ഒറ്റക്ക് വഴിവെട്ടി വന്നവനാടാ! സിനിമ ഹിറ്റായതോടെ 3 കോടിയുടെ കാര്‍ വാങ്ങി സാന്‍ഡല്‍വുഡിലെ 'നിതിന്‍ മോളി'
ഗോഡ്ഫാദര്‍മാരുടെ പിന്തുണയില്ലാതെ സിനിമയില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്ന നടന്‍മാരുടെ നേട്ടങ്ങളില്‍ ആരാധകര്‍ക്കും വലിയ സന്തോഷമായിരിക്കും. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗായ 'ഒറ്റക്ക് വഴിവെട്ടി വന്ന' ഒത്തിരി നടന്‍മാരെ ഒട്ടുമിക്ക ഇന്‍ഡ്‌സട്രികളിലും കാണാം. അത്തരം നായകരുടെ വളര്‍ച്ച സിനിമ സ്വപ്‌നം കാണുന്ന ഒത്തിരി ചെറുപ്പക്കാര്‍ക്കുള്ള പ്രചോദനമാണ്. സിനിമ മേഖലയിലുള്ളവര്‍ പുതിയ കാര്‍ വാങ്ങുന്നത് അത്ര പുതുമയുളള കാര്യമല്ലെങ്കിലും ഇതുപോലെ സ്വപ്രയത്‌നത്താല്‍ ഉയരങ്ങള്‍ കീഴടക്കുന്ന താരങ്ങളുടെ തിരിച്ചുവരവും വ്യക്തി ജീവിതത്തിലെ നേട്ടങ്ങളും ഏവര്‍ക്കും സന്തോഷം പകരുന്ന സംഗതിയാണ്.
ഇപ്പോള്‍ ഏറെ കാലത്തിന് ശേഷം തന്റെ ഒരു പടം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ പുത്തന്‍ ആഡംബര കാര്‍ വാങ്ങി ആഘോഷിച്ച ഒരു കന്നഡ സിനിമ താരമാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. ആ സൂപ്പർ താരം ആരാണെന്നും അദ്ദേഹം വാങ്ങിയ കാര്‍ ഏതാണെന്നും നമുക്ക് നോക്കാം.

നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ സിനിമ വ്യവസായത്തെ വിളിക്കുന്ന പേരാണ് സാന്‍ഡല്‍വുഡ്. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയനായ നായകന്മാരില്‍ ഒരാളാണ് ഗണേഷ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ 'ഒറ്റക്ക് വഴിവെട്ടി വന്ന' നായകന്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. ഗോള്‍ഡന്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കുന്നത്. മലയാള സിനിമയില്‍ ഒരുകാലത്ത് ദിലീപിന് ഉണ്ടായിരുന്ന അതേ സ്വീകാര്യതയുണ്ടായിരുന്ന നടന്‍ ആയിരുന്നു ഗണേഷ്. എന്നാല്‍ ഏതാനും കാലങ്ങളായി ഗണേഷിന്റെ പടങ്ങള്‍ അത്ര ക്ലച്ച് പിടിച്ചില്ല.
എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ 'കൃഷ്ണം പ്രണയ സഖി' എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവാണ് ഗണേഷ് നടത്തിയിരിക്കുന്നത്. മലയാളിയായ മാളവിക നായരായിരുന്നു ചിത്രത്തിലെ നായിക. സിനിമ ഹിറ്റായ സന്തോഷം പുത്തന്‍ കാര്‍ വാങ്ങി ആഘോഷിക്കുകയാണ് ഗണേഷ്. റേഞ്ച് റോവര്‍ HSE ആഡംബര എസ്‌യുവിയാണ് ഗണേഷ് വാങ്ങിയിരിക്കുന്നത്. ഭാര്യ ശില്‍പക്കും കുട്ടികള്‍ക്കുമൊപ്പം ഷോറൂമിലെത്തിയാണ് ഗണേഷ് വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. പുത്തന്‍ കാറിന്റെ ഡെലിവറി വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നടന്‍ ഗണേഷ് വാങ്ങിയ റേഞ്ച് റോവര്‍ എച്ച്എസ്ഇയുടെ വില 2.36 കോടി രൂപയാണ്. ഇത് എക്‌സ്-ഷോറൂം വില മാത്രമാണ്. നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും മുടക്കണം. ഇതിന്റെ ഓണ്‍-റോഡ് വില ഏകദേശം 2.95 കോടി രൂപയാണ്. ഈ റേഞ്ച് റോവര്‍ HSE എസ്‌യുവിക്ക് 5052 mm നീളവും 2209 mm വീതിയും 1870 mm ഉയരവും 2997 mm വീല്‍ബേസും ഉണ്ട്.
3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. പരമാവധി 346 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ എസ്‌യുവി വെറും 6.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 234 കിലോമീറ്ററാണ് പരമാവധി വേഗത. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള കാറാണിത്.

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങി നിരവധി ആധുനിക ഫീച്ചറുകള്‍ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റുകള്‍ക്കൊപ്പം സെന്റര്‍ ആംറെസ്റ്റില്‍ ഒരു ടച്ച്സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. പുതിയ തലമുറ റേഞ്ച് റോവറിന് മെറിഡിയന്‍ സിഗ്‌നേച്ചര്‍ സൗണ്ട് സിസ്റ്റവും ഇതിന് ലഭിക്കുന്നു.
അടുത്ത കാലത്തായി ലാന്‍ഡ് റോവറിന് ഇന്ത്യയില്‍ നല്ല സമയമാണ്. കാരണം ഓരോ മാസവും ഒരു സെലിബ്രിറ്റിയെങ്കിലും റേഞ്ച് റോവര്‍ കാറുകള്‍ വാങ്ങുന്നുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍ റേഞ്ച് റോവര്‍ എസ്‌യുവി വാങ്ങാനായി മത്സരിക്കുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് കന്നഡ നടന്‍ ഗണേഷ്. പുതിയ സിനിമ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ പുത്തന്‍ കാര്‍ വാങ്ങിയ ഗണേഷിന് ഭാവിയിലും കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ സാധിക്കട്ടേയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.


Click it and Unblock the Notifications








