ഇന്ത്യയിലെ ആകെ 5 എണ്ണം, കേരളത്തിലെ ആദ്യത്തേത്! മലപ്പുറത്ത് സിനിമ സ്‌റ്റൈലില്‍ ബെന്റ്‌ലി ഡെലിവറി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വണ്ടിപ്രാന്തന്‍മാരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സോഷ്യല്‍ മീഡിയ ഇത്ര കണ്ട് വളര്‍ന്ന സാഹചര്യത്തില്‍ കാറുകളുടെ ഡെലിവറി പോലും സിനിമാറ്റിക്ക് ആയി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ പല വീഡിയോസും ഇന്റര്‍നെറ്റില്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ബെന്റ്‌ലി ബെന്റയ്ഗ സിഗ്‌നേച്ചര്‍ എഡിഷന്റെ ഡെലിവറി നടന്നത്. ഇന്ത്യയിലെ ബിസിനസുകാര്‍ക്കിടയില്‍ ജനപ്രിയമായ ബെന്റ്‌ലി ബെന്റയ്ഗ EWB സിഗ്‌്േനച്ചര്‍ എഡിഷന്‍ ഡെലിവറിയെടുക്കാന്‍ ഉടമ ഹെലികോപ്റ്ററിലാണ് പറന്നിറങ്ങിയത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ബിസിനസുകാരനായ പോളണ്ട് മൂസയെന്ന് അറിയപ്പെടുന്ന മൂസ ഹാജിയാണ് ഇന്ത്യയില്‍ അഞ്ചെണ്ണത്തില്‍ താഴെ മാത്രമുള്ള ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
കിംഗ് ഓഫ് പെര്‍ഫ്യൂംസ് എന്നറിയപ്പെടുന്ന മൂസ ഹാജി ഫ്രാഗ്രന്‍സ് വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ്. ആഡംബര സുഗന്ധദ്രവ്യങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണിത്. കേരളത്തിലെ പുത്തന്‍ ബെന്റ്‌ലിയുടെ ഡെലിവറി വീഡിയോ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വണ്ടിപ്രാന്തന്‍മാരുടെ പല പേജുകളും മാധ്യമങ്ങളും ഈ സിനിമാ സ്‌റ്റൈല്‍ ഡെലിവറി വാര്‍ത്തയാക്കി.

മലപ്പുറത്തെ ഒരു മണിമാളികക്ക് മുകളിലൂടെ ഒരു ഹെലികോപ്റ്റര്‍ പറന്ന് പോകുന്നതാണ് വീഡിയോയുടെ തുടക്കം. മൂസാ ഹാജിയുടെ വീട് ആണ് ഇതെന്ന് തോന്നുന്നു. പിന്നാലെ മൂസാ ഹാജി ഹെലികോപ്റ്ററില്‍ കയറി ഡെലിവറി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നു. റേഞ്ച് റോവര്‍, ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 എന്നിങ്ങനെ എണ്ണം പറഞ്ഞ കാറുകള്‍ റോഡ് മാര്‍ഗം അകമ്പടി വരുന്നുണ്ട്. മലപ്പുറത്തെ ഒരു തുറന്ന മൈതാനത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നു.
ഗ്രൗണ്ടിന്റെ ഒരു വശത്ത് നീല തുണിയില്‍ പൊതിഞ്ഞ കാര്‍ ഉണ്ട്. കാറിനടുത്തെത്തി തുണി നീക്കം ചെയ്ത ശേഷം അതുമായി പുതുതായി പണിത ദേശീയപാതയിലൂടെ മൂസാഹാജി ഓടിച്ച് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ക്വാളിറ്റി മെയ്ക്കിംഗില്‍ സിനിമാ സ്‌റ്റൈലിലായിരുന്നു ആഡംബര കാറിന്റെ ഡെലിവറി. പുതിയ ബെന്റ്‌ലി ബെന്റെയ്ഗ ആഡംബര എസ്‌യുവിയുടെ റോസ് ഗോള്‍ഡ് ഷേഡില്‍ പൂര്‍ത്തിയാക്കിയ EWB പതിപ്പാണ് മൂസാ ഹാജി വാങ്ങിയിരിക്കുന്നത്.

KL 55 AL 7777 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റും മൂസാ ഹാജി കാറിനായി സ്വന്തമാക്കിയതായാണ് വിവരം. ബെന്റ്‌ലി ബെന്റെയ്ഗ EWB പതിപ്പ് V8 പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ പരമാവധി 550 PS പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പാഡില്‍ ഷിഫ്റ്ററുകളോട് കൂടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഈ കാര്‍ വരുന്നത്. സ്‌പോര്‍ട്‌സ് മോഡും ലഭ്യമാണ്.
ലിറ്ററിന് 7.6 കിലോമീറ്ററാണ് ഇനധനക്ഷമത അവകാശപ്പെടുന്നത്. ഈ കാര്‍ വെറും 4.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 290 കിലോമീറ്ററാണ് പരമാവധി വേഗത. AWD ഡ്രൈവ്‌ട്രെയിനും കമ്പനി ഈ കാറില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഈ സിഗ്‌നേച്ചര്‍ എഡിഷന് കസ്റ്റംബില്‍ഡ് ഇന്റീരിയറും ലഭിക്കുന്നു. മൂസാ ഹാജിയുടെ കാറിന്റെ അകത്തളം ടാന്‍, ബീജ് നിറങ്ങളിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇത്രയും വില കൂടിയ കാര്‍ ആയതിനാല്‍ തന്നെ ബെന്റ്‌ലി ബെന്റേഗ നിരവധി ആഡംബര സവിശേഷതകളുമായാണ് വരുന്നത്. കാറിന്റെ EWB പതിപ്പില്‍ ഒരു എയര്‍ലൈന്‍ സീറ്റ് സ്‌പെസിഫിക്കേഷന്‍ പോലും ഉണ്ട്. യാത്രക്കാരന്റെ ശരീര താപനിലയും ഉപരിതല ഈര്‍പ്പവും മനസ്സിലാക്കുകയും അതിനനുസരിച്ച് അന്തരീക്ഷ താപനിലയും വായുപ്രവാഹവും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ക്ലൈമറ്റ് സീറ്റ് ഇതില്‍ ഉള്‍പ്പെടുന്നു.
റിയര്‍ സീറ്റ് യാത്രക്കാര്‍ക്ക് പരമാവധി സുഖസൗകര്യങ്ങള്‍ ഒരുക്കാനായി ഉദ്ദേശിച്ചിട്ടുള്ള മോഡല്‍ ആയതിനാല്‍ ബെന്റയ്ഗ EWB നിരവധി ഫീച്ചറുകള്‍ കണ്‍ട്രോള്‍ ചെയ്യാനുള്ള പ്രത്യേക ടച്ച്സ്‌ക്രീന്‍ നല്‍കുന്നുണ്ട്. റോള്‍സ് റോയ്സിനെപ്പോലെ EWB ബെന്റേഗയുടെ പിന്നിലും പവര്‍-അസിസ്റ്റഡ് ഡോറുകളുണ്ട്. റോള്‍സ് റോയ്സ് കലിനന്‍, റേഞ്ച് റോവര്‍ LWB, മെര്‍സിഡീസ് മെയ്ബാക്ക് GLS600 എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. ബെന്റയ്ഗയുടെ EWB പതിപ്പിന്റെ എക്‌സ്-ഷോറൂം വില 6 കോടി രൂപ മുതലാണ് തുടങ്ങുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








