കെട്ടുന്നത് യുവ നടിയെ; ഇന്ത്യയില്‍ 6 എണ്ണം മാത്രമുള്ള റോള്‍സ് റോയ്‌സ് സ്വന്തമാക്കി ഇൻഫ്ലുവന്‍സറായ ജ്വല്ലര്‍
സെലിബ്രിറ്റികള്‍, അതിസമ്പന്നര്‍, സംരംഭകര്‍ എന്നിവര്‍ മാത്രമല്ല സമീപകാലത്തായി സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍മാരും വലിയ വരുമാനം നേടി തങ്ങളുടെ സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. ചിലര്‍ ലക്ഷ്വറി കാറുകള്‍ വാങ്ങുമ്പോള്‍, ചിലര്‍ സൂപ്പര്‍കാറുകള്‍ക്ക് പിന്നാലെ പോകുന്നു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറും പ്രസാദ് നാഗര്‍ക്കര്‍ (Prasad Nagarkar) അടുത്തിടെ റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ സ്വന്തമാക്കി. ഫിറ്റ്‌നസ് ഇൻഫ്ലുവന്‍സറായ പ്രസാദ് ആഭരണ വ്യവസായി കൂടിയാണ്. അദ്ദേഹത്തിന്റെ കാമുകിയായ കുഹു പരഞ്ജപെയാണ് (Kuhoo Paranjape) റോള്‍സ് റോയ്‌സ് ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
സോഷ്യല്‍ മീഡിയ താരവും മറാത്തിയിലെ വളര്‍ന്നുവരുന്ന നടിയുമാണ് കുഹു പരഞ്ജപെ. ടിവി സീരിയലുകളിലൂടെയും മോഡലിംഗിലൂടെയുമാണ് കുഹു ശ്രദ്ധേയയായത്. റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ പ്രസാദിന്റെ വീട്ടിലേക്ക് ഹോം ഡെലിവറി ചെയ്യുകയായിരുന്നുവെന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതിനാലാണ് നടി കാര്‍ ഡെലിവറിയെടുത്ത വിവരം സ്വന്തം ഇന്‍സ്റ്റ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്.

ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ സ്വന്തമായിട്ടുള്ള ഏക സോഷ്യല്‍ മീഡിയ കപ്പിള്‍സ് ഒരുപക്ഷേ ഇവരായിരിക്കും. പുതിയ റോള്‍സ് റോയ്‌സ് കാര്‍ പ്രസാദ് നാഗര്‍ക്കര്‍ ഒരു ഹെലിപാഡില്‍ വെച്ചാണ് അവതരിപ്പിച്ചത്. അദ്ദേഹം വാങ്ങിയത് ഒരു കണ്‍വെര്‍ട്ടിബിള്‍ റോള്‍സ് റോയ്‌സ് കാറാണ്. ഈ മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്കില്ലാത്തതിനാല്‍ ഇത് യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് സ്വന്തമാക്കിയതാണെന്ന് സംശയിക്കുന്നു.
ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ വളരെ അപൂര്‍വമായ ഒന്നായതിനാല്‍ തന്നെ പ്രസാദിന്റെ ഏറ്റവും പുതിയ പര്‍ച്ചേസ് കൂടുതല്‍ സവിശേഷമാകുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ റോള്‍സ് റോയ്‌സിന്റെ പ്രശസ്തമായ സെഡാന്‍ മോഡലായ ഫാന്റത്തിനെ അടിസ്ഥാനമാക്കിയാണ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാറിന് രണ്ട് ഡോറുകളും നാല് സീറ്റുകളുമുണ്ട്.

നീല നിറത്തിലുള്ള ബോഡിയും മുന്‍വശത്തെ ബോണറ്റിലും കാറിന്റെ പിന്നിലും സില്‍വര്‍ കളറുമുള്ള ഡ്യുവല്‍ ടോണ്‍ ഫിനിഷിലുള്ള റോള്‍സ് റോയ്‌സ് ആണ് പ്രസാദ് നാഗര്‍ക്കര്‍ വാങ്ങിയത്. ജ്വല്ലര്‍ വാങ്ങിയത് പഴയ തലമുറയിലെ റോള്‍സ് റോയ്‌സ് ഫാന്റത്തിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ ആയതിനാല്‍ ഇന്റീരിയര്‍ നിലവിലെ തലമുറയില്‍ നിന്ന് വ്യത്യസ്തമാണ്.
വുഡില്‍ അലങ്കരിച്ച ക്യാബിനിലെ ഡാഷ്ബോര്‍ഡില്‍ പ്രസാദ് നാഗര്‍ക്കറിന്റെ പേര് കൊത്തിവെച്ചിരിക്കുന്നത് കാണാം. കാര്‍ വാങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്തതായി തോന്നുന്നു.ഇതിനായി, റോള്‍സ് റോയ്‌സ് വിപുലമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പ്രസാദ് നാഗര്‍ക്കര്‍ റോള്‍സ് റോയ്‌സില്‍ നിന്ന് തന്നെയാണോ അതോ യൂസ്ഡ് ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണോ ഈ കസ്റ്റമൈസേഷന്‍ ചെയ്തതെന്ന് വ്യക്തമല്ല.

6.75 ലിറ്റര്‍ V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെക്ക് തുടിപ്പേകുന്നത്. പരമാവധി 460 bhp പവറും 720 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ വളരെ അപൂര്‍വമായി മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്ന ഒരു റോള്‍സ് റോയ്‌സ് കാറാണ് ഇത്.
ഇന്ത്യയില്‍ ആറ് റോള്‍സ് റോയ്‌സ് ഡ്രോപ്പ്‌ഹെഡ് കൂപ്പെ കാറുകള്‍ മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനം വില്‍പ്പനക്കുണ്ടായിരുന്നപ്പോള്‍ ഈ കാറിന്റെ വില 7.60 കോടി രൂപയായിരുന്നു. പ്രസാദ് നാഗര്‍ക്കറുടെ ഗരാജില്‍ ഇതല്ലാതെ വേറെയും വിലകൂടിയ കാറുകള്‍ ഉണ്ട്. കുഹു പരഞ്ജപെ പങ്കുവെച്ച ചിത്രങ്ങളില്‍ ഈ റോള്‍സ് റോയ്‌സ് കാറിന് പിന്നില്‍ ഒരു പച്ച ബെന്റ്‌ലിയും ഒരു മെര്‍സിഡീസ് ബെന്‍സ് G63 AMG-യും കാണപ്പെടുന്നു.


Click it and Unblock the Notifications








