പ്രഭാസിൻ്റെ തിരിച്ചുവരവോ, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൽക്കിയിലെ ബുജി റോബോർട്ട് കാർ
പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായ പ്രഭാസിൻ്റെ തിരിച്ചു വരവായിട്ടാണ് ഇന്ന് റിലീസ് ചെയ്ത കൽക്കി 2898 AD എന്ന സിനിമയെ ആരാധകർ കണക്കാക്കുന്നത്. പടം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ബുജിയെ കുറിച്ച് പറയാനേ നേരമുളളു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഭൈരവഎക്സ്ബുജ്ജിയുടെ ടീസർ പുറത്ത് വിട്ടപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് പ്രഭാസിൻ്റെ ബുജി റോബോർട്ടിനെയായിരുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബുജി റോബോർട്ട് സിനിമയിലെ പ്രധാന കഥാപാത്രമാണ്. ഭൈരവ എന്ന പ്രഭാസിൻ്റെ കഥാപാത്രത്തിന് വേണ്ടി പടി പടിയായി ഞങ്ങൾ അത് നിർമിക്കുകയായിരുന്നു എന്നാണ് ചിത്രത്തിൻ്റെ സംവിധായകൻ അഭിപ്രായപ്പെട്ടത്.
ഭൈരവയെ തൻ്റെ ദൗത്യം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന കഥാപാത്രമായിട്ടാണ് ബുജിയെ കാണിച്ചിരിക്കുന്നത്. കീർത്തി സുരേഷാണ് ബുജിക്ക് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്. പ്രഭാസിന് പുറമെ, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ വമ്പന്‍ താരനിരയും ഈ സിനിമയിലുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളുടേയും ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ബുജിയെ നിർമിച്ചതിൻ്റെ പിന്നിലെ കഥ നോക്കിയാൽ എഞ്ചിനീയറിങ്ങ് വശമില്ലാത്തത് കൊണ്ട് സഹായത്തിനായി സംവിധായകൻ ആനന്ദ് മഹീന്ദ്രയോട് ട്വീറ്റ് ചെയ്യുകയും ഒരു ടീമിനെ അണിനിരത്തുകയും ചെയ്യുകയായിരുന്നു. റേസ് കാറുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ ജയം മോട്ടോഴ്‌സുമായി ബന്ധപ്പെടാൻ ആനന്ദ് മഹീന്ദ്രയാണ് സഹായിച്ചത്.
കമ്പനിയും ജയം ഓട്ടോമോട്ടീവും ചേർന്ന് ആദ്യം മുതൽ 6 ടൺ ഭാരമുള്ള ഈ കാർ സൃഷ്ടിച്ചത്. ഈ കാറിൻ്റെ മുൻവശത്ത് കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച 34.4 ഇഞ്ച് ഹബ്‌ലെസ് റിമുകൾ ഉണ്ട്. കൂടാതെ, പിന്നിൽ ഒരു വലിയ വീലും ലഭിക്കുന്നു. ഏതു ദിശയിലേക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അളവനുസരിച്ച്, ബുജ്ജി കാറിൻ്റെ നീളം 6075 mm, ഉയരം 2186 mm, വീതി 3380 mm -ഉം ആണ്.

ബുജ്ജി കാറിന് 47kW ബാറ്ററി സജ്ജീകരണം നൽകിയിട്ടുണ്ട്. 126 bhp പരമാവധി പവർ ഔട്ട്‌പുട്ടും 9800 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന രണ്ട് മഹീന്ദ്ര ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഡ്രൈവറുടെ ഭാഗത്ത് ഒരു പ്രത്യേക ഡിസൈൻ നൽകിയിരിക്കുന്നത് കാറിൻ്റെ ഫ്യൂച്ചറസ്റ്റിക്ക് ലുക്ക് കൂട്ടുന്നു.
വാഹനങ്ങളോടുളള കമ്പത്തിൽ പേരുകേട്ട ഒരാളാണ് പ്രഭാസ്. അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി സൂപ്പർകാറുകളും ആഡംബര വാഹനങ്ങളുമുണ്ട്. അവയിൽ അദ്ദേഹത്തിന് ഏറെ പ്രിയമുളള വാഹനമാണ് ലംബോർഗിനി അവൻ്റഡോർ എസ് റോഡ്‌സ്റ്റർ. അടുത്തിടെ അദ്ദേഹം അവൻ്റഡോർ എസ് റോഡ്‌സ്റ്റർ കറുപ്പിൽ വ്റാപ്പ് ചെയ്തിരുന്നു.

ഈ മോഡൽ സ്റ്റാൻഡേർഡ് അവെൻ്റഡോറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലിമിറ്റഡ് എഡിഷൻ ട്രാക്ക്-ഫോക്കസ്ഡ് എസ്‌വി മോഡലിൽ നിന്ന് കടമെടുത്ത നിരവധി സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. നീക്കം ചെയ്യാവുന്ന ഹാർഡ് ടോപ്പുമായി വരുന്ന അവൻ്റഡോർ എസിൻ്റെ റോഡ്‌സ്റ്റർ വേരിയൻ്റാണ് തെലുങ്ക് സൂപ്പർസ്റ്റാറായ പ്രഭാസ് വാങ്ങിയത്.
ഈ പ്രത്യേക മോഡലിന് കരുത്തേകുന്നത് ഒരു നാച്ചുറലി ആസ്പിറേറ്റഡ് 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ്. അത് 740 hp പരമാവധി പവർ ഔട്ട്പുട്ടും 690 Nm ൻ്റെ പീക്ക് ടോർക്ക് ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്നു. സിംഗിൾ-ക്ലച്ച് 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ലഭിക്കുന്നത്. അവൻ്റഡോർ റോഡ്‌സ്റ്ററിന് 300 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയും, മാത്രമല്ല 0 മുതൽ 200 കിലോമീറ്റർ വരെ എത്താൻ വെറും 9 സെക്കൻഡ് മതി.


Click it and Unblock the Notifications








