4.2 കോടിയുടെ ലംബോര്‍ഗിനി വാങ്ങാനെത്തിയത് തനി നാടന്‍ മലയാളി ലുക്കില്‍! ഉടമയെ തപ്പി സോഷ്യല്‍ മീഡിയ
ഇന്ത്യയില്‍ ഏറ്റവും മികച്ച വാഹന സംസ്‌കാരമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. രാജ്യത്തിന്റെ മൊത്തം കണക്കുകള്‍ക്കൊപ്പം കൊച്ചു കേരളത്തിലും ആഡംബര കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കാറുകള്‍ പണ്ട് നമ്മുടെ നിരത്തുകളില്‍ വിരളമായിരുന്നു. എന്നാല്‍ ലംബോര്‍ഗിനി തങ്ങളുടെ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ ഉറൂസ് പുറത്തിറക്കിയതോടെ സ്ഥിതി മാറി. ഇന്ന് നിരവധി മലയാളികളുടെ കൈവശം ഉറൂസ് കാണാം. ഇപ്പോള്‍ ഒരു മലയാളി മുണ്ടും ഷര്‍ട്ടുമണിഞ്ഞ് തനിനാടന്‍ ലുക്കില്‍ 4.2 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി ഉറൂസ് S ഡെലിവറിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വേള്‍ഡ് കാര്‍ സ്‌പോര്‍ട്ടര്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു സാധാരണക്കാരന് സമാനമായി സിമ്പിളായാണ് ഈ മലയാളി ലംബോര്‍ഗിനി ഡീലര്‍ഷിപ്പിലേക്ക് വന്നത്. കര്‍ണാടകയിലെ ബെംഗളൂരുവിലെ ലംബോര്‍ഗിനി ഡീലര്‍ഷിപ്പിലായിരുന്നു ഡെലിവറി. കുടുംബാംഗങ്ങളോടൊപ്പം ഡീലര്‍ഷിപ്പിലെത്തിയ ഇദ്ദേഹം പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്ത ശേഷം പുതിയ ലംബോര്‍ഗിനി ഉറൂസ് S കവര്‍ നീക്കി അനാവരണം ചെയ്തു. ശേഷം താക്കോല്‍ കൈമാറുന്നതും വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പറയുന്നില്ല. ഇദ്ദേഹം പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും കേരളത്തിലെ ഏറ്റവും പുതിയ ഉറൂസ് ഓണറെ തപ്പി നെറ്റിസണ്‍സ് ഇറങ്ങിയിട്ടുണ്ട്. റോസോ മാര്‍സ് കളര്‍ ഓപ്ഷനിലുള്ള കേരളത്തിലെ ആദ്യത്തെ ലംബോര്‍ഗിനി ഉറൂസ് S ആണ് ഇത്. നിലവില്‍ ഉറൂസ് S, ഉറൂസ് പെര്‍ഫോമന്റെ, ഉറൂസ് SE എന്നീ മോഡലുകളാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍ക്കുന്നത്.
ഇതില്‍ കസ്റ്റമൈസേഷനും ആഡംബരത്തിനും പ്രാധാന്യം നല്‍കുന്ന ഉറൂസ് S പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഉറൂസ് പെര്‍ഫോമന്റെയുടെ താഴെയാണ് വരുന്നത്. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഉറൂസ് S മോഡലില്‍ ചില്ലറ മാറ്റങ്ങള്‍ നമുക്ക് കാണാം. മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി സജ്ജീകരിച്ച എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് അതില്‍ ഒന്ന്. ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന സൗകര്യവും ഇതിനുണ്ട്.
സബ്ബിയ (സാന്‍ഡ്), നെവെ (സ്‌നോ), ടെറ (മഡ്) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓഫ്-റോഡ് മോഡുകളും ഈ വേരിയന്റില്‍ കമ്പനി നല്‍കിയിട്ടുണ്ട്. കൂളിംഗ് വെന്റുകളോട് കൂടിയ ബോണറ്റും സ്‌പോര്‍ട്ടിയറായ പുതിയ ബമ്പറും ഉറൂസ് S-ന്റെ പ്രത്യേകതയാണ്. സ്റ്റാന്‍ഡേര്‍ഡ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയുമായി വരുന്ന ഈ മോഡല്‍ അല്‍ക്കന്റാര ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി മുന്നോട്ട് വെക്കുന്നു. എന്നാല്‍ കേരളത്തിലെ ഏറ്റവും പുതിയ ഉറൂസില്‍ എന്തെങ്കിലും കസ്റ്റമൈസേഷന്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
666 PS പവറും 850 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസ് S മോഡലിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.5 സെക്കന്‍ഡിനുള്ളില്‍ ഉറൂസ് S നിശ്ചലാവസ്ഥ്യില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഇക്കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മറ്റൊരു ലംബോര്‍ഗിനി ഉറൂസും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും സമ്പന്നന മുകേഷ് അംബാനിയും കുടുംബവും പുതിയ ഉറൂസ് S വാങ്ങിയതായിരുന്ന അത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പുത്തന്‍ കാര്‍ മുംബൈ നിരത്തിലൂടെ കറങ്ങുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. വരും ദിവസങ്ങളില്‍ അംബാനി കുടംബാംഗങ്ങളെ ഈ കാറില്‍ നമുക്ക് കാണാനാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









