ഇഷ്ടനമ്പറിന് വേണ്ടി മുടക്കിയത് 7.7 ലക്ഷം രൂപ; മുതലാളിയും വണ്ടിയും ചില്ലറക്കാരനല്ല
കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെയാണെങ്കിലും ഫാൻസി നമ്പറുകൾക്ക് വലിയ ഡിമാൻഡാണ്. പ്രത്യേകിച്ച് ഇഷ്ടനമ്പറിന് വേണ്ടി വണ്ടിയേക്കാൽ കൂടിയ വില വിളിക്കുന്ന പ്രേമികളുമുണ്ട്. പല താരങ്ങളും ശതകോടീശ്വരൻമാരായ ബിസിനസുകാരും തങ്ങളുടെ വാഹനങ്ങൾ റോഡിൽ കൂടുതൽ തിരിച്ചറിയാൻ ഈ ഫാൻസി നമ്പറുകൾ തെരഞ്ഞെടുക്കുന്നു. 7777 എന്ന ഫാൻസി നമ്പർ ലേലത്തിൽ 7.7 ലക്ഷം നൽകി സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള ഒരു ബിഎംഡബ്ല്യു i7 ഉടമ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ബിഎംഡബ്ല്യുവിന്റെ ജനപ്രിയ 7-സീരീസ് ലക്ഷ്വറി സെഡാന്റെ ഇലക്ട്രിക് പതിപ്പാണ് ബിഎംഡബ്ല്യു ഐ7. അറിയപ്പെടുന്ന പല അഭിനേതാക്കളും വ്യവസായികളും ഈ ഇലക്ട്രിക് ലക്ഷ്വറി സെഡാൻ സ്വന്തമാക്കിയിട്ടുണ്ട്. ആകെ ഏഴ് പേർ പങ്കെടുത്ത ലേലത്തിൽ എല്ലാവരും 7777 എന്ന നമ്പറിന് വേണ്ടിയാണ് പിടിമുറുക്കിയത്. ഒടുവിൽ, ഫെയർഫ്യൂച്ചർ ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ ഡോ. എസ്. രാജ് 7.70 ലക്ഷത്തിന് നമ്പർ വാങ്ങി.

അദ്ദേഹം നമ്പർ വാങ്ങിയ i7, അദ്ദേഹത്തിന്റെ ഏഴാമത്തെ കാറാണ് എന്നൊരു പ്രത്യേകതയും അതിനുണ്ട്. 7.7 ലക്ഷത്തിൻ്റെ നമ്പർ സ്വന്തമാക്കിയ വ്യക്തിയെകുറിച്ച് നിങ്ങൾ അറിഞ്ഞു, എന്നാൽ കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ ഈ നമ്പർ പ്ലേറ്റ് വയ്ക്കാന പോകുന്ന കാറിനെ കുറിച്ച് കൂടുതലറിയാം. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാഴ്ച്ചയിൽ തന്നെ അത്യാഡംബര ഫീലാണ് ഈ വൈദ്യുത വാഹനം നൽകുന്നത്.
സ്റ്റാൻഡേർഡ് 7 സീരീസിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി കാറിന്റെ ബാഡ്‌ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു iX, സെവൻ സീരീസ് എന്നിവയിൽ കാണുന്നതുപോലെയുള്ള ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഈ ഇലക്‌ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകൾ.

അകത്തേക്ക് കയറിയാൽ പിന്നെ പുറത്തിറങ്ങാൻ പോലും തോന്നാത്തത്ര ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു തങ്ങളുടെ മോഡലിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നു കൂടാതെ ഒരു ഫുൾ-വീഡ്ത്ത് ലൈറ്റ് ബാൻഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ, ആമസോൺ ഫയർ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മേൽക്കൂരയിൽ ഘടിപ്പിച്ച് മടക്കാവുന്ന 31.3 ഇഞ്ച്, 8K 'സിനിമ' സ്‌ക്രീനും i7 ഇവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും പിൻഡോറിൽ കോർത്തിണക്കിയിട്ടുണ്ട്.

101.7kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന്റെ ഹൃദയം. ഇത് 544 bhp കരുത്തിൽ പരമാവധി 745 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 591 കിലോമീറ്റർ മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് നൽകാനാവും. വെറും 0-100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് വെറും 4.7സെക്കൻഡ് മതിയാവും. എന്നാൽ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തിൽ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തിൽ 195 കിലോവാട്ട് വരെയും ചാർജ് ചെയ്യാം. 34 മിനിറ്റിനുള്ളിൽ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികൾ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഡിസി ചാർജറിലൂടെ സാധിക്കും. ഇന്നത്തെ ഇന്ധന വില പരിഗണിക്കുമ്പോൾ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നവർ എന്തുകൊണ്ടും ഇലക്‌ട്രിക് മോഡലുകൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ റേഞ്ചൊക്കെ ലഭിച്ചാൽ ദീർഘ ദൂര യാത്രകൾക്കും ഇവ അനുയോജ്യമാവും.


Click it and Unblock the Notifications