1.15 കോടിയുടെ ബെന്‍സ് സ്വന്തമാക്കി സാന്‍ഡല്‍വുഡിലെ ക്യൂട്ട് കപ്പിള്‍സ്! കെജിഎഫിലെ വില്ലനാണ് കക്ഷി
സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നഡ ചലച്ചിത്ര ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രാഞ്ചൈസിയാണ് 'കെജിഎഫ്'. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റായി. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സിനിമാസ്വാദകര്‍ക്ക് കാണാപാഠമാണ്. കെജിഫില്‍ ബാംഗ്ലരുകാരനായ ഗാംഗ്സ്റ്റര്‍ കമല്‍ എന്ന കഥാപാത്രത്തെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.
യുവ നടന്‍ വസിഷ്ഠ സിംഹയാണ് (Vasishta Simha) ഈ റോള്‍ അടിപൊളിയായി അവതരിപ്പിച്ചത്. 2011 ല്‍ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ചാണ് വസിഷ്ഠ വെള്ളിത്തിരയിലെത്തിയത്. 'രാജാഹുലി' എന്ന ചിത്രത്തിലെ പ്രധാന പ്രതിനായക വേഷമാണ് അദ്ദേഹത്തിന് ബ്രേക്ക്ത്രൂ നല്‍കിയത്. ഇപ്പോള്‍ കന്നഡ, തെലുഗു ഭാഷകളില്‍ സജീവമായി അഭിനയിക്കുന്ന താരം കഴിഞ്ഞ വര്‍ഷം നടി ഹരിപ്രിയയെ (Haripriya) വിവാഹം കഴിച്ചിരുന്നു.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഏറെ നാളായി സൗഹൃദത്തിലായിരുന്ന ഇരുവരും കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ അടുക്കുകയും വൈകാതെ വിവാഹിതരാകുകയും ചെയ്യുകയായിരുന്നു. 2008 ലാണ് നടി ഹരിപ്രിയ സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിച്ചത്. പ്രശാന്ത് നീലിന്റെ കന്നി ചിത്രമായ ഉഗ്രത്തിലെ നായിക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാന്‍ഡല്‍വുഡിനും ടോളിവുഡിനും പുറമെ മലയാളത്തിലും ഹരിപ്രിയ അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ ജയറാമിന്റെ 'തിരുവമ്പാടി തമ്പാന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളം അരങ്ങേറ്റം.
ആരാധകര്‍ 'സിംഹപ്രിയ' എന്നാണ് ഈ ക്യൂട്ട് കപ്പിള്‍സിനെ വിളിക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ വീട്ടിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരദമ്പതികള്‍. പുതിയ മെര്‍സിഡീസ് ബെന്‍സ് GLE 450d Matic (Mercedes-Benz GLE 450d) ആണ് താരദമ്പതികള്‍ ഗരാജിലെത്തിച്ച പുതിയ കാര്‍. വസിഷ്ഠ സിംഹയും ഹരിപ്രിയയും പുതിയ എസ്‌യുവിയുടെ താക്കോല്‍ സ്വീകരിക്കുന്ന വീഡിയോ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

പുത്തന്‍ കാര്‍ വാങ്ങിയ താരദമ്പതികള്‍ക്ക് കമന്റ് ബോക്സിലൂടെ ആശംസകള്‍ നേരുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും. 1.15 കോടി രൂപയാണ് ആഭ്യന്തര വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് GLE 450d Matic മോഡലിന്റെ എക്സ്ഷോറൂം വില. ബ്ലാക്ക്, വൈറ്റ്, ബ്ലൂ, ഗ്രേ, ഹൈടെക് സില്‍വര്‍ എന്നിങ്ങനെ 5 നിറങ്ങളില്‍ ഈ കാര്‍ സ്വന്തമാക്കാം.
362 bhp പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ മെര്‍സിഡീസ് മോഡലിന് കരുത്ത് പകരുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. AWD (ഓള്‍ വീല്‍ ഡ്രൈവ്) സാങ്കേതികവിദ്യയുള്ള ഈ കാറിന് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും.

ഈ കാറില്‍ 5 പേര്‍ക്ക് വരെ സുഖമായി യാത്രചെയ്യാന്‍ സാധിക്കും. ലിറ്ററിന് 9 കിലോമീറ്റര്‍ ആണ് ഈ ലക്ഷ്വറി എസ്‌യുവിക്ക് പറയുന്ന മൈലേജ്. 630 ലിറ്റര്‍ ബൂട്ട് ശേഷിയുള്ളതിനാല്‍ ദൂരയാത്രകളില്‍ ലഗേജിനെ കുറിച്ച് ബേജാറ് വേണ്ടേ വേണ്ട. പുതിയ മെര്‍സിഡീസ് ബെന്‍സ് GLE 450 എസ്‌യുവി മുടക്കുന്ന ക്യാശിനൊത്ത സുഖസൗകര്യങ്ങളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
പ്രധാന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റേഷന്‍ ക്ലസ്റ്ററിനും 12.3 ഇഞ്ച് ഡ്യുവല്‍ ഡിസ്‌പ്ലേ, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പവര്‍ അഡ്ജസ്റ്റബിള്‍ എക്സ്റ്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 590W 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ വിവിധ സവിശേഷതകള്‍ ഇതിന്റെ അകത്തളത്തില്‍ ജര്‍മന്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

9 എയര്‍ബാഗുകള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), എബിഎസ് തുടങ്ങിയ ഡസന്‍ കണക്കിന് ഫീച്ചറുകള്‍ കാറില്‍ സുരക്ഷയൊരുക്കുന്നു. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാര്‍ മോഡലാണിത്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X5, ഔഡി Q7, വോള്‍വോ XC90 എന്നിവയാണ് മെര്‍സിഡീസ് ബെന്‍സ് GLE 450D എസ്‌യുവിയുടെ എതിരാളികള്‍.


Click it and Unblock the Notifications








