വെറും 2 ലക്ഷത്തിന് കാര്‍ വീടാക്കി കപ്പിള്‍സ്! കൈയടിച്ചവരില്‍ സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയും
ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ വലിയ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ്. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ കൊണ്ടുവരുന്ന നൂതന ആശയങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ട്. മഹീന്ദ്ര വാഹനങ്ങളുടെ മാത്രമല്ല മറ്റ് ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ ഉപയോഗപ്രദമായ രീതിയില്‍ മോഡിഫിക്കേഷന്‍ ചെയ്ത വീഡിയോകള്‍ അടക്കം അദ്ദേഹം തന്റെ പേജുകളില്‍ ഷെയര്‍ ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ദമ്പതികള്‍ ഒരു ടൊയോട്ട ഇന്നോവ എംപിവി ഡബിള്‍ ഡെക്കര്‍ വാഹനമാക്കി രൂപാന്തരപ്പെടുത്തിയ വീഡിയോ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയാകര്‍ഷിച്ചു. അവരെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ഇന്ന് സ്വന്തം കാറുകളില്‍ ദീര്‍ഘദൂര യാത്ര പോകുന്നവരുടെ എണ്ണം വളരെ കൂടിയിരിക്കുകയാണ്. യാത്രകള്‍ക്കിടെ ഹോട്ടലുകളിലും മറ്റും തങ്ങുന്ന ചെലവ് കുറയ്ക്കാനും സേഫ്റ്റിക്കുമായി കാര്‍ തന്നെ 'വീട്' ആക്കി മാറ്റുന്നവര്‍ നിരവധിയാണ്. ചിലര്‍ ടെന്റുകള്‍ സെറ്റ് ചെയ്ത് ഔട്ട്‌ഡോറില്‍ അന്തിമയങ്ങും. അത്യാവശ്യം പണമുള്ളവരാണ് കാറില്‍ കിടന്നുറങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ 2 ലക്ഷം രൂപയ്ക്ക് കാര്‍ ഡബിള്‍ ഡക്കര്‍ ആക്കി മാറ്റിയ കര്‍ണാടക ദമ്പതികള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ ഒന്നാണ് ഇന്നോവ. ഇതിന്റെ യാത്രാസുഖത്തെ കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ ദീര്‍ഘദൂര യാത്രാലക്ഷ്യം മുന്‍നിര്‍ത്തി തങ്ങളുടെ ഇന്നോവ കാറിനെ മൊബൈല്‍ ഹോമാക്കി മാറ്റിയിരിക്കുകയാണ് കന്നഡിഗ ദമ്പതികള്‍. ഈ അതുല്യമായ പ്രവൃത്തി ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഒരു ദേശീയ മാധ്യമത്തിന് ദമ്പതികള്‍ നല്‍കിയ അഭിമുഖം ആനന്ദ് മഹീന്ദ്ര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു.
ആറ് മാസം നീണ്ടുനില്‍ക്കുന്ന റോഡ് ട്രിപ്പിന് മുന്നോടിയായാണ് ദമ്പതികള്‍ ടൊയോട്ട ഇന്നോവയെ താമസസൗകര്യമുള്ള ഒരു വാഹനമാക്കി മാറ്റിയത്. കാറിന്റെ റൂഫിന് മുകളിലാണ് കിടക്കാനുള്ള ടെന്റ് ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് കയറാന്‍ പ്രത്യേക ഗോവണിയും നല്‍കിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് വരെ കിടക്കാന്‍ പറ്റുന്ന ടെന്റില്‍ ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇരുമ്പ് ഫ്രെയിം ഉപയോഗിച്ചാണ് മുകളിലെ ലെയര്‍ തയാറാക്കിയത്. ഉപയോഗത്തിലില്ലാത്ത സമയത്ത് ഈ ടെന്റ് മടക്കിവെക്കാം.

ഇതിന് ഏകദേശം 1 ലക്ഷം രൂപയിലധികം ചെലവ് വന്നതായി കാര്‍ ഉടമ പറയുന്നു. ഇത് മാത്രമല്ല യാത്രക്കിടെ രുചികരവും ശുദ്ധവുമായ ഭക്ഷണം കഴിക്കാനായി ഇവര്‍ കാറിന്റെ പിറകില്‍ ചെറിയ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ സ്റ്റൗ, വാട്ടര്‍ ക്യാന്‍, പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അവര്‍ പിന്നില്‍ ഒരുക്കിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഗ്രോസറി സൗകര്യങ്ങളില്‍ നിന്നും പലവ്യജ്ഞനങ്ങളും പച്ചക്കറികളും വാങ്ങിയാണ് ഭക്ഷണം പാകം ചെയ്യുന്നത്.
യാത്രക്കിടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഒരു സോളാര്‍ പാനലും സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി ലാഭിക്കാനും അധിക വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. പ്രത്യേകിച്ച് ടെന്റിലെ ലൈറ്റുകള്‍ക്കും ഫാനുകള്‍ക്കും ആവശ്യമായ കറണ്ട് സോളാര്‍ വഴി നേടാം. തങ്ങളുടെ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്ന ഈ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മൊത്തം 2 ലക്ഷം രൂപയാണ് ഇവര്‍ ചെലവാക്കിയിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ദമ്പതികള്‍ ഇപ്പോള്‍ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്‌രാജിലാണുള്ളത്. ശിവരാത്രി കഴിഞ്ഞ് ഇവിടെ നിന്ന് മടങ്ങാന്‍ പദ്ധതിയിടുന്ന ദമ്പതികളുടെ വാഹനം നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മഹാ കുംഭമേളയ്ക്ക് ശേഷം അവര്‍ റോഡ് ട്രിപ്പ് പുനരാരംഭിക്കും. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാള്‍ അടക്കം സന്ദര്‍ശിച്ച് മടങ്ങിവരാനാണ് അവര്‍ പദ്ധതിയിടുന്നത്. ഇവിടെ കര്‍ണാടക സ്വദേശികള്‍ മോഡിഫൈ ചെയ്തിരിക്കുന്നത് പഴയ തലമുറ ടൊയോട്ട ഇന്നോവയാണ്.
ഇന്ത്യയില്‍ കാറുകള്‍ സഞ്ചരിക്കുന്ന വീടാക്കി മാറ്റുന്നത് ഇതാദ്യമല്ല. സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്തായി ഇത് വളരെ കൂടിയിട്ടുണ്ട്. പെട്ടിയില്‍ നിറയെ പണമുള്ളവര്‍ മികച്ച കസ്റ്റം ഷോപ്പുകളില്‍ ചെന്ന് ലക്ഷങ്ങള്‍ മുടക്കി കാര്‍ രൂപമാറ്റം നടത്തുന്നു. എന്നാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഇന്നോവ മാറ്റിയിരിക്കുകയാണ് കര്‍ണാടക സ്വദേശികള്‍. ഒത്തൊരുമിച്ച് നിന്നാല്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്ക് എന്തും സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.


Click it and Unblock the Notifications








