5 ലക്ഷത്തിന് മാരുതി 800 'ദേസി ലംബോര്‍ഗിനി'യാക്കി! ഇങ്ങേരെ മിക്കവാറും ഇറ്റലിക്കാര്‍ 'പൊക്കും'
സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ച വ്യക്തികളുടെ എണ്ണമറ്റ കഥകള്‍ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരാണ് ജാര്‍ഖണ്ഡിലെ സരായ്‌കേല സ്വദേശിയായ മുഹമ്മദ് ആരിഫ് എന്ന മെക്കാനിക്ക്. തന്റെ കഠിനാധ്വാനത്തിലൂടെ സാധാരണക്കാരന്റെ വാഹനമായ മാരുതി 800 ലോകോത്തര സൂപ്പര്‍ കാറായ ലംബോര്‍ഗിനിയുടെ രൂപത്തിലേക്ക് മാറ്റിയാണ് ഈ മെക്കാനിക്ക് താരമായി മാറിയത്. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഈ 'ദേശി ലംബോര്‍ഗിനി' വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മോഡിഫൈഡ് കാറിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
സരായ്‌കേലയില്‍ 'ടാര്‍സന്‍ ഗാരേജ്' എന്ന സ്ഥാപനം നടത്തുന്ന ആരിഫ് അജയ് ദേവ്ഗണ്‍ നായകനായി 2004-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'ടാര്‍സന്‍: ദ വണ്ടര്‍ കാര്‍' എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. പഴയ മാരുതി 800 കാറിനെ പൂര്‍ണമായും അഴിച്ചുപണിതാണ് അദ്ദേഹം ലംബോര്‍ഗിനിയുടെ രൂപത്തിലേക്ക് മാറ്റിയത്. എഞ്ചിന്‍ ഒഴികെയുള്ള ഭൂരിഭാഗം ഭാഗങ്ങളും സ്വന്തമായി ഡിസൈന്‍ ചെയ്താണ് കൂട്ടിച്ചേര്‍ത്തത്.

തന്റെ ടീമിലെ ആറ് മെക്കാനിക്കുകള്‍ക്കൊപ്പം ഏകദേശം രണ്ട് വര്‍ഷമെടുത്താണ് ആരിഫ് ഈ മോഡിഫൈഡ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാഹനത്തിന്റെ ബോഡി പാനലുകള്‍ വെല്‍ഡ് ചെയ്യുന്നതും പാര്‍ട്‌സുകള്‍ സംയോജിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ജോലികള്‍ ഗരാജില്‍ തന്നെയാണ് നിര്‍വഹിച്ചത്. കാഴ്ചയില്‍ ഒരു ആഡംബര സ്‌പോര്‍ട്‌സ് കാറിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ എക്സ്റ്റീരിയര്‍ ആരിഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഈ രൂപമാറ്റത്തിനായി ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചിലവ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി കാറുകളുടെ സ്‌പോര്‍ട്ടി ലുക്ക് കുറഞ്ഞ ചിലവില്‍ പകര്‍ത്താന്‍ ആരിഫിന് സാധിച്ചു. ലംബോര്‍ഗിനിയുടെ സിഗ്‌നേച്ചര്‍ ലുക്കായ ലോ-സ്ലംഗ് പ്രൊഫൈലും ഷാര്‍പ്പര്‍ ബോഡി ലൈനുകളും അതേപടി നിലനിര്‍ത്താന്‍ മെക്കാനിക്കുകള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കാറിന്റെ ഇന്റീരിയര്‍ ലംബോര്‍ഗിനി മോഡലുകള്‍ക്ക് സമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്. മോഡിഫിക്കേഷനുകളുടെ കൂട്ടത്തില്‍ ആഡംബര കാറുകളില്‍ കാണാറുള്ള ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും വാഹനത്തിന്റെ ശബ്ദത്തില്‍ മാറ്റം വരുത്താന്‍ പ്രത്യേക എക്സ്ഹോസ്റ്റ് സിസ്റ്റം ഘടിപ്പിക്കാനും ആരിഫ് മറന്നില്ല. ഇത് കേവലം ഒരു ഷോ പീസ് ആയല്ല, മറിച്ച് നിരത്തിലൂടെ ഓടിക്കാവുന്ന രീതിയിലാണ് ആരിഫ് സജ്ജീകരിച്ചിരിക്കുന്നത് എന്ന കാര്യം കൂടിയാണ് എടുത്ത് പറയണം.
യഥാര്‍ത്ഥ ലംബോര്‍ഗിനി കാറുകള്‍ക്ക് ഇന്ത്യയില്‍ 4 കോടി മുതല്‍ 9 കോടി രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഉറുസ്, റെവെല്‍റ്റോ തുടങ്ങിയ ലോകോത്തര മോഡലുകള്‍ നിര്‍മ്മിക്കുന്ന ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ കാറുകള്‍ പുറത്തെടുക്കുന്ന പെര്‍ഫോമന്‍സ് ഈ മോഡിഫൈഡ് കാറില്‍ പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, കാഴ്ചയില്‍ ലംബോകളോട് കിടപിടിക്കുന്ന രൂപസാദൃശ്യം നല്‍കിയ ആരിഫിന്റെയും സഹപ്രവര്‍ത്തകരായ മെക്കാനിക്കുമാരുടെയും വൈദഗ്ധ്യത്തിന് കൈയ്യടിക്കുകയാണ് വാഹനപ്രേമികള്‍.

മാരുതി 800-ന്റെ വിശ്വാസ്യതയും ലംബോര്‍ഗിനിയുടെ പ്രൗഢിയും ഒത്തുചേര്‍ന്ന ഈ മോഡിഫൈഡ് കാര്‍ കാണാന്‍ ആരിഫിന്റെ ഗ്രാമത്തിലേക്ക് ജനങ്ങള്‍ ഒഴുകുയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ആരിഫിന്റെ കരവിരുത് കാണാന്‍ ടാര്‍സന്‍ ഗരാജിലേക്ക് എത്തുന്നു. ഇന്ത്യയിലെ ലോക്കല്‍ മെക്കാനിക്കുകളുടെ സര്‍ഗാത്മകതയ്ക്കും സാങ്കേതിക പരിജ്ഞാനത്തിനുമുള്ള ഉത്തമ ഉദാഹരണമായാണ് നെറ്റിസണ്‍സ് ആരിഫിന്റെ സൃഷ്ടിയെ ഉയര്‍ത്തിക്കാണിക്കുന്നത്.
മെക്കാനിക്കിന്റെ പ്രയത്‌നം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും വാഹനങ്ങളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ഇന്ത്യയില്‍ നിയമം വഴി നിയന്ത്രിച്ചിട്ടുണ്ട്. കാറില്‍ ഇത്തരത്തില്‍ വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുമ്പോള്‍ രജിസ്‌ട്രേഷന്‍ നിയമങ്ങളും ആര്‍ടിഒ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും മെക്കാനിക്കല്‍ വശങ്ങളും കൃത്യമായി പരിശോധിച്ചാല്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഇറക്കാന്‍ അനുവദിക്കൂ. എന്നിരുന്നാലും, ഒരു സാധാരണ മെക്കാനിക്കിന്റെ ഈ വലിയ സ്വപ്നം ഇന്ന് പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications








