നമ്മള്‍ക്കും ഉണ്ട് കൂട്ടുകാര്‍... കന്നഡ നടന്‍ സുഹൃത്തിന് സമ്മാനിച്ചത് അരക്കോടിയുടെ കാര്‍
സൗഹൃദത്തിന് വലിയ വില കൊടുക്കുന്നവരാണ് നാം എല്ലാവരും. ചെറുപ്പ കാലത്ത് കൂടെ കൂടുന്നവര്‍ മരണം വരെ കൂടെ വേണമെന്ന് ആഗ്രഹിക്കും. ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ ദൃഢതക്ക് പരസ്പരം സമ്മാനം കൊടുക്കേണ്ട ആവശ്യമില്ലെന്ന് നമുക്കറിയാം. എന്നാല്‍ സെലിബ്രിറ്റികള്‍ ആകുമ്പോള്‍ അവര്‍ ചെയ്യുന്നതെല്ലാം വാർത്തയാകുന്നതാണെല്ലോ പതിവ്.
കന്നഡ സൂപ്പര്‍ താരമായ ധ്രുവ സര്‍ജ പ്രിയ സുഹൃത്തിന് അരക്കോടി രൂപ വിലവരുന്ന എസ്‌യുവി സമ്മാനിച്ചതാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ നിറയുന്നത്. 'ആക്ഷന്‍ പ്രിന്‍സ്' എന്ന് അറിയപ്പെടുന്ന നടന്‍ ധ്രുവ സര്‍ജ കര്‍ണാടകയില്‍ ഏറെ ആരാധകരുള്ള താരമാണ്. അദ്ദുരി എന്ന ചിത്രത്തിലൂടെ സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിച്ച ധ്രുവ സാന്‍ഡല്‍വുഡിലെ പ്രമുഖ വില്ലനായ ശക്തിപ്രസാദിന്റെ ചെറുമകനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയുടെ മരുമകനുമാണ്.

കെജിഎഫ് എന്ന ചിത്രത്തിലൂടെ കന്നഡ സിനിമ വ്യവസായം വലിയ വളര്‍ച്ച നേടിയിരുന്നു. ധ്രുവ സര്‍ജയുടെ പേരിലും ചില പാന്‍ ഇന്ത്യ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ധ്രുവയുടെ ഉറ്റ സുഹൃത്തിന്റെ പേരാണ് അശ്വിന്‍. താരത്തിന്റെ സന്തത സഹചാരി എന്ന് പറയാം. ധ്രുവയുടെ സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അശ്വിനാണ്.
ഇപ്പോള്‍ ജന്മദിനത്തില്‍ ഉറ്റകൂട്ടുകാരന് സര്‍പ്രൈസ് ആയി 52 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് ധ്രുവ സര്‍ജ. അടുത്തിടെയായിരുന്നു അശ്വിന്റെ പിറന്നാള്‍. ഈ അത്യപൂര്‍വ നിമിഷത്തിന്റെ വീഡിയോകള്‍ വിവിധ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. കൂട്ടുകാരന്റെ സ്‌നേഹ പ്രകടനം അശ്വിന്റെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. വില പിടിപ്പുള്ള കാര്‍ കൂടാതെ കുട്ടിക്കാലത്ത് തന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും കാറില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അശ്വിനെ ധ്രുവ ഇക്കാലമത്രെയും ഒരു കൂടപ്പിറപ്പിന്റെ സ്‌നേഹം നല്‍കി കൂടെ നിര്‍ത്തുകയായിരുന്നു. ധ്രുവ സര്‍ജ തന്നെ അശ്വിനൊപ്പം ടൊയോട്ട ഷോറൂമിലെത്തിയാണ് സര്‍പ്രൈസായി അശ്വിന് കാര്‍ സമ്മാനിച്ചത്. ഒപ്പം സന്തോഷ നിമിഷം കേക്ക് മുറിച്ച് അവര്‍ ആഘോഷിച്ചു. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അവിടെ സഹായത്തിന് ധ്രുവയുണ്ടാകുമെന്നും എന്നാല്‍ അവന്‍ തിരിശ്ശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുമെന്നുമായിരുന്നു താരത്തിന്റെ സര്‍പ്രൈസ് സമ്മാനം ലഭിച്ച വേളയില്‍ അശ്വിന്റെ പ്രതികരണം.
ധ്രുവ അശ്വിന് സമ്മാനിച്ച ഫോര്‍ച്യൂണര്‍ എസ്‌യുവിയെ കുറിച്ച് വാഹന പ്രേമികള്‍ക്ക് ഒരു മുഖവുര ആവശ്യമുണ്ടായിരിക്കില്ല. കാരണം ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവാണ് ഫോര്‍ച്യൂണര്‍. സ്റ്റാന്‍ഡേര്‍ഡ്, ലെജന്‍ഡ് വേരിയന്റുകളിലാണ് 7 സീറ്റര്‍ എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്നത്. 32.59 ലക്ഷം മുതല്‍ 50.34 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ് ഷോറൂം വില പോകുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഡീസല്‍ എഞ്ചിന്‍ 2.7 ലിറ്ററും പെട്രോള്‍ എഞ്ചിന്‍ 2.6 ലിറ്ററുമാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാണ്. ഡീസല്‍ യൂനിറ്റ് ഓട്ടോമാറ്റിക് യൂനിറ്റിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 10.0 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, കണക്ടഡ് കാര്‍ ഫ്ീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് ഉള്‍പ്പെടെ ഡസന്‍ കണക്കിന് സവിശേഷതകള്‍ സജ്ജീകരിച്ചാണ് കാര്‍ എത്തുന്നത്. സേഫ്റ്റിയുടെ കാര്യം എടുത്താല്‍ 7 എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), EBD, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് എന്നിവ സുരക്ഷയൊരുക്കുന്നു.
എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കോടിയാക് എന്നീ ഫുള്‍സൈസ് എസ്‌യുവികളുമായാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്. ധ്രുവ സര്‍ജയിലേക്ക് മടങ്ങി വന്നാല്‍ കന്നഡയിലെ യുവ സൂപ്പര്‍ താരങ്ങളില്‍ പ്രമുഖനായ ഇദ്ദേഹത്തിന്‍േറതായി ഒരുപിടി പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. എപി അര്‍ജുന്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രം 'മാര്‍ട്ടിന്‍' മലയാളമടക്കം ബഹുഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ഈ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. തൊട്ടുപിന്നാലെ മറ്റൊരു ചിത്രമായ 'അബ്ബറ'യും തിയറ്ററുകളെ ഇളക്കിമറിക്കാന്‍ ഒരുങ്ങുകയാണ്.


Click it and Unblock the Notifications








