മൂന്നാമത്തെ സിനിമ 1000 കോടി ക്ലബില്‍ കയറ്റിയ കക്ഷിയാ..! മാരുതി 800-ല്‍ സഞ്ചരിക്കുന്ന സംവിധായകനെ മനസിലായോ?
ഇന്ത്യയില്‍ വളരെയധികം സിനിമകളൊന്നും 1000 കോടി രൂപ ക്ലബില്‍ ഇടംനേടിയിട്ടില്ല. ഏന്നാല്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ തന്നെ 1000 കോടി ക്ലബില്‍ കയറ്റിയ സംവിധായകനാണ് നാഗ് അശ്വിന്‍ (Nag Ashwin). ശേഖര്‍ കമ്മൂലയുടെ അസിസ്റ്റന്റ് ആയിരുന്ന നാഗ് അശ്വിന്‍ യേവഡെ സുബ്രഹ്‌മണ്യം എന്ന സിനിമയിലൂടെ 2015-ലാണ് സംവിധായക കുപ്പായമണിയുന്നത്. 2018-ല്‍ നടി സാവിത്രിയുടെ ജീവിത കഥപറഞ്ഞ മഹാനടിയിലൂടെ ഏറെ കൈയ്യടി നേടി. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നായികാ പ്രാധാന്യമുള്ള സിനിമയെന്ന റെക്കോഡ് മഹാനടി നേടി.
ഇതിന് ശേഷമാണ് ആദ്യം 'പ്രൊജക്ട് കെ' എന്ന് പേരിട്ട ബിഗ് ബജറ്റ് സിനിമ നാഗ് അശ്വിന്‍ പ്രഖ്യാപിച്ചത്. പ്രഭാസിനെ നായകനാക്കി ഒരുങ്ങിയ സിനിമ 600 കോടി ബജറ്റിലാണ് നിര്‍മിച്ചത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ പേര് പിന്നീട് കല്‍ക്കി 2898 എഡി (Kalki 2898 AD) എന്നാക്കി മാറ്റി.

2024 ജൂണില്‍ റിലീസ് ചെയ്ത ഈ സയന്‍സ് ഫിക്ഷന്‍ സിനിമ ബോക്‌സ്ഓഫീസില്‍ നിന്ന് 1100 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ഈ ചിത്രം നാഗ് അശ്വിനെ പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തനാക്കി. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടല്ലാത്ത ഒരു വീഡിയോ നിമിത്തം അശ്വിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മാരുതി 800 കാര്‍ ഓടിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് ഇതിന് കാരണം.
അശ്വിന്‍ തന്റെ ലളിതമായ ജീവിതശൈലിയും പെരുമാറ്റവും കാരണം പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ മഞ്ഞ നിറത്തിലുള്ള മാരുതി 800 (നമ്പര്‍ DBC 1859) കാര്‍ ഓടിക്കുന്ന അശ്വിനെയാണ് കാണുന്നത്. അദ്ദേഹത്തോടൊപ്പം മറ്റ് ചിലരും കാറിലുണ്ട്. ജതി രത്‌നാലു എന്ന സിനിമയിലും ഈ കാര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫറിയ അബ്ദുള്ള, നവീന്‍ പോളിഷെട്ടി, പ്രിയദര്‍ശി പുലിക്കൊണ്ട, രാഹുല്‍ രാമകൃഷ്ണ എന്നിവരാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ അശ്വിന്റെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നത്. മുമ്പും ഹൈദരാബാദ് നഗരത്തിലൂടെ മാരുതി 800 ഓടിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു അഭിമുഖത്തില്‍ ഈ കാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അശ്വിന്‍ നല്‍കിയ മറുപടിയും രസകരമായിരുന്നു. 'അതില്‍ അസാധാരണമായി ഒന്നുമില്ല. കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോ ഓടിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തി. എനിക്കത് ഒരു സാധാരണ ദിവസം മാത്രമായിരുന്നു' ഇതായിരുന്നു സംവിധായകന്റെ മറുപടി.
ഇന്ത്യയിലെ മൊബിലിറ്റിയുടെയും അഭിലാഷത്തിന്റെയും പ്രതീകമായി മാറിയ ഒരു ചെറിയ ഹാച്ച്ബാക്ക് ആയിരുന്നു മാരുതി 800. 1983-ലാണ് മാരുതി സുസുക്കി ഇത് അവതരിപ്പിച്ചത്. മാരുതി 800-ന്റെ അന്നത്തെ വില ഏകദേശം 47,500 രൂപയായിരുന്നു. ഇൗ ഒരൊറ്റ മോഡലിലൂടെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്നതും ഇന്ധനക്ഷമതയുള്ളതും വിശ്വസനീയവുമായ ഒരു കാര്‍ വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ചു.

മാരുതി സുസുക്കി 800-നെ കുറിച്ച് പറയാതെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രം പൂര്‍ണമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 796 സിസി, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാരുതി 800 ഏകദേശം 37 bhp പവര്‍ ഉത്പാദിപ്പിച്ചു. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാം, പക്ഷേ അക്കാലത്ത് ഇടുങ്ങിയ നഗരവീഥികളിലൂടെയും ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലൂടെയും സഞ്ചരിക്കാന്‍ ഇത് പര്യാപ്തമായിരുന്നു.
അതിന്റെ ഭാരം, ലളിതമായ മെക്കാനിക്‌സ്, അറ്റകുറ്റപ്പണികളുടെ കുറവ് എന്നിവ കാര്‍ ഉടമകള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കി.വൈറല്‍ ചിത്രത്തില്‍ കാണുന്നതുപോലെ കാറിന്റെ ഒതുക്കമുള്ള വലിപ്പവും ബോക്‌സി ഡിസൈനും ഇതിന് പ്രത്യേക ആകര്‍ഷണം നല്‍കി. നാഗ് അശ്വിന്‍ ഓടിക്കുന്ന കാറിന്റെ മഞ്ഞ നിറം ഈ ക്ലാസിക്ക് മോഡലിന് ഒരു റെട്രോ വൈബ് നല്‍കുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷവും മാരുതി 800 എവിടെ പോയാലും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നതിന് തെളിവാണ് ഈ വീഡിയോ.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടകാലം മാരുതി 800 പ്രൊഡക്ഷനിലുണ്ടായിരുന്നു. ഈ കാലയളവില്‍, മാരുതി 800 ഇന്ത്യയിലും വിദേശത്തുമായി 2.7 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചു. യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് 2014-ല്‍ ഔദ്യോഗികമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇന്നും ഈ ഐക്കണിക് മോഡലിന്റെ പാരമ്പര്യം എണ്ണമറ്റ വീടുകുടെ പോര്‍ച്ചുകളിലും കാര്‍ കലക്ടര്‍മാരുടെ ഗരാജിലും നിലനില്‍ക്കുന്നു. അശ്വിന്‍ ഓടിക്കുന്നത് പോലെ നല്ല കണ്ടീഷനില്‍ പരിപാലിക്കുന്ന മാരുതി 800 ഇപ്പോള്‍ വാങ്ങാന്‍ പൊന്നും വില കൊടുക്കണം.


Click it and Unblock the Notifications








