്റ്റംബര്‍ രണ്ടിന് പൊലീസ് കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കെകെ മോട്ടോര്‍സിന്റെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ പരാതിയുമായി മുന്നോട്ട് വരണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. തങ്ങളുടെ ലീഗല്‍ ടീം വിഷയത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് ജാവ മോട്ടോര്‍സിന്റെ റീജ്യണല്‍ ഹെഡ് വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.
അന്വേഷണം പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തയാറായില്ല. ഓരോ ഉപഭോക്താവില്‍ നിന്നും 2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ ഡീലര്‍ഷിപ്പ് വാങ്ങിയിട്ടുണ്ട്. പലരും ബൈക്ക് എടുക്കുന്നതിനായി വായ്പയെടുത്താണ് ഡീലര്‍ഷിപ്പില്‍ പണമടച്ചത്.
ഐപിസി 420, 402 വകുപ്പുകള്‍ ചുമത്തിയാണ് ഡീലര്‍ഷിപ്പ് ഉടമകള്‍ക്കെതിരെ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡിന്റെ ഔദ്യോഗിക ഡീലര്‍ഷിപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരമൊരു തട്ടിപ്പ് വാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. അതിനാല്‍ വാഹനം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ വിശ്വാസ്യതയുള്ള ഡീലര്‍ഷിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ഏതായാലും തട്ടിപ്പിനിരയായ ഉപഭോക്താക്കള്‍ അന്വേഷണത്തില്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്.


Click it and Unblock the Notifications








