വെറുതേ അപകടം വിളിച്ചുവരുത്തരുതേ; സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പറുകൾക്ക് വിലക്ക്
കേന്ദ്രത്തിൽ നിന്നുളള നിർദേശത്തിൻ്റെ ഭാഗമായി കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പനയും നിർമ്മാണവും തടയാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഉപകരണങ്ങളുടെ വിൽപ്പനയും നിർമ്മാണവും നിയമലംഘനത്തിൻ്റെ വിഭാഗത്തിൽ പെടുമെന്ന കാരണത്താലാണ് ഇത്തരമൊരു വിധി.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ ഒന്നിന് ഉപഭോക്തൃകാര്യ വകുപ്പ് എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയത്. ഓപ്പൺ മാർക്കറ്റിൽ കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിറ്റതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള സിസിപിഎയുടെ പുതിയ നീക്കത്തിൻ്റെ ഭാഗമായിട്ടാണ് കേന്ദ്രത്തിൻ്റെ നിർദേശം.

കാറുകളിലും മറ്റ് യാത്രാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ധരിക്കാത്ത സമയത്ത് കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ അലാറം ബീപ്പുകളെ നിശബ്ദമാക്കുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റുകൾ നിർണായക സുരക്ഷാ ഘടകമായത് കൊണ്ട്, സ്റ്റോപ്പർ ക്ലിപ്പുകൾ സുരക്ഷയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർ ഈ ക്ലിപ്പുകൾ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തയ്യാറാക്കിയ 2021 ലെ ഇന്ത്യയിലെ റോഡ് അപകടങ്ങളുടെ കണക്കുകൾ പ്രകാരം, സീറ്റ് ബെൽറ്റ് ധരിക്കാത്ത റോഡപകടങ്ങളിൽ 16,397 പേരാണ് മരിച്ചിരിക്കുന്നത്. ഇതിൽ 8,438 (51.5%) ഡ്രൈവർമാരും 7,959 (48.5%) യാത്രക്കാരുമാണ്. അതുപോലെ, അപകടങ്ങളിൽ പരിക്കേറ്റ 39,231 പേർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സീറ്റ് ബെൽറ്റ് ധരിച്ചാൽ ശ്വാസം മുട്ടും, കവല വരെ പോയാൽ പോരെ എന്തിനാ സീറ്റ് ബെൽറ്റ് എന്നിങ്ങനെയുളള മുടന്തൻ ന്യാങ്ങൾ പറയുമ്പോൾ ഓർക്കണം ചിലപ്പോൾ നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക. നിങ്ങൾ മികച്ച ഒരു ഡ്രൈവറായിരിക്കാം പക്ഷേ സുരക്ഷയാണ് വലുത്. അത് നിങ്ങളുടേയും വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്നവരുടേയും. അത് കൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം.
സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം.
അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക. അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക.
സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. കഴിഞ്ഞ ദിവസം ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മന്ത്രി ഉത്തരവ് ഇറക്കിയിരുന്നു. ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്.
ഇനി ക്യാബിൻ ഇല്ലാത്ത ബസിൽ ആണെങ്കിൽ ഡ്രൈവറെങ്കിലും നിർബന്ധമായി സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. എന്തായാലും കെഎസ്ആർടിസി ബസിൽ ഇനി സീറ്റ് ബെൽറ്റ് പിടിപ്പിക്കേണ്ടി വരും. മറ്റൊരു കാര്യം എന്താണ് എന്ന് വച്ചാൽ കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത നിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ ഡ്രൈവറും മുന്നിൽ ഇരിക്കുന്ന മറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഇത് വരെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നത് കൊണ്ടാണ് നിയമം കടുപ്പിക്കാഞ്ഞത്.


Click it and Unblock the Notifications








