ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെച്ച് ജീപ്പ്
ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. കൊളറാഡോ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്വയറ്റ്കാറ്റുമായി സഹകരിച്ചാണ് ആദ്യ ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്.

ജീപ്പ് ഇലക്ട്രിക്ക് സൈക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനായി കമ്പനി ബുക്കിങ് ആരംഭിച്ചു. 2020 ജൂണ്‍ മാസത്തോടെ ഇലക്ട്രിക്ക് സൈക്കിള്‍ അമേരിക്കന്‍ വിപണികളില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ വിപണിയിലും പിന്നീട് ഘട്ടംഘട്ടമായി വില്‍പ്പന വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5,899 യുഎസ് ഡോളറാണ് (ഏകദേശം 4.26 ലക്ഷം രൂപ) ഇലക്ട്രിക്ക് സൈക്കിളിന്റെ വില.

ഇത് യുഎസ് സ്‌പെക്ക് കെടിഎം ബൈക്കുകളെക്കാള്‍ 400 യുഎസ് ഡോളര്‍ (ഏകദേശം 29,000 രൂപ) കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 750W ഇലക്ട്രിക്ക് മോട്ടോര്‍ ആണ് സൈക്കിളിന്റെ കരുത്ത്. ഈ മോട്ടോര്‍ 160 Nm torque ആണ് ഉത്പാദിക്കുന്നത്.

സൈക്കിളിന്റെ ഫ്രെയിമില്‍ തന്നെയാണ് ലിഥിയം അയണ്‍ ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റചാര്‍ജില്‍ ഏകദേശം 64 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. യുഎസ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 20mph (എകദേശം 32mph) ആണ് ഉയര്‍ന്ന വേഗത.

10 സ്പീഡ് ഗിയര്‍ബോക്‌സും ഇലക്ട്രിക്ക് സൈക്കിളിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പെഡല്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മടുപ്പ് ഉണ്ടാകില്ലെന്നും കമ്പനി അവകാശപ്പെടുന്നു. പിന്നില്‍ 120 mm ഫയര്‍-ലിങ്ക് സസ്‌പെന്‍ഷനും മുന്നില്‍ 150 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ 26' x 4.8' ഫാറ്റ് ടയറുകളും സൈക്കിളിന്റെ സവിശേഷതയാണ്. സുരക്ഷക്കായി 203 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് ഇരുവശങ്ങളിലും നല്‍കിയിരിക്കുന്നത്. 17 ഇഞ്ച്, 19 ഇഞ്ച് എന്നിങ്ങനെ രണ്ട് ഫ്രെയിം ഓപ്ഷനില്‍ ഇലക്ട്രിക്ക് സൈക്കിള്‍ ലഭ്യമാകും.

യുവാക്കളുടെ ഇടയില്‍ ഇലക്ട്രിക്ക് സൈക്കിളുകള്‍ക്കും ആവശ്യക്കാര്‍ കൂടുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ പദ്ധതിയുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളും ഇതിലേക്ക് ചുവടുവെച്ചിരിക്കുന്നത്. അതേസമയം ഓഫ് റോഡ്, സാഹസിക യാത്രകള്‍ക്ക് മാത്രമായി M2S പോലുള്ള ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ വിപണിയില്‍ സജീവമാണ്.

ജീപ്പ് ഇലക്ട്രിക്ക് സൈക്കിളുകളെക്കാള്‍ വില കുറവെന്നതും M2S ഇലക്ട്രിക്ക് സൈക്കിളുകളുടെ സവിശേഷതയാണ്. അടുത്തിടെയാണ് ഹീറോയും ഇലക്ട്രിക്ക് സൈക്കിള്‍ നിരയിലേക്ക് പുതിയ മോഡലുകളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications








