Ola, Uber, Rapido ഓട്ടോകള്‍ക്ക് ആശ്വാസം; 10 ശതമാനം അധിക നിരക്കില്‍ തുടരാന്‍ അനുവദിച്ച് ഹൈക്കോടതി
ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തു. ജനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുകയും പണം തട്ടുകയും ചെയ്‌തുവെന്നാരോപിച്ചാണ് ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് ഗതാഗത വകുപ്പ് നിരോധനം ഏര്‍പെടുത്തിയത്.

ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.

ഈ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നത് 2022 നവംബര്‍ 7 ലേക്ക് മാറ്റി. അതേസമയം കോടതി ഉത്തരവിനെ ഊബര്‍ സ്വാഗതം ചെയ്തു. 'ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന കോടതിയുടെ ഉത്തരവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഊബര്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് ബുക്കിംഗ് ഫീസ് ഈടാക്കാമെന്നും ഇതിനാല്‍ തിരിച്ചറിയുന്നു. ഇത് അവരുടെ ചെലവുകള്‍ വഹിക്കാനും സേവനങ്ങള്‍ തുടരാനും അനുവദിക്കുന്നു' ഊബര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്. നേരത്തെ, ഓട്ടോ അഗ്രഗേറ്റര്‍മാര്‍ കണ്‍വീനിയന്‍സ് ഫീസായി ഒരു യാത്രയ്ക്ക് 40 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

'കമ്മീഷന്‍ പരിധികള്‍ ഇ-ഹെയ്ലിംഗ് മേഖലയുടെ പ്രവര്‍ത്തനക്ഷമതക്ക് ഭീഷണിയാണ്. ഇത് ഉപജീവനത്തിനായി ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ഓട്ടോ ഡ്രൈവര്‍മാരെ ബാധിക്കുകയും ചെയ്യും' ഊബര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ബെംഗളൂരു ആസ്ഥാനമായുള്ള ബൈക്ക് ടാക്‌സി അഗ്രഗേറ്ററും ലോജിസ്റ്റിക് സേവന ദാതാവുമായ റാപിഡോ ഹര്‍ജി നല്‍കിയില്ല.

ഒക്ടോബര്‍ 6-ലെ കര്‍ണാടക ഗതാഗത വകുപ്പിന്റെ നോട്ടീസ് 2016ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റര്‍ റൂള്‍സ് അനുസരിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ഓലയുടെയും ഊബറിന്റെയും അഭിഭാഷകര്‍ വാദിച്ചു. അപ്പീല്‍ ചട്ടങ്ങളുടെ സാധുതയെക്കുറിച്ചുള്ള വിധിക്കായി കാത്തിരിക്കുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് 2016 ഡിസംബറില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നീക്കം.

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തുല്യമായ പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോള്‍ സേവനങ്ങള്‍ നല്‍കുന്നതിന് കുറഞ്ഞത് 20 ശതമാനം അധിക ചാര്‍ജുകള്‍ ആവശ്യമാണെന്ന് ഓട്ടോ അഗ്രഗേറ്റര്‍മാരെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ പറഞ്ഞു. എങ്കിലും വിഷയം പരിഹരിക്കുന്നതുവരെ യാത്രാനിരക്കില്‍ 10 ശതമാനം ഈടാക്കണമെന്ന മുന്‍ ഉത്തരവില്‍ കോടതി ഉറച്ചുനിന്നു.

റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം കമ്പനികള്‍ നല്‍കുന്ന ഓട്ടോ സര്‍വീസുകളെ 'നിയമവിരുദ്ധം' എന്ന് വിശേഷിപ്പിച്ചാണ് കര്‍ണാടക ഗതാഗത വകുപ്പ് ഒക്‌ടോബര്‍ ആറിന് ഉത്തരവിറക്കിയത്. രണ്ട് കിലോമീറ്ററില്‍ താഴെയുള്ള ദൂരത്തിന് പോലും ഓലയും ഊബറും കുറഞ്ഞത് 100 രൂപ ഈടാക്കുന്നതായി നിരവധി യാത്രക്കാര്‍ പരാതി നല്‍കിയതായി ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്. 2016-ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റേഴ്സ് റൂള്‍സ് പ്രകാരം പ്രകാരം ഈ സ്ഥാപനങ്ങള്‍ക്ക് ടാക്‌സികള്‍ മാത്രം ഓടിക്കാനാണ് ലൈസന്‍സ് നല്‍കിയതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോകള്‍ക്ക് ഇ നിയമം ബാധകമല്ല.


Click it and Unblock the Notifications