ആദ്യ ശമ്പളം 4 ലക്ഷം, ഇന്ന് 60 കോടി! 42-ാം വയസില്‍ പ്രൈവറ്റ് ജെറ്റടക്കം കോടികളുടെ വാഹനങ്ങളുള്ള നടന്‍
ഒരു അഭിനേതാവിന്റെ കരിയര്‍ മാറിമറിയാന്‍ ഒറ്റ സിനിമ മതിയെന്നതിന് ഒത്തിരി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷുമെല്ലാം പാന്‍ ഇന്ത്യന്‍ സ്റ്റാറുകള്‍ ആയി. സമാനമായ രീതിയില്‍ ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകനായ എസ്എസ് രാജമൗലി ആഗോള പ്രശസ്തിയിയിലേക്ക് ഉയര്‍ത്തിയ രണ്ട് നടന്‍മാരാണ് നന്ദമൂരി താരക് രാമറാവു ജൂനിയറും (ജൂനിയര്‍ എന്‍ടിആര്‍) രാംചരണും. ബോക്‌സ്ഓഫീസില്‍ കൊടുങ്കാറ്റായി മാറിയ ആര്‍ആര്‍ആറിന് മുമ്പ് തന്നെ ജൂനിയര്‍ എന്‍ടിആറും രാജമൗലിയും മുമ്പും ടോളിവുഡിന് ചില ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. സംഗീതത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാര നേട്ടത്തിലൂടെ ആര്‍ആര്‍ആറിന്റെ കീര്‍ത്തി വന്‍കരകള്‍ കടന്നപ്പോള്‍ എന്‍ടിആറിനും രാംചരണിനും ആഗോള പ്രശസ്തി ലഭിച്ചു.
ഇക്കഴിഞ്ഞ ദിവസം കൃത്യമായി പറഞ്ഞാല്‍ മെയ് 20-നാണ് ജൂനിയര്‍ എന്‍ടിആര്‍ (Jr NTR) തന്റെ 42-ാം ജന്മദിനം ആഘോഷിച്ചത്. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ 'വാര്‍ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ പോകുകയാണ് താരമിപ്പോള്‍. ജന്മിനത്തിന്റെ അന്ന് എന്‍ടിആര്‍ ഫാന്‍സിന് ആഘോഷിക്കാനായി ചിത്രത്തിന്റെ ടീസര്‍ വാര്‍ 2 അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്‍ടിആറിന്റെ ജന്മദിനത്തിന് മറ്റ് ചില രസകരമായ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ബാലതാരമായി ടോളിവുഡില്‍ അരങ്ങേറിയ 'യംഗ് ടൈഗര്‍' ആദ്യമായി നായകനായി എത്തിയ നിന്നു ചൂഡലാനി എന്ന ചിത്രത്തിലെ പ്രതിഫലമായിരുന്നു അത്. GQ ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കന്നി ചിത്രത്തിന് ജൂനിയര്‍ എന്‍ടിആറിന് ലഭിച്ച പ്രതിഫലം വെറും 4 ലക്ഷം രൂപയായിരുന്നു. ഇന്ന് വാര്‍2 എന്ന ഒറ്റ സിനിമക്കായി അദ്ദേഹം വാങ്ങുന്നത് 60 കോടി രൂപയാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്കിലെ ഇതിഹാസ നടനുമായ എന്‍ടി രാമറാവുവിന്റെ കൊച്ചുമകനായ ജൂനിയര്‍ എന്‍ടിആര്‍ വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചതെന്ന് തന്നെ വേണമെങ്കില്‍ പറയാം. പാരമ്പര്യമായി കിട്ടിയ സ്വത്തുകള്‍ക്ക് പുറമെ താരം കോടികള്‍ സ്വന്തമായി സമ്പാദിച്ചിട്ടുണ്ട്. അതില്‍ വലിയൊരു പങ്ക് കാറുകള്‍ വാങ്ങിക്കൂട്ടാനാണ് അദ്ദേഹം ചെലവഴിക്കുന്നത്. ഈ ലേഖനത്തില്‍ തെലുഗു സൂപ്പര്‍ താരത്തിന്റെ കാറുകള്‍ പരിചയപ്പെടാം.

പട്ടികയില്‍ ആദ്യം ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസിന്റെ അള്‍ട്രാ ലക്ഷ്വറി ബ്രാന്‍ഡായ മെയ്ബാക്കിന്റെ S580 ആണ്. ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ഈ മെയ്ബാക്ക് മോഡല്‍. നിലവില്‍ 2.70 കോടി രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 48V മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള 4 ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. അള്‍ട്രാ ലക്ഷ്വറി കാറില്‍ വേണ്ട എല്ലാ ലക്ഷ്വറി ഫീച്ചറുകളും ഇതിലുണ്ട്.
പട്ടികയില്‍ അടുത്തത് ലംബോര്‍ഗിനി ഉറൂസ് ആണ്. ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ ഉറൂസ് സെലിബ്രിറ്റികള്‍ക്കിയില്‍ ഏറെ പ്രശസ്തമാണ്. നടന്റെ കൈയ്യിലുള്ള മെയ്ബാക്കിനേക്കാള്‍ വില കൂടുതലാണ് ഈ ലംബോര്‍ഗിനിക്ക്. ജൂനിയര്‍ എന്‍ടിആറിന്റെ ഗരാജിലുള്ള ഏറ്റവും വിലയേറിയ കാര്‍ കൂടിയാണ് ഉറൂസ്. 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനുമായി വരുന്ന ഈ മോഡലിലും നിരവധി കംഫര്‍ട്ട് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു.

5 കോടിയോളം വരുന്ന ഉറൂസിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനായി മാത്രം താരം 17 ലക്ഷം പൊടിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ജര്‍മന്‍ മോഡല്‍ ആണ് ബിഎംഡബ്ല്യു 7 സീരീസ്. ഈ കാറിന്റെ ഡീസല്‍ വേരിയന്റാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ലക്ഷ്വറി കാര്‍ ബാവേറിയന്‍ ബ്രാന്‍ഡ് 1.84 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണനം ചെയ്യുന്നത്. ബിഎംഡബ്ല്യു 7-സീരീസ് ആഡംബര സെഡാനില്‍ നൂതന സാങ്കേതികവിദ്യകളും സുരക്ഷാ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സെലിബ്രിറ്റികള്‍ അടുത്ത കാലത്തായി മത്സരിച്ച് വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വിലയേറിയ എംപിവികളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ഏകദേശം 5 മീറ്റര്‍ നീളവും 1.85 മീറ്റര്‍ വീതിയുമുള്ള ഈ കാറിന്റെ അകത്തളത്തില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്രക്ക് സമാനമായ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നു. നിലവില്‍ 1.22 കോടി മുതല്‍ 1.32 കോടി വരെ പോകുന്നു. ഇവ കൂടാതെ ജൂനിയര്‍ എന്‍ടിആറിന് റേഞ്ച് റോവര്‍ വോഗ് എന്ന വിലയേറിയ കാറും സ്വന്തമായുണ്ട്.

ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് കാര്‍ സ്വന്തമാക്കി ഇവികളോടും അദ്ദേഹം താല്‍പര്യം കാണിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്റെ ആസ്തി 500 കോടിക്ക് മേല്‍ വരും. മാത്രമല്ല 80 കോടിയോളം രൂപ വില വരുന്ന ഒരു പ്രൈവറ്റ് ജെറ്റും നടന് സ്വന്തമായുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ സിനിമകള്‍ക്കായി വമ്പന്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ഭാവിയില്‍ ഗരാജ് ഇനിയും വിപുലീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








