കോടികളുടെ കാര്‍ വേണ്ട! പിറന്നാളിന് 7 ലക്ഷത്തിന്റെ ഇവി സ്വയം സമ്മാനിച്ച് അയല്‍പക്കത്തെ സുന്ദരി
സെലിബ്രിറ്റികള്‍ വില കൂടിയ ആഡംബര കാറുകള്‍ വാങ്ങുന്നത് ഇന്ന് ഒരു വാര്‍ത്ത അല്ലാതായി മാറിയിട്ടുണ്ട്. അതേസമയം തന്നെ തങ്ങളുടെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് സാധാരണക്കാരുടെ കാറുകള്‍ സ്വന്തമാക്കുന്ന അഭിനേതാക്കളുടെ എണ്ണം അടുത്ത കാലത്തായി കൂടി വരികയും ചെയ്യുന്നു. അതില്‍ തന്നെ നിരവധി സെലിബ്രിറ്റികളാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റ് ഇവി വാങ്ങുന്നത്.
ബോളിവുഡ് നടന്‍മാരായ സുനില്‍ ഷെട്ടിയും രോഹിത് റോയിയുമാണ് മുമ്പ് കോമെറ്റ് ഇവി വാങ്ങി തലക്കെട്ടുകള്‍ സൃഷ്ടിച്ച് നടന്‍മാര്‍. കേരളത്തിലേക്ക് വന്നാല്‍ പ്രമുഖ സംവിധായകനും നിര്‍മാതാവും അഭിനേതാവുമെല്ലാമായ സാജിദ് യഹിയ കഴിഞ്ഞ വര്‍ഷം എംജി കോമെറ്റ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചില സെലിബ്രിറ്റി യൂട്യൂബേര്‍സും തങ്ങളുടെ സിറ്റി റൈഡുകള്‍ക്കായി തെരഞ്ഞെടുക്കുന്നതും കോമെറ്റ് ഇവിയാണ്. ഇപ്പോള്‍ ഒരു പ്രമുഖ നടിയും കോമെറ്റിന്റെ സെലിബ്രിറ്റി ഉടമകളില്‍ ഒരാളായി മാറിയിരിക്കുകയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ഒടിടികളുടെയും വൈഡ് റിലീസിന്റെയും കാലം വന്നതോടെ ഭാഷാ വേര്‍തിരിവുകളില്ലാതെ നമ്മള്‍ ഇപ്പോള്‍ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയില്‍ ഒന്നായ ബിഗ് ബോസ് ഇത്തരത്തില്‍ ഇതര ഭാഷകളില്‍ കാണുന്ന ഒത്തിരി പ്രേക്ഷകര്‍ ഉണ്ട്. കെജിഎഫ് ഫ്രാഞ്ചൈസി കൂടി വന്നതോടെ കന്നഡ സിനിമകളും തെരഞ്ഞ് പിടിച്ച് കാണുന്ന മലയാളികള്‍ ഉണ്ട്.
ബാലതാരമായി സാന്‍ഡല്‍വുഡിലേക്ക് കടന്ന് വന്ന നടിയാണ് നമ്രത ഗൗഡ. പിന്നീഡ് 'നാഗിനി2' എന്ന ടിവി സീരിയലിലൂടെ അവര്‍ കന്നഡിഗരുടെ ഹൃദയം കീഴടക്കി. കന്നഡ സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ വന്‍ ആരാധകരുള്ള നടിയാണ് നമ്രത ഗൗഡ. ബിഗ് ബോസ് സീസണ്‍ 10-ല്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം നമ്രതയുടെ ജനപ്രീതി കൂടുതല്‍ വര്‍ധിച്ചു. ഞായറാഴ്ചയാണ് (ഏപ്രില്‍ 14) നമ്രത തന്റെ ജന്മദിനം ആഘോഷിച്ചത്.
ജന്മദിനത്തില്‍ അഭിനേതാക്കള്‍ പലപ്പോഴും വില കൂടിയ കാറുകളാണ് സ്വയം സമ്മാനിക്കാറുള്ളത്. എന്നാല്‍ സ്വന്തം ജന്മദിനത്തില്‍ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായ എംജി കോമെറ്റാണ് നമ്രത സ്വന്തമാക്കിയിരിക്കുന്നത്. തന്റെ യാത്രകള്‍ ഇനി 'ഇലക്ട്രിക്' ആകുന്ന വിവരം നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം എത്തിയാണ് നമ്രത പുത്തന്‍ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഞായറാഴ്ച പങ്കുവെച്ച പോസ്റ്റിന് 76000-ത്തിലധികം പേരാണ് ലൈക്ക് അടിച്ചിരിക്കുന്നത്. പുത്തന്‍ കാര്‍ സ്വന്തമാക്കിയ തങ്ങളുടെ പ്രിയ താരത്തെ കമന്റ് ബോക്‌സിലൂടെ അഭിനന്ദിക്കുകയാണ് ആരാധകര്‍. എന്നാല്‍ നമ്രത എംജി കോമറ്റ് ഇവിയുടെ ഏത് വേരിയന്റാണ് വാങ്ങിയത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
6.99 ലക്ഷം മുതല്‍ 9.24 ലക്ഷം രൂപ വരെയാണ് നിലവില്‍ എംജി കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു എംജി തങ്ങളുടെ രണ്ടാമത്തെ ഇവിയായ കോമെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബാറ്ററി സെല്ലുകളുടെ ചെലവ് കുറഞ്ഞതോടെയാണ് വില 6.99 ലക്ഷത്തിലെത്തിയത്. എക്‌സിക്യുട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര്‍ ചെയ്യുന്നത്.

എക്സ്സൈറ്റ്, എക്സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ ഒഴികെയുള്ള രണ്ട് വേരിയന്റുകളുടെ വില എംജി പരിഷ്‌കരിച്ചിരുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായി വരുന്ന എക്‌സ്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്കാണ് 10000 രൂപ കൂട്ടിയത്. മികച്ച ഡിസൈനില്‍ വരുന്ന ഈ 2 ഡോര്‍ 4 സീറ്റര്‍ കാര്‍ തിക്കിനും തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക പറ്റിയ ബെസ്റ്റ് ഓപ്ഷനാണ്.
വിദേശ വിപണികളിലുള്ള വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റര്‍ നീളവും 1505 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും 2010 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്നാണ് ഈ കുഞ്ഞന്‍ കാര്‍ പവറെടുക്കുന്നത്. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കളായ എംജി അവകാശപ്പെടുന്നത്. IP67 റേറ്റഡ് ബാറ്ററി പായ്ക്ക് 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കോമെറ്റ് ഇവിയുടെ ടോപ് സ്പീഡ്.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട പട്ടികയും കുഞ്ഞന്‍ ഇവിയില്‍ എംജി ഒരുക്കിയിരിക്കുന്നു. ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എംജി കോമെറ്റിന്റെ എതിരാളികള്‍.


Click it and Unblock the Notifications








