കാറില്‍ ചാരിയതിന് മര്‍ദനമേറ്റ കുട്ടി ഡിസ്ചാര്‍ജായാല്‍ കാത്തിരിക്കുന്നത് ഒരു 'കാര്‍ണിവല്‍'
കാറില്‍ ചാരിനിന്നതിന് യുവാവ് രാജസ്ഥാനി ബാലനെ മര്‍ദ്ദിച്ച സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍ പുറത്തിറങ്ങിയ ഉടന്‍ തന്റെ കിയ കാര്‍ണിവല്‍ കാറില്‍ യാത്ര ഒരുക്കുമെന്ന് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി.

കഴിഞ്ഞ ആഴ്ചയായിരുന്നു തന്റെ കാറില്‍ ചാരി നിന്നതിന് 6 വയസ്സുകാരനായ ഗണേഷിനെ ടാറ്റ ടിയാഗോ ഉടമ ചവിട്ടി വീഴ്ത്തിയത്. സംഭവം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കുട്ടിയെ മര്‍ദ്ദിച്ച പൊന്ന്യംപാല സ്വദേശിയായ ശിഹ്ഷാദിനെ കേസെടുക്കാതെ പൊലീസ് വിട്ടതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കനത്തതോടെ പ്രതി അറസ്റ്റിലായി. രാജസ്ഥാനി തൊഴിലാളിയുടെ കുട്ടിക്കായിരുന്നു മര്‍ദ്ദനമേറ്റത്. ശിഹ്ഷാദിന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

എന്തിനാണ് ഇയാള്‍ തന്നെ ചവിട്ടിയയെതന്നറിയാതെ പകച്ച് നില്‍ക്കുന്ന കുട്ടിയുടെ മുഖം ഓരോ മലയാളിയുടെ മനസ്സിനെയും നൊമ്പരപ്പെടുത്തിയിരുന്നു. സംഭവത്തെ അപലപിച്ച് ഒരുപാട് പേര്‍ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. ആശുപത്രിയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അവനെ കാത്ത് ഒരു സന്തോഷവാര്‍ത്ത ഉണ്ടാവും.

ഡിസ്ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍ കുട്ടിയെ തന്റെ കിയ കാര്‍ണിവല്‍ ആഡംബര എംപിവിയില്‍ സവാരി വാഗ്ദാനം ചെയ്തിരിക്കുകയാണ് മലയാളി വ്യവസായി. തിരുവനന്തപുരത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗണേഷിനെ സന്ദര്‍ശിച്ച ടോണി വര്‍ക്കിച്ചന്‍ രക്ഷിതാക്കളെ ആശ്വസിപ്പിക്കുകയും 20,000 രൂപ സഹായമായി നല്‍കുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് ആക്രമിക്കപ്പെട്ടതെന്നോ കുട്ടിക്ക് ഇപ്പോഴും അറിയില്ലെന്നാണ് കുടുംബം പറയുന്നത്. മര്‍ദനമേറ്റതിന്റെ ഞെട്ടലില്‍ നിന്ന് ഗണേഷും മാതാപിതാക്കളുടെ ഇനിയും മുക്തരായിട്ടില്ല. പരിഭ്രാന്തരായ കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗും ടോണി വര്‍ക്കിച്ചന്‍ വാഗ്ദാനം ചെയ്തു.

ഇതിനുപുറമെ ഗണേഷിനും കുടുംബത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കുമെന്നും ആവശ്യമായ മറ്റ് സഹായങ്ങള്‍ ചെയ്യുമെന്നും ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഗണേഷിന്റെ മാതാപിതാക്കളുടെ മൊഴി ശേഖരിക്കും.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ശിഹ്ഷാദാണ് കുട്ടിയെ മര്‍ദ്ദിച്ചത്. നോ പാര്‍ക്കിംഗ് സോണിലാണ് ശിഹ്ഷാദ് ടാറ്റ ടിയാഗോ പാര്‍ക്ക് ചെയ്തിരുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കിയിരുന്നു. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് നോട്ടിസ് നല്‍കും. നോ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നോട്ടീസില്‍ പറയുന്നത്. ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്ന കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വിവാഹത്തിന് വസ്ത്രമെടുക്കാനാണ് പ്രതി തലശ്ശേരിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി കാറില്‍ ചാരി നിന്നത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ചവിട്ടിയത്. മര്‍ദ്ദനമേറ്റ കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രതിയുടെ വാദം. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാരില്‍ ചിലര്‍ഇടപെട്ടിരുന്നു. പിന്നാലെ ഇയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


Click it and Unblock the Notifications








