ലിറ്ററിന് 62 കി.മീ മൈലേജ്! രാഷ്ട്രീയക്കാര്‍ക്കിപ്പോള്‍ പ്രിയം 3.3 കോടിയുടെ ബിഎംഡബ്ല്യു കാറിനോട്
പണ്ട്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമ്പന്നര്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പണം മാത്രം പോര പവര്‍ കൂടി വേണമെന്ന് മനസ്സിലാക്കുന്ന പല ബിസിനസ്മാരും ഇന്ന് രാഷ്ട്രീയത്തിലിറങ്ങി. അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ ബിസിനസുകാര്‍ ആയി മാറിയെന്നും പറയാം. പണ്ട് രാഷ്ട്രീയക്കാര്‍ സഞ്ചരിച്ചിരുന്ന കാറുകളും ഇപ്പോള്‍ സഞ്ചരിക്കുന്ന വാഹനങ്ങളും നോക്കിയാല്‍ അത് കൃത്യമായി മനസ്സിലാകും.
കര്‍ണാടകയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രമോദ് മധ്വരാജ്. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന പ്രമോദ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനതാദള്‍ എസിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലും ചേര്‍ന്നു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉഡുപ്പിയില്‍ നിന്ന് സീറ്റ് സ്വപ്‌നം കണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ അടുത്ത കാലത്തായി പ്രമോദ് മധ്വരാജ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

എന്നാല്‍ അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല മറിച്ച് ഒരു കാര്‍ വാങ്ങിയത് കാരണമാണ്. 3.3 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ ബിഎംഡബ്ല്യു XM ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയാണ് പ്രമോദ് വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. പുതിയ ആഡംബര എസ്‌യുവി ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ ബിജെപി നേതാവ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പ് സ്റ്റാഫിനൊപ്പം പുത്തന്‍ പുതിയ കാറിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു അദ്ദേഹം.
ചിത്രം കണ്ടിട്ട് പ്രമോദിന്റെ വീട്ടിലെത്തി ഡീലര്‍ഷിപ്പ് അധികൃതര്‍ വാഹനം കൈമാറുകയായിരുന്നുവെന്നാണ് തോന്നുന്നത്. പൊതുജനശ്രദ്ധയകറ്റുന്നതിനായി സെലിബ്രിറ്റികളും ബിസിനസ്മാന്‍മാരും പ്രീമിയം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹോം ഡെലിവറി ചെയ്യുന്ന പതിവ് പല ഡീലര്‍ഷിപ്പുകളും പിന്തുടര്‍ന്ന് പോരുന്നുണ്ട്. പ്രമോദ് മധ്വരാജ് സ്വന്തമാക്കിയ ഈ ബിഎംഡബ്ല്യു കാര്‍ യഥാര്‍ത്ഥത്തില്‍ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബവേറിയന്‍ ബ്രാന്‍ഡ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ വിപണിയിലെ ഏറ്റവും ചെലവേറിയ ബിഎംഡബ്ല്യു എസ്‌യുവിയാണിത്. ബിഎംഡബ്ല്യുവിന്റെ M ഡിവിഷനില്‍ നിന്നുള്ള ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയാണിത്.1970-കളുടെ അവസാനത്തില്‍ നിരത്തുകള്‍ കീഴടക്കിയ മിഡ്-എഞ്ചിന്‍ M1 സൂപ്പര്‍കാറിന് ശേഷമുള്ള രണ്ടാമത്തെ ബിഎംഡബ്ല്യു M ഒറിജിനല്‍ മോഡല്‍ കൂടിയാണ് XM.
ഡ്യുവല്‍ എല്‍ഇഡി ലൈറ്റുകളും ഡിആര്‍എല്ലുകളുമുള്ള വലിയ കിഡ്‌നി ഗ്രില്ലാണ് ഇതിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ആകര്‍ഷണം. മറ്റ് പല ബിഎംഡബ്ല്യു മോഡലുകളെയും പോലെ കിഡ്‌നി ഗ്രില്ലിന് ലൈറ്റിംഗ് ഫംഗ്ഷന്‍ ഉണ്ട്. ആകര്‍ഷകവും ഷാര്‍പ്പുമായ ഫ്രണ്ട് ബമ്പര്‍ കാറിന് സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു. XM-ന് 21 ഇഞ്ച് വീലുകളാണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 22 അല്ലെങ്കില്‍ 23 ഇഞ്ച് വീലുകളും തെരഞ്ഞെടുക്കാന്‍ സാധിക്കും.

മുന്‍വശത്തിന് സമാനമായി ഈ എസ്‌യുവിയുടെ പിന്‍ഭാഗവും ആങ്കുലാര്‍ ഷാര്‍പ്പ് ലുക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഓള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളിലെ 'L' ആകൃതിയിലുള്ള ഘടകങ്ങളും വളരെ മികച്ചതായി കാണപ്പെടുന്നു. അകത്തളങ്ങളിലേക്ക് കയറിയാല്‍ XM-ല്‍ പരിചിതമായ ഒരു ബിഎംഡബ്ല്യു ലേഔട്ട് കാണാന്‍ സാധിക്കും. വലിയ 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ക്യാബിനില്‍ കയറിയാല്‍ ആദ്യം കണ്ണിലുടക്കുക. ഡാഷ്ബോര്‍ഡില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി ഉപയോഗിക്കുന്ന 14.9 ഇഞ്ച് സ്‌ക്രീന്‍ കാണാം.
ഡ്രൈവര്‍മാരുടെ സ്റ്റൈലിന് അനുസൃതമായി കോണ്‍ഫിഗര്‍ ചെയ്യാവുന്ന റെഡ് കളറിലുള്ള ബട്ടണും ഇതില്‍ വരുന്നു. നിരവധി സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം, ADAS എന്നിവയടക്കം നിരവധി ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു XM-ന് കരുത്ത് പകരുന്നത്. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഏകദേശം 653 bhp പവറും 800 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ എസ്‌യുവിക്ക് ഇവി മോഡില്‍ 88 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. ഇതൊരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയായതിനാല്‍ ലിറ്ററിന് ഏകദേശം 62 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
വെറും 4.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് കഴിയും. കഴിയും കൂടാതെ 2WD, 4WD മോഡുകളിലും ഉപയോഗിക്കാം. 3.3 കോടി രൂപയാണ് ഇതിന്റെ വില. ഇതാദ്യമായാല്ല പ്രമോദ് കാര്‍ വാങ്ങി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് സ്വന്തമാക്കുന്ന രാഷ്ട്രീയക്കാരനെന്ന ഖ്യാതി ഇദ്ദേഹത്തിന് സ്വന്തമാണ്. 5.8 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആയിരുന്നു അദ്ദേഹം വാങ്ങിയത്.

ബ്ലൂ നിറത്തിലുള്ള ഈ റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ബോണറ്റില്‍ സില്‍വര്‍ ഫിനിഷിലായിരുന്നു വന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ തന്നെ മറ്റൊരു ബിജെപി നേതാവായ എംടിബി നാഗരാജും ബിഎംഡബ്ല്യു XM ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഇത്രയും വില കൂടിയ കാറുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








