പാർട്ടി വേണ്ടെന്നു വെച്ചതിന് ഇത് "കിംഗ് ഖാന്റെ" സമ്മാനം; പുത്തൻ ഹയബൂസയുടെ കഥ വെളിപ്പെടുത്തി ജോൺ എബ്രഹാം
ബൈക്കിന്റെയും ബോളിവുഡിനെയും കാര്യത്തിലേക്ക് വരുമ്പോൾ നമ്മുടെ മനസിലേക്ക് ഓടി എത്തുന്ന ഒരേ ഒരു പേരേയുള്ളൂ, അത് ജോൺ എബ്രഹാമിന്റേതാണ്. വലിയൊരു ബൈക്ക് പ്രേമിയും കളക്ടറുമാണ് അദ്ദേഹം എന്ന് നമുക്ക് എല്ലാവർക്കും അറിയാം. വിലകൂടിയ നിരവധി സ്‌പോർട്‌സ് ബൈക്കുകൾ അദ്ദേഹത്തിൻ്റെ ഗാരേജിൽ ഉണ്ട്. താരം ഒരു കറകളഞ്ഞ ബൈക്കറാണ്, ബൈക്കുകളോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം ചലചിത്ര മേഘലയിലെ സെലിബ്രിറ്റികൾക്കിടയിൽ അറിയപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ വർഷം ജോൺ എബ്രഹാം ഒരു പുതിയ, ഇപ്പോഴത്തെ ജെനറേഷൻ സുസുക്കി ഹയാബുസ സൂപ്പർബൈക്ക് സ്വന്തമാക്കിതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ്, നടൻ ഷാരൂഖ് ഖാൻ്റെ സമ്മാനമാണ് ഈ ബൈക്ക് എന്ന് ജോൺ വെളിപ്പെടുത്തിയത്. കാർസ് ഫോർ യു തങ്ങളുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ, ജോൺ എബ്രഹാം തൻ്റെ വരാനിരിക്കുന്ന ചിത്രമായ "വേദ" യുടെ പ്രമോഷൻ്റെ ഭാഗമായി പങ്കെടുത്ത ഒരു ടെലിവിഷൻ അഭിമുഖത്തിൽ മോട്ടോർ സൈക്കിളുകളോടുള്ള തൻ്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

അപ്പോഴാണ് അദ്ദേഹം തൻ്റെ ഹയബൂസയെ കുറിച്ച് പരാമർശിച്ചതെന്നും വ്ലോഗർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഠാൻ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനൊപ്പമാണ് ജോൺ എബ്രഹാം അഭിനയിച്ചത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വമ്പൻ കളക്ഷൻ നേടുകയും ചെയ്തു.
വിജയാഘോഷത്തിൻ്റെ ഭാഗമായി ഷാരൂഖ് ഖാൻ ഒരു പാർട്ടി സംഘടിപ്പിച്ചു. എന്നാൽ ഫിറ്റ്നസ് പ്രേമിയായ ജോൺ എബ്രഹാം ഷാരൂഖ് ഖാനോട് പറഞ്ഞു, താൻ സാധാരണയായി നേരത്തെ ഉറങ്ങാൻ പോകുന്നതിനാൽ രാത്രി വൈകിയുള്ള പാർട്ടികളിൽ തനിക്ക് താൽപ്പര്യമില്ല എന്ന് വ്യക്തമാക്കി. അപ്പോഴാണ് ജോണിന് ഒരു സമ്മാനം വേണോ എന്ന് ഷാരൂഖ് ഖാൻ ചോദിച്ചത്.
തൻ്റെ ഗാരേജിൽ മറ്റൊരു ബൈക്ക് ചേർക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ല എന്ന് ജോൺ അതിനു മറുപടിയും നൽകി. അങ്ങനെയാണ് ഷാരൂഖ് ഖാൻ അദ്ദേഹത്തിന് ഒരു സുസുക്കി ഹയബൂസ സമ്മാനിക്കാൻ തീരുമാനിച്ചത് എന്നാണ് ധൂം താരത്തിന്റെ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. യഥാർത്ഥത്തിൽ ഹയബൂസയെ ഇന്ത്യൻ വിപണിയിൽ ജനപ്രിയമാക്കിയ നടനായിരുന്നു ജോൺ എന്ന് നിസംശയം പറയാം.
അതിനുശേഷം, അദ്ദേഹം തൻ്റെ ഗാരേജ് ഹയബൂസയുടെ ഏറ്റവും പുതിയ മോഡലുകൾ ഉപയോഗിച്ച് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. 2023 സുസുക്കി ഹയാബുസ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലഭ്യമാണ്, 16.91 ലക്ഷം രൂപയാണ് ഈ സൂപ്പർബൈക്കിന്റെ എക്സ്-ഷോറൂം വില . നിലവിലെ തലമുറയിലെ ഹയബൂസയുടെ രൂപകല്പന പഴയ പതിപ്പിൽ നിന്നുമുള്ള ഒരു പരിണാമമാണ് എന്ന് പറയാം.

1,340 സിസി, ഇൻ -ലൈൻ ഫോർ സിലിണ്ടർ എൻജിനാണ് ഇതിന്റെ ഹൃദയം. ലിക്വിഡ് കൂൾഡ് എഞ്ചിൻ പരമാവധി 190 PS പവറും 150 Nm പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. ഇലക്ട്രോണിക് എയ്ഡുകളുടെയും ഫീച്ചറുകളുടെയും ഒരു വമ്പൻ നിരയുമായാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.
ജോൺ എബ്രഹാമിൻ്റെ പുതിയ ഹയബൂസ സൂപ്പർബൈക്ക് മുമ്പ് നിരവധി വീഡിയോകളിൽ നാം കണ്ടിട്ടുണ്ട്. മെറ്റാലിക് മാറ്റ് വോൾ, കാൻഡി ഡെയറിംഗ് റെഡ് ഷെയ്ഡുകളിലുള്ള ബൈക്കാണ് അദ്ദേഹത്തിന് ഷാരൂഖിന്റെ സമ്മാനമായി ലഭിച്ചത്. ഹയബൂസ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായിട്ടാണ്, അതായത് ഇത് പ്രത്യേക പാക്കേജിംഗിലാണ് വരുന്നത്. സുസുക്കി ഇന്ത്യയുടെ ഗുരുഗ്രാം പ്ലാൻ്റിൽ പാർട്സുകൾ ഇറക്കുമതി ചെയ്യുകയും പിന്നീട് ഇന്ത്യയിൽ അസംബിൾ ചെയ്യുകയും ചെയ്യുന്നു.


Click it and Unblock the Notifications








