മന്ത്രി ഉപയോഗിച്ച വാഹനം മുഖ്യമന്ത്രിക്ക്! ഇത്ര സിമ്പിളായിരുന്നോ വിഡി സതീശന്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി തകര്‍പ്പന്‍ വിജയം നേടി ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ജനഹിതം പോലെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വിഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. വാഹന മോഡിഫിക്കേഷനുകളോട് പോസിറ്റീവ് സമീപനം സ്വീകരിച്ച വിഡി സതീശന് വേണ്ടി വണ്ടിപ്രാന്തന്‍മാരില്‍ ചിലര്‍ പരസ്യമായി സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തിയിരുന്നു. യുഡിഎഫിന് അധികാരം ലഭിച്ചതിന് പിന്നാലെ വാഹന രൂപമാറ്റത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ച് പഠിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വാഹനപ്രേമികളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതാണെന്ന് അറിയാന്‍ ഏറെ പേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ ആ്യിരിക്കുമോ അതോ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കുമോ എന്നതായിരുന്നു സംശയം. എന്നാല്‍ ഇത് രണ്ടുമല്ല വിഡി സതീശന്റെ ഔദ്യോഗിക വാഹനം എന്ന് അറിയിക്കട്ടെ. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രിയുടെ കാറിന്റെ നിറം അടക്കം കറുപ്പ് ആക്കിയിരുന്നു.

എന്നാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ കറുപ്പിന് പകരം വീണ്ടും വെള്ള നിറത്തിലുള്ള കാറുകള്‍ മടങ്ങി വരികയാണ്. നാളെ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന വിഡി സതീശന്റെ യാത്രകള്‍ക്ക് കൂട്ടായുണ്ടാകുക വെള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് ആയിരിക്കും. വിഐപി സുരക്ഷയുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത കിയ കാര്‍ണിവല്‍ പൊലീസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
മന്ത്രി ഉപയോഗിച്ച വാഹനം മുഖ്യമന്ത്രിക്ക്
മുമ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉപയോഗിച്ചിരുന്ന വെളുത്ത നിറത്തിലുള്ള ഇന്നോവ ഹൈക്രോസ് കാറാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്കായി ടൂറിസം വകുപ്പ് ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും മുന്‍നിര്‍ത്തിയാണ് കറുത്ത വാഹനങ്ങളില്‍ നിന്നുള്ള ഈ മാറ്റം. ഇതോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. പൈലറ്റും എസ്‌കോര്‍ട്ടുമല്ലാതെ വാഹനവ്യൂഹത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ വേണ്ടെന്ന് വിഡിഎസ് നിര്‍ദേശം നല്‍കിയിരുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ടയുടെ വിശ്വസ്തമായ എംപിവി (MPV) നിരയിലെ ഏറ്റവും പുതിയതും അത്യാധുനികവുമായ മോഡലാണ് ഇന്നോവ ഹൈക്രോസ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍, 8 സീറ്റര്‍ ലേഔട്ടുകളില്‍ ഈ വാഹനം ലഭ്യമാണ്. 19.77 ലക്ഷം രൂപ മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് ഈ പ്രീമിയം മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
എഞ്ചിന്‍ കരുത്തും പെര്‍ഫോമന്‍സും
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ പെട്രോള്‍, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഹൈക്രോസ് വാങ്ങാം. 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ എഞ്ചിന്‍ മൊത്തത്തില്‍ 184 bhp പവറും 206 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി അത്യാധുനിക ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഹൈക്രോസില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഹൈക്രോസിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഇന്ധനക്ഷമതയാണ്. വലിയ വാഹനം ആയിരുന്നാല്‍ കൂടി ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എഞ്ചിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിന്റെ സഹായത്തോടെ ഹൈക്രോസ് ലിറ്ററിന് 23.34 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. വലിയ വിഐപി വാഹനങ്ങള്‍ക്ക് സമാനമായ കുറഞ്ഞ പ്രവര്‍ത്തനച്ചിലവ് ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
സുരക്ഷയും ആധുനിക സവിശേഷതകളും
സുരക്ഷയ്ക്കും ദീര്‍ഘദൂര വിഐപി യാത്രകള്‍ക്കും ഏറെ അനുയോജ്യമായ ഫീച്ചറുകളാണ് ഹൈക്രോസിലുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. കൂടാതെ വിശാലമായ ക്യാബിന്‍, ലെതര്‍ സീറ്റുകള്‍, മികച്ച ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ കൂടുതല്‍ ആഢംബരപൂര്‍ണമാക്കും.

നിറം മാറ്റത്തിന് പിന്നില്‍
മുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കറുത്ത നിറത്തിലുള്ള വാഹനങ്ങളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ ഇന്നോവ ഹൈക്രോസ് എത്തിയതോടെ കറുപ്പ് വാഹനങ്ങളില്‍ നിന്നുള്ള മാറ്റം പൂര്‍ണമായി. പൂര്‍ണ്ണമായും വെളുത്ത നിറത്തിലുള്ള വാഹനമാണ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ സാരഥിയാകുന്നത്. വിഡി സതീശന്‍ ഇതുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന ക്രിസ്റ്റയുടെ പകരക്കാരനാണ് ഹൈക്രോസ്.
പ്രീമിയം എംപിവിയും ക്രിസ്റ്റയെ പോലെ തന്നെ വിഐപികള്‍, ജനപ്രതിനിധികള്‍, ബിസിനസുകാര്‍ എന്നിവര്‍ക്കിടയില്‍ ഈ മോഡലിന് വലിയ സ്വീകാര്യതയുണ്ട്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച മൈലേജ് നല്‍കുന്നതിനാല്‍ പൊതുവിപണിയിലും ഇതിന് വലിയ ഡിമാന്‍ഡാണ് നിലവിലുള്ളത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ വരുന്നത്. ക്രിസ്റ്റ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിടവാങ്ങുന്നതോടെ ഹൈക്രേസിന്റെ വിലകുറഞ്ഞ ഹൈബ്രിഡ് മോഡല്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനായി കാത്തിരിപ്പാണ് എംപിവി പ്രേമികള്‍.


Click it and Unblock the Notifications