മാരുതി 800 ഒക്കെ പണ്ട്, ഡ്രൈവിംഗ് പഠനമിപ്പോള്‍ 4X4 എസ്‌യുവിയില്‍! മലയാളി പൊളിയല്ലേ...
ഡ്രൈവിംഗ് പഠിക്കുക എന്നത് ഇന്ന് ജീവിതത്തില്‍ വളരെ അത്യാവശ്യമായ കാര്യമായി മാറിയിരിക്കുകയാണ്. സ്വന്തമായി വാഹനം ഇല്ലെങ്കില്‍ പോലും ഡ്രൈവിംഗ് സ്വായത്തമാക്കി വെക്കുന്നത് എപ്പോഴെങ്കിലും ഉപകാരപ്പെടും. ഡ്രൈവിംഗ് പലര്‍ക്കും ഒരു ഹരമായതിനാല്‍ സ്വന്തം ജീവിതോപാധിയായി അത് തെരഞ്ഞെടുക്കുന്നവരും നിരവധിയാണ്. വീട്ടില്‍ സ്വന്തമായി വണ്ടിയുള്ളവര്‍ മാതാപിതാക്കളുടെയോ സഹോദരന്‍മാരുടെയോ അല്ലെങ്കില്‍ ബന്ധുക്കളുടെയോ സഹായത്തോടെ ഡ്രൈവിംഗ് പഠിക്കുന്നു. പണ്ട് കാലത്ത് ഈ സൗകര്യം ഇല്ലാത്തവര്‍ ലോക്കല്‍ ജീപ്പുകളിലും മറ്റും ക്ലീനറായി പോയായിരുന്നു ഡ്രൈവിംഗ് അഭ്യസിച്ചിരുന്നത്. എന്നാല്‍ ഇന്ന് വണ്ടി ഓടിക്കാന്‍ പഠിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉണ്ട്. ഗ്രാമങ്ങളില്‍ വരെ ഡ്രൈവിംഗ് സ്‌കൂളുകള്‍ കാണാം.
ടൂവീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍, ഹെവി വാഹനങ്ങള്‍ എന്നിവ ഓടിക്കാന്‍ ഇവിടങ്ങളില്‍ പഠിപ്പിക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ ഡ്രൈവിംഗ് അഭ്യസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് കുറഞ്ഞ വിലയുള്ള ഹാച്ച്ബാക്ക് കാറുകള്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ മാരുതി 800, ആള്‍ട്ടോ, വാഗണ്‍ആര്‍ എന്നിവ. ഇവ കൂടാതെ എസ്‌പ്രെസോ, റെനോ ക്വിഡ് തുടങ്ങിയ കാറുകള്‍ വരെ അടുത്ത കാലത്തായി ആ പട്ടികയില്‍ ഇടം നേടി.

വിലക്കുറവില്‍ വാങ്ങാം എന്നത് മാത്രമല്ല ഇതിന്റെ പരിപാലനച്ചെലവും കുറവാണ് എന്നതിനാല്‍ മാരുതി കാറുകള്‍ ആയിരുന്നു പൊതുവേ കണ്ടുവരുന്നത്. എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ എല്ലാത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ ആണെല്ലോ. കേരളത്തിലെ ഒരു ഡ്രൈവിംഗ് സ്‌കൂള്‍ 4X4 എസ്‌യുവിയില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നത് മാരുതി സുസുക്കി ജിംനി എസ്‌യുവിയാണ്.
കോട്ടയത്തെ മദര്‍ മേരി മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിന്‍േറതാണ് ഈ വാഹനം എന്നാണ് മനസ്സിലാക്കുന്നത്. തിരക്കേറിയ റോഡിലൂടെ മദര്‍ മേരി ഡ്രൈവിംഗ് സ്‌കൂളിന്റെ ബോര്‍ഡ് വെച്ച ജിംനി പോകുന്ന വീഡിയോ പിറകില്‍ നിന്നുള്ള ഒരു കാറിനകത്ത് നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോ ചിത്രീകരിക്കുമ്പോള്‍ അകത്ത് ആരെങ്കിലും വണ്ടി പഠിക്കുന്നുണ്ടോ എന്ന കാര്യവും തീര്‍ച്ചയില്ല. സാധാരണയായി ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനത്തിന്റെ മുന്നിലെ പാസഞ്ചര്‍ സീറ്റിന്റെ അടുത്ത് അധിക ക്ലച്ചും ബ്രേക്കും ഘടിപ്പിക്കാറുണ്ട്.

ഈ ജിംനിക്ക് അധിക ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി എന്തെന്നാല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉപയോഗിക്കുന്ന കാറുകള്‍ വാണിജ്യ വാഹന വിഭാഗത്തില്‍ പെടുന്നവയാണ്. അതുകൊണ്ട് അവയ്ക്ക് മഞ്ഞ നമ്പര്‍പ്ലേറ്റ് വേണം. ഈ ജിംനിയില്‍ മഞ്ഞ നമ്പര്‍പ്ലേറ്റും കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ ജിംനിയെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിച്ചതാകാനും സാധ്യതയുണ്ട്.
ഏതായാലും ഐതിഹാസിക ഓഫ്‌റോഡര്‍ എസ്‌യുവിയായ ജിപ്‌സിയുടെ പിന്‍ഗാമിയായി ജിംനി 5 ഡോര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഒരു കഴിവുറ്റ ഓഫ്‌റോഡര്‍ വാഹനമാണ് ജിംനി. ഇന്ത്യയില്‍ ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് വാങ്ങാന്‍ സാധിക്കു. 105 bhp പവറും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

മാരുതി ജിംനിയുടെ എല്ലാ വേരിയന്റുകളിലും മാരുതി സുസുക്കിയുടെ ഓള്‍ഗ്രിപ്പ്‌പ്രോ 4WD സാങ്കേതികവിദ്യ സ്റ്റാന്‍ഡേര്‍ഡ് ആണ്. മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ ലിറ്ററിന് 16.39 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്.
വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.
നിലവില്‍ 12.74 ലക്ഷം മുതല്‍ 14.79 ലക്ഷം വരെയാണ് മാരുതി ജിംനിയുടെ വില. മാരുതി സുസുക്കി ജിംനി 4X4 എസ്‌യുവിയില്‍ ആളുകള്‍ ഡ്രൈവിംഗ് പഠിക്കുന്നത് സവിശേഷമായ കാഴ്ചയാണെങ്കിലും ഇതിലും വലുത് അരങ്ങേറിയ നാട് കൂടിയാണ് കേരളം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ബിഎംഡബ്ല്യു X3 ആഡംബര എസ്‌യുവിയില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications








