ചൈനീസ് കാര്‍ വാങ്ങി ബിജെപിക്കാരിയായ സിനിമ നടി! പൊടിച്ചത് ലക്ഷങ്ങള്‍
ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാറുകള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എംജി കോമെറ്റില്‍ നിന്ന് തുടങ്ങി കോടികള്‍ വിലയുള്ള റോള്‍സ് റോയ്‌സ് സ്‌പെക്‌ട്രെ വരെ സിനിമാ താരങ്ങള്‍ വാങ്ങിക്കൂട്ടുന്നു. സെലിബ്രിറ്റികള്‍ അടക്കം വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നത് ഇന്ത്യയിലെ ഇവി വിപ്ലവത്തിന് കരുത്ത് പകരുന്ന തീരുമാനമാണ്. മോളിവുഡില്‍ നടന്‍ വിനയ് ഫോര്‍ട്ട് അടക്കമുള്ള താരങ്ങള്‍ അടുത്തിടെ ഇവി സ്വന്തമാക്കിയിരുന്നു. ചൈനീസ് ഇവി നിര്‍മാതക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) എന്ന കമ്പനിയുടെ ആഡംബര ഇലക്ട്രിക് കാര്‍ വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഒരു പ്രശസ്തയായ നടി. അത് ആരാണെന്ന് നമുക്ക് നോക്കാം.
നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബിജെപി നേതാവും പ്രമുഖ നടിയുമാണ് താര എന്നറിയപ്പെടുന്ന അനുരാധ. 1985ല്‍ പുറത്തിറങ്ങിയ തുളസിദല്‍ എന്ന ചിത്രത്തിലൂടെയാണ് താര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഉണ്ടു ഹോഡ കൊണ്ടു ഹോഡ, മാലാശ്രീ മാമാശ്രീ, തുമ്പട മാനെ, പാരീസ് പ്രണയ, നമ്മ ബസവ, ഹെബ്ബെറ്റ് രാമക്ക, ടഗരു പാല്യ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

കന്നഡക്ക് പുറമേ തമിഴ്, തെലുഗു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോളിവുഡില്‍ സാന്നിധ്യം അറിയിച്ചിട്ടില്ല. ഹസീന എന്ന സിനിമയിലെ അഭിനയത്തിന് താര മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്ന ശേഷം കര്‍ണാടക ചലച്ചിത്ര അക്കാദമി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട താര ഒരു വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. ഇപ്പോള്‍ വ്യക്തി ജീവിതത്തില്‍ ഒരു പുത്തന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അവര്‍.
ഞായറാഴ്ച നടി താര അനുരാധ ഒരു പുതിയ BYD സീല്‍ ഇലക്ട്രിക് സെഡാന്‍ വാങ്ങി. ഭര്‍ത്താവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എച്ച്ഡി വേണുവിനും മകനുമൊപ്പമാണ് പുതിയ കാര്‍ ഡെലിവറിയെടുത്തത്. താര സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളും സുഹൃത്തുക്കളും ആരാധകരും നടിക്ക് കമന്റ് ബോക്‌സില്‍ ആശംസകള്‍ നേരുകയാണ്.

നടി താര അനുരാധ വാങ്ങിയ പുതിയ BYD സീല്‍ ഇലക്ട്രിക് സെഡാനെ കുറിച്ച് പറയുമ്പോള്‍ ഈ കാറിന്റെ 41 ലക്ഷം രൂപ മുതല്‍ 53 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില. ഡൈനാമിക് റേഞ്ച്, പ്രീമിയം റേഞ്ച്, പെര്‍ഫോമന്‍സ് എന്നിങ്ങനെ 3 വേരിയന്റുകളുണ്ട്. ആര്‍ട്ടിക് ബ്ലൂ & അറ്റ്‌ലാന്റിസ് ഗ്രേ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ നിറങ്ങളില്‍ ഇത് ലഭ്യമാണ്.
വ്യത്യസ്ത ബാറ്ററി-മോട്ടോര്‍ കോമ്പിനേഷനില്‍ ഈ കാര്‍ വാങ്ങാം. ഇതിന്റെ 61.44 കിലോവാട്ട് (kWh) ബാറ്ററി പായ്ക്കും സിംഗിള്‍ മോട്ടോറും 204 PS കുതിരശക്തിയും 310 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു.
മറ്റൊരു 82.56 കിലോവാട്ട് (kWh) ബാറ്ററി പായ്ക്ക് സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി വരുന്നു. 313 PS പവറും 360 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. ഫുള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.82.56 kWh ബാറ്ററി പാക്ക് ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടൊപ്പവും ഇവി വാങ്ങാന്‍ സാധിക്കും.
ഇത് 530 PS പവറും 670 Nm ടോര്‍ക്കും നല്‍കും. ഫുള്‍ ചാര്‍ജില്‍ 580 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. ഇതുവഴി വെറും 26 മിനിറ്റ് കൊണ്ട് ബാറ്ററി 30 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
ഫീച്ചര്‍ റിച്ചായ ക്യാബിനാണ് സീലിന്റെ മറ്റൊരു പ്രത്യേകത. 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ,
10.25-ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, വെന്റിലേറ്റഡ് ആന്‍ഡ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങി വിവിധ ഫീച്ചറുകള്‍ ഈ കാറിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു.
സുഖസൗകര്യങ്ങള്‍ മാത്രമല്ല 5 പേര്‍ക്ക് ഈ കാറില്‍ സുരക്ഷിതമായും യാത്ര ചെയ്യാം. 9-എയര്‍ബാഗുകള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഈ കാറില്‍ ലഭ്യമാണ്. ഈ വില നിലവാരത്തില്‍ ഹ്യുണ്ടായി അയോണിക് 5,കിയ EV6, വോള്‍വോ C40 റീചാര്‍ജ് എന്നീ ഇവികളെയാണ് സീല്‍ നേരിടുന്നത്.


Click it and Unblock the Notifications








