ഉലകനായകന് സിനിമാ സ്റ്റൈൽ മറുപടിയുമായി നിതിൻ ഗഡ്കരി! E20 പെട്രോൾ വിഷയം വീണ്ടും കത്തുന്നു
കുറച്ച് നാളുകളായി രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നതിനെ സംബന്ധിച്ച് വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. ഇതിനെ പറ്റി നടനും രാജ്യസഭാ എം.പി.യുമായ കമൽ ഹാസൻ E20 പെട്രോളിന്റെ വാഹനങ്ങളിന്മേലുള്ള സ്വാധീനം സംബന്ധിച്ച് പാർലമെന്റിൽ ചോദ്യമുന്നയിച്ചിരുന്നു. കമൽ ഹാസൻ്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇപ്പോൾ രേഖാമൂലം മറുപടി നൽകിയിരിക്കുകയാണ്.ഇതുവരെ നടത്തിയ പഠനങ്ങളിൽ എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചില വാഹനയുമകൾ തങ്ങളുടെ വാഹനത്തിന് കേടുപാടകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.
എംഎൻഎം അധ്യക്ഷനായ കമൽ, E20 നൽകുന്ന ഇന്ധനക്ഷമത, എഞ്ചിൻ, മറ്റ് ഭാഗങ്ങളിലെ സ്വാധീനം എന്നിവയിൽ പഠനങ്ങൾ നടന്നിട്ടുണ്ടോയെന്ന് റോഡ് ഗതാഗത മന്ത്രാലയത്തോട് രാജ്യസഭയിൽ ആരാഞ്ഞു. E20 നെക്കാൾ കൂടുതൽ പേർക്ക് E10 അഭികാമ്യമായിട്ടും അത് നിർത്തലാക്കിയത് ചോദ്യം ചെയ്ത അദ്ദേഹം, E10 തിരികെ ലഭ്യമാക്കുമോ എന്നും മന്ത്രാലയത്തോട് ചോദിച്ചു.

E20 ഇന്ധനമുപയോഗിച്ച് വാഹനങ്ങൾക്ക് കേടുപാടുകളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായാൽ, വാറൻ്റി, ഇൻഷുറൻസ് സപ്പോർട്ട്, ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിലെല്ലാം. ഗഡ്കരിയുടെ മറുപടി പ്രകാരം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് എന്നിവ പഴയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് E20 ദോഷകരമല്ലെന്ന് കണ്ടെത്തി.
പ്രവർത്തനം, ഡ്രൈവബിലിറ്റി, എന്നിവയെക്കുറിച്ച് പരാതികളൊന്നുമില്ലെന്നുമാണ് മന്ത്രി തൻ്റെ മറുപടിയിലൂടെ ചൂണ്ടിക്കാട്ടിയത്. മൈലേജിൽ വ്യതിയാനങ്ങളുണ്ടാകാം, എന്നാൽ അത് ഡ്രൈവിംഗ് ശൈലി, മെയിൻ്റെനൻസ്, എഞ്ചിന്റെ അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഈ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കമൽ അതിവേഗം നടപ്പാക്കുന്ന എഥനോൾ കലർത്തൽ പദ്ധതിയിലും, എഥനോൾ ചേർത്തിട്ടും ഉയരുന്ന ഇന്ധന വിലയിലും ഉപഭോക്താക്കൾക്കുള്ള അതൃപ്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനം പലർക്കും സ്വപ്നമായതിനാൽ, എഥനോൾ കലർത്തൽ നീതിയുക്തവും സുതാര്യവുമാകണമെന്ന് കമൽ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം പല ഉപഭോക്താക്കളും E20 പെട്രോളിനെക്കുറിച്ച് പരാതിപ്പെട്ട നടൻ ഇന്ധനക്ഷമത കുറയുന്നു, എഞ്ചിന് കേടുപാടുകൾ, ഉയർന്ന പ്രവർത്തനച്ചെലവ്, മറ്റ് ഘടകങ്ങൾക്ക് തകരാറ് എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ എന്ന് എടുത്തു പറഞ്ഞു. നിലവിൽ ചുരുക്കം കമ്പനികൾ മാത്രമേ 100 ശതമാനം ശുദ്ധമായ പെട്രോൾ ഉയർന്ന വിലയിലും പരിമിതമായ അളവിലും വിതരണം ചെയ്യുന്നുള്ളൂ.
E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








