കാറില്‍ ചാരിയതിന് മര്‍ദ്ദനമേറ്റ കുട്ടിക്ക് 'കാര്‍ണിവല്‍' യാത്ര; വാക്ക് പാലിച്ച് ജ്വല്ലറി ഉടമ
കാറില്‍ ചാരി നിന്നതിന് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ ചവിട്ടിയ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. പരിക്കേറ്റ ആറു വയസ്സുകാരനായ ഗണേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ മലയാളി വ്യവസായി കുട്ടിക്ക് തന്റെ ആഡംബര കാറില്‍ സവാരി വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോള്‍ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് വ്യവസായിയും തിരുവനന്തപുരത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമയുമായ ടോണി വര്‍ക്കിച്ചന്‍. കഴിഞ്ഞ മാസമാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് കാറില്‍ ചാരിയതിന് 6 വയസ്സുള്ള ഇതര സംസ്ഥാനക്കാരനായ കുട്ടിയെ കാര്‍ ഉടമ ക്രൂരമായി ചവിട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലായിരുന്നു സംഭവം. ക്രൂര മര്‍ദ്ദനത്തിന്റെ സംഭവം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാര്‍ ഉടമയുടെ ക്രൂരകൃത്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

സംഭവം വൈറലായതോടെയാണ് കുട്ടിയെ മര്‍ദ്ദിച്ച പൊന്ന്യംപാല സ്വദേശിയായ ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. ശിഹ്ഷാദിനെ കേസെടുക്കാതെ പൊലീസ് വിട്ടതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കനത്തതോടെയാണ് പ്രതി അറസ്റ്റിലായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗണേഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രിയില്‍ എത്തിയാണ് വ്യവസായിയും ജ്വല്ലറി ഉടമയുമായ ടോണി വര്‍ക്കിച്ചന്‍ ഗണേഷിനെ തന്റെ കിയ കാര്‍ണിവലില്‍ സവാരി വാഗ്ദാനം ചെയ്തത്.
കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം സാമ്പത്തികമായി അവരെ സഹായിച്ച ശേഷമാണ് അവിടം വിട്ടത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് ഗണേഷിനെ കാര്‍ണിവല്‍ കാറില്‍ ടോണി വര്‍ക്കിച്ചന്‍ കോഴിക്കോട് നഗരം ചുറ്റിക്കാണിച്ചത്. ടോണി വര്‍ക്കിച്ചന്‍ കിയ കാര്‍ണിവലില്‍ സവാരിക്ക് കൊണ്ടുപോയത് രാജസ്ഥാനില്‍ നിന്നുള്ള കുടിയേറ്റ ദമ്പതികളുടെ മകനായ ഗണേഷിന് നവ്യാനുഭവമായി. ഗണേഷ് ആദ്യമായാണ് കാറില്‍ കയറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേഷിനൊപ്പം കുടുംബത്തെയും ടോണി കാര്‍ സവാരിക്ക് കൊണ്ടുപോയിരുന്നു.
ടോണി വര്‍ക്കിച്ചന്റെ ആഡംബര എംപിവിയില്‍ ഗണേഷും കുടുംബവും കോഴിക്കോട് നഗരത്തിലൂടെ മണിക്കൂറുകളോളം ചുറ്റിയടിച്ചു. സണ്‍റൂഫിന് വെളിയില്‍ വന്ന് ഗണേഷും സഹോദരനും നഗരക്കാഴ്ചകള്‍ ആസ്വദിച്ചു.'കാറില്‍ ചാരിയതിന് ആറുവയസ്സുകാരനെ യുവാവ് ക്രൂരമായി ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ആ സംഭവം ഞങ്ങളുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു' ടോണി വര്‍ക്കി പറഞ്ഞു. കാറില്‍ കയറുമ്പോള്‍ ഗണേഷിന്റെയും കുടുംബത്തിന്റെയും മുഖത്തുണ്ടായിരുന്ന സന്തോഷം വിലമതിക്കാനാകാത്തതാണെന്നും അത് തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍, ഗണേഷിനെയും കുടുംബത്തെയും കൊണ്ട് കേരളത്തില്‍ നിന്ന് അവരുടെ നാട്ടിലേക്ക് ഒരു റോഡ് ട്രിപ്പ് നടത്താന്‍ ടോണി പദ്ധതിയിട്ടിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് പ്ലാന്‍ ഉപേക്ഷിക്കേണ്ടി വന്നു. കുടുംബം മണിക്കൂറുകളോളം കാറില്‍ നഗരത്തിലൂടെ യാത്ര ചെയ്തു. ശേഷം റെസ്റ്റോറന്റുകളില്‍ കൊണ്ടുപോയി അവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി. ശേഷം അവരെ ഷോപ്പിംഗിന് കൊണ്ടുപോകാനും ജ്വല്ലറി ഉടമ മറന്നില്ല. അടുത്ത മൂന്ന് മാസത്തേക്ക് കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ടോണി വ്യക്തമാക്കി.
ഇത് യഥാര്‍ത്ഥത്തില്‍ വളരെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവമായിരുന്നുവെന്നാണ് ഗണേഷിന്റെ കുടുംബം മാധ്യമങ്ങളോട് പറയുന്നത്. 'തലശ്ശേരി സംഭവത്തിന് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ ജീവിച്ച് പോകാന്‍ പണം സമ്പാദിക്കാമെന്ന് കരുതിയാണ് ഞങ്ങള്‍ കേരളത്തില്‍ എത്തിയത്. പക്ഷേ ആ സ്ഥലം ഇപ്പോള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നു' ഗണേഷിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈ വര്‍ഷം നവംബര്‍ മൂന്നിനായിരുന്നു സംഭവം. നോ പാര്‍ക്കിംഗ് സോണില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ ടിയാഗോ കാറില്‍ ചാരി നില്‍ക്കുകയായിരുന്നു ഗണേഷ്. ഗണേഷ് തെരുവില്‍ ബലൂണുകള്‍ വില്‍ക്കാറുണ്ടായിരുന്നു.
ഗണേശ് കാറില്‍ ചാരി നില്‍ക്കുന്നത് കണ്ട കാര്‍ ഉടമ ഷിഹ്ഷാദ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഗണേഷിനെ ചവിട്ടുകയായിരുന്നു. കാര്‍ ഉടമയുടെ പെട്ടെന്നുള്ള പെരുമാറ്റത്തില്‍ കുട്ടി ഞെട്ടിപ്പോയിരുന്നു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കില്‍ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് പ്രതി തലശ്ശേരിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രതി പറയുന്നത്.
Source: Cartoq


Click it and Unblock the Notifications








