ലോകത്തിലെ കാഠിന്യമേറിയ മോട്ടോര്‍ റാലി റേസില്‍ ജേതാവായി മലയാളി! ഹരിത് നോഹ ചില്ലറക്കാരനല്ല!
ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മോട്ടോര്‍ റാലി റേസുകളില്‍ ഒന്നായ ഡാകര്‍ റാലിയില്‍ വെന്നിക്കൊടി പാറിച്ച് ഒരു മലയാളി പയ്യന്‍. മുമ്പ് പാരീസ് ഡാകര്‍ റാലി എന്ന് അറിയപ്പെട്ടിരുന്ന റാലി റെയ്ഡ് 2020 മുതല്‍ സൗദി അറേബ്യയില്‍ വെച്ചാണ് നടക്കുന്നത്. രണ്ട് ആഴ്ചയായി സൗദി മരുഭൂമിയില്‍ നടക്കുന്ന ഡാകര്‍ 2024 റാലി 2 ക്ലാസില്‍ വിജയിയായാണ് ഹരിത് നോഹ (Harith Noah) മലയാളികളുടെ അഭിമാനമായത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഷൊര്‍ണൂരുകാരനായ ഹരിത്. മൊത്തത്തില്‍ 11-ാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഡാകര്‍ റാലിയില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്. ടിവിഎസ് റേസിംഗ് ടീമിന്റെ ഭാഗമായാണ് ഹരിത് നോഹ ഈ വര്‍ഷം ഡാകര്‍ റാലിയുടെ റാലി 2 ക്ലാസില്‍ മാറ്റുരക്കാനിറങ്ങിയത്.

ആദ്യ ആഴ്ചയില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടത് തിരിച്ചടിയായെങ്കിലും രണ്ടാം ആഴ്ച പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ ഹരിത് മുന്നേറുകയായിരുന്നു. 48H ക്രോണോ സ്റ്റേജ് 6-ല്‍ വെച്ച് 18-ാം സ്ഥാനത്ത് നിന്ന് 13-ാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ഹരിത് അന്ന് മുതല്‍ ഐതിഹാസിക നേട്ടത്തിലേക്കുള്ള ഓരോ പടികളും കയറുകയായിരുന്നു. സ്‌റ്റേജ് 8, 10 എന്നിവയില്‍ റാലി 2-വിലെ ഏറ്റവും മികച്ച സമയം കുറിക്കാനും 30-കാരന് സാധിച്ചു.
അടുത്തിടെ രണ്ട് അപകടങ്ങളെ തരണം ചെയ്‌തെത്തിയ ഹരിതിന് പോയ വര്‍ഷം കഠിനമായിരുന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യമായിരുന്നുവെന്ന് പറയാം. മുമ്പ് ഡാകര്‍ റാലിയില്‍ 20-ാം സ്ഥാനത്തെത്തി ചരിത്രം രചിച്ച ഹരിത്. തന്റെ അഞ്ചാം ഡാകര്‍ റാലിക്ക് മുന്നോടിയായി തന്റെ സ്ഥാനം മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുമ്പ് 20-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹരിതിന്റെ പ്രകടനം തന്നെയായിരുന്നു അതുവരെയുള്ള ഒരു ഇന്ത്യക്കാരന്റെ മികച്ച പ്രകടനം.

സിഎസ് സന്തോഷിനും അരവിന്ദ് കെപിക്കും ശേഷം ഡാകര്‍ റാലി വിജയകരമായി ഫിനിഷ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായിരുന്നു ഹരിത്. ഈ വര്‍ഷം തന്റെ മുമ്പത്തെ ബെസ്റ്റില്‍ നിന്ന് ഏറെ മുന്നേറി 11-ാം സ്ഥാനത്തെത്തിയെന്ന് മാത്രമല്ല റാലി 2 ക്ലാസില്‍ വിജയം നേടാനും മലയാളി പയ്യന് സാധിച്ചു. ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരനായ റൊമെയ്ന്‍ ഡുമോണ്ടിയറിനേക്കാള്‍ നാല് മിനിറ്റ് വ്യത്യാസത്തിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ സംഘത്തെ സംബന്ധിച്ച് മറ്റൊരു നേട്ടം കൂടി ഡാകര്‍ 2024 അടയാളപ്പെടുത്തിയിരുന്നു. ഡാകര്‍ റാലിയില്‍ പോഡിയം ഫിനിഷിംഗ് നേടുന്ന ആദ്യ ഇന്ത്യന്‍ ടീമായി ഹീറോ മാറിയത് ഇന്ത്യന്‍ സംഘത്തിന് ഇരട്ടി ആഘോഷത്തിന് വകയായി. ഹീറോ മോട്ടോസ്പോര്‍ട്സിന്റെ റോസ് ബ്രാഞ്ചിന് മൊത്തത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. പരിചയസമ്പന്നരായ മത്സരാര്‍ത്ഥികള്‍ക്ക് മാത്രമാണ് റാലി ജിപി ക്ലാസില്‍ മാറ്റുരക്കാന്‍ സാധിക്കുന്നത്.

ഈ ക്ലാസിലെ എല്ലാ റൈഡര്‍മാരെയും അവരുടെ സ്‌പോര്‍ടിംഗ് എക്‌സ്പീരിയന്‍സിന് അനുസൃതമായി FIM ചാമ്പ്യന്‍ഷിപ്പ് കമ്മിറ്റി അംഗീകരിക്കണം. അതേസമയം റാലിജിപി റൈഡേഴ്സ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാവര്‍ക്കും റാലി 2 ക്ലാസില്‍ മത്സരിക്കാം. ഹരിത് നോഹയെ കുറിച്ച് പറയുമ്പോള്‍ ബിസിനസുകാരനായ മുഹമ്മദ് റാഫി കൊയ്തവീട്ടില്‍-സൂസന്ന ദമ്പതികളുടെ മകനാണ് ഈ പ്രഫഷനല്‍ മോട്ടോസ്‌പോര്‍ട്‌സ് അത്‌ലറ്റ്.
ജര്‍മനിക്കാരിയാണ് ഹരിതിന്റെ മാതാവ്. ഏഴാം ക്ലാസ് വരെ വാണിയംകുളം കെവിആര്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌പോര്‍ട്‌സ് സയന്‍സില്‍ ബിരുദം നേടിയ താരം തന്റെ 16-ാം വയസില്‍ ലോക്കല്‍ ഡേര്‍ട്ട് ട്രാക്കിലിറങ്ങിയാണ് റേസിംഗില്‍ പിച്ചവെച്ച് തുടങ്ങിയത്. 2011-ല്‍ നാഷനല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ഹരിത്തിനെ ടിവിഎസ് ഫാക്ടറി റേസിംഗ് തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു.
ഹരിത് 2011, 2012, 2014, 2017, 2018 വര്‍ഷങ്ങളിലും ഇന്ത്യന്‍ നാഷനല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യനായിരുന്നു. 2018 മുതല്‍ ക്രോസ് കണ്‍ട്രി റാലികളില്‍ പങ്കെടുത്ത് തുടങ്ങിയ ഹരിത് 2020-ല്‍ ആദ്യമായി ഡാകര്‍ റാലിയില്‍ മാറ്റുരച്ചു. അന്ന് ഡാകര്‍ എക്‌സ്പീരിയന്‍സ് കാറ്റഗറിയില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചു. 2021-ല്‍ ഡാകര്‍ റാലി പൂര്‍ത്തിയാക്കി ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ 20-ല്‍ ഫിനിഷ് ചെയ്യുന്ന ആദ്യത്തെ ക്രോസ് കണ്‍ട്രി റാലി റെയ്ഡ് അത്ലറ്റായി മാറി.
2021-ല്‍ 19-ാം സ്ഥാനവും 2022-ല്‍ സ്വന്തം സ്ഥാനം മെച്ചപ്പെടുത്തി 18-ലും ഫിനിഷ് ചെയ്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ റൈഡറായി. 2022-ല്‍ സ്‌റ്റേജ്-9 നടക്കുന്നതിനിടെ പരിക്കേറ്റ താരം എക്‌സ്പീരിയന്‍സ് ക്ലാസിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം പരിക്കേറ്റ താരം മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷമാണ് ട്രാക്കില്‍ മടങ്ങിയെത്തിയത്.
തന്റെ അഞ്ചാം ഡാകര്‍ റാലിക്ക് മുന്നോടിയായി റെഡ്ബുള്‍ അത്‌ലറ്റ് പെര്‍ഫോമന്‍സ് സെന്ററിലും യുഎസിലുമായി പരിശീലനം പൂര്‍ത്തിയാക്കി. ഏതായാലും ഇന്ത്യയില്‍ പ്രഫഷനല്‍ മോട്ടോര്‍സ്‌പോര്‍ട് അത്‌ലറ്റാകാന്‍ കൊതിക്കുന്ന നിരവധിയാളുകള്‍ക്ക് പ്രചോദനമായി മാറും ഡാകര്‍ റാലിയിലെ ഹരിതിന്റെ വിജയം. പ്രത്യേകിച്ചും വണ്ടിപ്രാന്തന്‍മാര്‍ ഏറെയുള്ള കേരളത്തില്‍ മോട്ടോസ്‌പോര്‍ട്‌സിന് വേരൂന്നാന്‍ ഷൊര്‍ണൂരുകാരന്റെ വിജയം കൊണ്ട് സാധിക്കട്ടെ.


Click it and Unblock the Notifications








