മൂഷികന് എന്ത് മക്ലാരൻ! 5 കോടിയുടെ കാർ എലി കരണ്ടതിൽ മനം നൊന്ത് ബൊളിവുഡ് താരം
പലർക്കും വാഹനങ്ങൾ എന്നത് ഒരു യാത്രാ മാർഗം മാത്രമായിരിക്കുമ്പോൾ മറ്റു ചിലർക്ക് അവ വളരെ പ്രിയപ്പെട്ട ഒരു സ്വത്താണ്. പലപ്പോഴും ആറ്റു നോറ്റാണ് ഇവർ തങ്ങളുടെ സ്വപ്ന വാഹനങ്ങൾ സ്വന്തമാക്കാറുള്ളത്. പോക്കറ്റിന്റെ ഘനം കൂടുന്നത് അനുസരിച്ച് സ്വപ്ന വാഹനത്തിന്റെ നിലവാരവും ഉയർന്നേക്കാം. എന്നാൽ ലക്ഷങ്ങൾ അല്ല കോടികൾ കൊടുത്തു സ്വന്തമാക്കിയ ഒരു സ്വപ്ന വാഹനം എലി കരണ്ടാൽ എങ്ങനെയിരിക്കും? എനിക്കാണേൽ ചങ്ക് തകരും, വാഹനപ്രേമികൾക്ക് ഒന്നടങ്കം വളരെ ഖേദകരമായിരിക്കും ഇങ്ങനെ ഒന്ന്.
അത്തരത്തിൽ വളരെ വിഷമകരമായ ഒരു കാര്യം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ കാർത്തിക് ആര്യൻ. തികഞ്ഞ ഒരു വാഹന പ്രേമി കൂടിയായ താരത്തിന്റെ മക്ലാരൻ GT -യുടെ മാറ്റ് ആണ് എലി കരണ്ട് നശിപ്പിച്ചത്. എലിക്ക് വാഹനത്തിന്റെ മാറ്റ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ എന്ന് ചോദിച്ചു പോവും.

ഭാഗ്യത്തിന് മറ്റ് വയറിംഗും സീറ്റും ഒന്നും ഈ മൂഷികൻ നശിപ്പിച്ചില്ല എന്നത് ആശ്വാസമാണ്. എന്നിരുന്നാലും ഏറെ കുറെ 4.75 കോടി രൂപയോളം വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നു എന്നാണ് കാർത്തിക് ആര്യൻ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
താൻ സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു എന്നും മക്ലാരൻ സൂപ്പർ കാറിലെ യാത്ര വളരെ ചുരുക്കമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സ്പെഷ്യൽ ഖാറിനെ ഗാരിജിൽ വളരെ സുരക്ഷിതമായി തന്നെയാണ് താരം സൂക്ഷിച്ചിരുന്നതും. എന്നാൽ എങ്ങനെയോ വാഹനത്തിനുള്ളൽ കടന്നു കയറിയ എലി വാഹനത്തിന്റെ മാറ്റ് പൂർണമായും നശിപ്പിക്കുകയായിരുന്നു.

വളരെ സുരക്ഷിതമായ നിലയിൽ സൂക്ഷിക്കപ്പെടുന്ന ഒരു സെലിബ്രിട്ടി ഗരാജിൽ ഇതാണ് ഒരു കുഞ്ഞൻ എലിക്ക് ചെയ്യാവുന്ന നാശം എങ്കിൽ നമ്മുടെയൊക്കെ കാർ പോർച്ചിൽ കിടക്കുന്ന വണ്ടികളുടെ കാര്യം എങ്ങനെയായിരിക്കും. ഇടയ്ക്ക് നമ്മുടെ വണ്ടികൾ മൊത്തത്തിൽ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് ഞങ്ങളുടെ അഭിപ്രായം.
ഇവിടെ ഈ മക്ലാരൻ പിന്നീട് പഴയ അവസ്ഥയിലേക്ക് ആക്കി എടുക്കാൻ ലക്ഷങ്ങളാണ് താരത്തിന് ചെലവാക്കേണ്ടി വന്നത്. എലി മൂലം തനിക്കു സംഭവിച്ച ദുരവസ്ഥയെ കുറിച്ച് കാർത്തിക് ആര്യൻ വളരെ നിരാശനായിരുന്നു. സൂപ്പർ ഹിറ്റായി തീയറ്ററുകളിൽ ഓടിയ ഭൂൽ ഭൂലയ്യ -2 എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാവും 'T' സീരിസിന്റെ ഉടമയുമായ ഭൂഷൺ കുമാർ, കാർത്തിക് ആര്യന് സമ്മാനിച്ചതാണ് മക്ലാരൻ GT എന്ന ഈ സുന്ദരിയെ.

ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 180 കോടിയിലേറെ രൂപയുടെ കളക്ഷനാണ്. ആ സന്തോഷത്തിൽ 2022 -ലാണ് ഭൂഷൺ കുമാർ, കാർത്തിക്കിന് ഈ വാഹനം സമ്മാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ GT എന്ന ഒരു സവിശേഷതയും ഈ വാഹനത്തിനുണ്ട് എന്നത് ശ്രദ്ധേയമാണ്.
2019 -ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സൂപ്പർ കാറിന്റെ ക്ലാസിക് ഓറഞ്ച് ഷെയ്ഡാണ് കാർത്തിക് ആര്യന്റെ ഗാരിജിൽ ഉള്ളത്. ഒരു 4.0 ലീറ്റർ V8 എൻജിനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നായ മക്ലാരൻ GT -യ്ക്ക് കരുത്ത് പകരുന്നത്.
611 bhp മാക്സ് പവറും 630 Nm പീക്ക് torque ഉം ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഗിയർ ബോക്സ് യൂണിറ്റാണ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.2 സെക്കൻഡുകൾ മാത്രം മതിയാവുന്ന ഈ സൂപ്പർ കാറിന് 327 കിലോമീറ്ററാണ് പരമാവധി വേഗ.
ഈ മക്ലാരൻ GT സൂപ്പർ കാർ കൂടാതെ ലംബോർഗിനി ഉറൂസ് ക്യാപ്സൂൾ എഡിഷൻ, പോർഷ ബോക്സ്റ്റർ, ബിഎംഡബ്ല്യു 5 സീരീസ്, മിനി കൂപ്പർ S കൺവെർട്ടബിൾ തുടങ്ങി ആഡംബരത്തിന്റെ മറുവാക്കുകൾ എന്ന് സധൈര്യം വിശേഷിപ്പിക്കാവുന്ന ഒട്ടനവധി മോഡലുകൾ കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.


Click it and Unblock the Notifications








